കൊറോണാസുരന്‍

2019നെ വെറും ഓര്‍മ മാത്രമാക്കി 2020 കടന്നുവന്നു. കാണാന്‍ നല്ല രസമുള്ള സംഖ്യ.  ലോകം ആ വര്‍ഷത്തെ വളരെ സന്തോഷത്തോടു കൂടി തന്നെ വരവേറ്റു. സിഡ്നി ഓപ്പറ ഹൌസ്സില്‍ അന്ന് പാതിരാത്രി എല്ലാവര്‍ഷത്തേക്കാളും ഉപരി ഒരു മഹോല്‍സവമായിട്ടായിരുന്നു ആഘോഷങ്ങള്‍. ലോകത്ത് പുതുവല്‍സരം ആദ്യം ദര്‍ശിക്കാന്‍ കഴിയുന്നത് അവര്‍ക്കാണല്ലോ. അതിന്‍റെ ഒരഹങ്കാരം കൂടിയുണ്ടായിരുന്നു അവര്‍ക്ക്. ജീവിതം സോഷ്യല്‍ മീഡിയയില്‍ ഒതുക്കുന്ന ലോകസമൂഹത്തിന് ഇന്ന് ആഘോഷങ്ങള്‍ക്കൊക്കെ പുതിയ ഒരു വീര്യമാണ്. ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയായില്‍ ഇടുവാനുള്ള വ്യഗ്രത. അതുകൊണ്ടു തന്നെ മില്ലേനിയം ഇയര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന 2000 ആണ്ട്  പിറവിയെ പോലും നിഷ്പ്രഭമാക്കുന്ന ആഘോഷങ്ങളായിരുന്നു അന്ന് സിഡ്നിയില്‍.

ടെലിവിഷനില്‍ പുതുവര്‍ഷത്തിന്റെ പ്രവചനങ്ങളുമായി ജോല്‍സ്യര്‍ തമ്മില്‍ മല്‍സരമായിരുന്നു. അതിലൊരുവന്‍ പറഞ്ഞു, “ഈ വര്‍ഷം എല്ലാ നാളുകാര്‍ക്കും വളരെ നല്ല ഫലങ്ങളാണ് കാണുന്നത്, പ്രത്യേകിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ”. വേറൊരുവന്‍ പറഞ്ഞത്, വരാന്‍ പോകുന്ന പകര്‍ച്ചവ്യാ ധിയെ കുറിച്ചായിരുന്നു. അയാളുടെ പ്രവചനം ആര്‍ക്കും കേള്‍ക്കേണ്ട, നല്ലത് മാത്രമേ ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടു. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുന്ന കാലാവസ്ഥ പ്രവചനം പോലെയാണ് മിക്ക ജോല്‍സ്യരും. നല്ലതും ചീത്തയും കൂട്ടിക്കുഴച്ചുള്ള ഒരു പ്രവചനം. ഏതു വിധേനയും വ്യാഖ്യാനിക്കാന്‍ കഴിയും വിധത്തില്‍.

ജോധ്പൂരില്‍ അന്നയാള്‍ പോയത് ജോലിയാവശ്യത്തിനായിരുന്നു. റെയില്‍വേ ക്യാറ്ററിങ് കോണ്ട്രാക്ട്ടറായിരുന്ന അയാള്‍ ജോധ്പൂര്‍ കൊച്ചുവേളി എക്സ്പ്രെസ്സ് വണ്ടിയിലാണ് അവിടെയെത്തിയത്. ഒരുദിവസം കഴിഞ്ഞെ വണ്ടി തിരിച്ച് കൊച്ചുവേളിയിലേക്ക് യാത്രയാവു. അതുകൊണ്ട് ജോധ്പൂര്‍ കറങ്ങാന്‍ ഇറങ്ങിയതാണ് അയാള്‍. അങ്ങനെയാണ് മണ്ഡോര്‍ എന്ന സ്ഥലത്തെ പ്രഖ്യാതമായ രാവണക്ഷേത്രത്തില്‍ അയാള്‍ എത്തിപ്പെട്ടത്. കൊമ്പന്‍ മീശ വെച്ച്  തനി നാടന്‍ വേഷത്തില്‍ അവിടെയെത്തിപ്പെട്ട, കുടവയറുള്ള അയാളെ കണ്ട് പലരും രാവണനാണോ എന്നു തെറ്റിദ്ധരിച്ചോ എന്ന് സംശയം. “രാവണാസുര്‍”, എന്നേതോ ഹിന്ദിക്കാരന്‍ വിളിച്ചതായി  അയാള്‍ക്ക് തോന്നി.

തിരിഞ്ഞു നോക്കിയ അയാള്‍ കണ്ടത് ഒരു കൂട്ടം സ്ത്രീകളെയാണ്. ഇവരിലാരാണവോ തന്നെ പുരുഷസ്വരത്തില്‍ രാവണാസുരനെന്ന് വിളിച്ചതെന്ന് അയാള്‍ക്ക് ചിന്തിച്ചിട്ട് ഒട്ടും മനസ്സിലായില്ല. വീണ്ടും വിളികേട്ടപ്പോള്‍ മനസ്സിലായി അവര്‍ സ്ത്രീകളല്ല, ഭിന്നലിങ്കക്കാരാണെന്ന്. ചെറുപ്പക്കാരായ ആണുങ്ങളെയും, കുട്ടികളുമായി വരുന്ന സ്ത്രീകളെയും ലാക്കാക്കി നില്‍ക്കുന്നവര്‍. അവഹേളനം ഭയന്ന് അവര്‍ നീട്ടിക്കൊടുക്കുന്ന പൈസകൊണ്ട് ജീവിക്കുന്നവര്‍. അങ്ങിനെ ബാക്കിയുള്ളവരെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും ജീവിക്കുന്നവര്‍, ദിഗ്വിജയിയും, പണ്ഡിതശ്രേഷ്ഠനും, ത്രിലോകജ്ണാനിയുമായ രാവണനെ അസുരനെന്ന് വിളിക്കുന്നു. വിധി വൈപരീദ്ധ്യം എന്നല്ലാതെ എന്തു പറയാന്‍. ക്ഷേത്രത്തില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ രാവണന്‍ മാത്രമായിരുന്നു.

ജോധ്പൂര്‍ കോട്ട എല്ലാ വര്‍ഷവും ആകര്‍ഷിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം വളരെയധികമാണ്. ഇന്ത്യയുടെ ഫോറിന്‍ ടൂറിസ്റ്റുകളില്‍ സിംഹഭാഗവും ആകര്‍ഷിക്കുന്ന രാജസ്ഥാന്‍റെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ ഒന്ന്. ജോധ്പൂരിലെ പ്രമുഖ ഹോട്ടലുകളില്‍ ഒന്നാണ് ഹില്‍ട്ടന്‍. റെയില്‍വെയുടെ കാറ്ററിങ് ജോലി മാത്രമല്ല, അയാള്‍ ആഴ്ചയില്‍ കിട്ടുന്ന രണ്ടോ മൂന്നോ ദിവസങ്ങളില്‍ ദിവസവേതനത്തില്‍ അവിടെ റൂംബോയ് ആയും ജോലി ചെയ്യാറുണ്ട്. നിത്യവൃത്തിക്ക് ഒരാശ്വാസം, അത്രയേ അയാള്‍ ഉദ്ധേശിച്ചിരുന്നുള്ളൂ.

അന്ന് ഹോട്ടലില്‍ ദിവസവേതനം വളരെ കൂടുതല്‍ ആയിരുന്നു. ചില തിരക്കുള്ള ദിവസങ്ങളില്‍ അത് പതിവാണ്. ആവശ്യത്തിന് ആളുകള്‍ പാചകക്കാരായും, വെയ്റ്റര്‍മാരായും, റൂംബോയ്കളായും ലഭ്യമാവാനുള്ള വിദ്യ. “അന്നും എന്തെങ്കിലും വലിയ കല്യാണമോ, വി ഐ പി പാര്‍ട്ടിയോ, അല്ലെങ്കില്‍ ഏതെങ്കിലും സമ്മേളനമോ ആയിരിക്കും”, അയാള്‍ വിചാരിച്ചു. രാവണനെ കുറിച്ചുള്ള ചിന്തകള്‍ മാറ്റിവച്ച് അയാള്‍ തിടുക്കത്തില്‍ ഹോട്ടലിലേക്ക്  യാത്രയായി.

ആഡംബരതയുടെ മൂര്‍ത്തിമത്തായ രൂപമായിരുന്നു ആ ഹോട്ടല്‍. ഇരുപത്നിലകളുള്ള പറുദീസ. ജോധ്പൂരിന്റെ ആകാശസീമകളില്‍ മറ്റൊരു കോട്ട പോലെ, അടുത്തുള്ള കെട്ടിടങ്ങളെയെല്ലാം തന്നെ നിഷ്പ്രഭമാക്കി കൊണ്ട് ആ ഹോട്ടല്‍ തലയുയര്‍ത്തി നിന്നു. അവിടെ കേറിച്ചെല്ലുന്ന സാധാരണക്കാരന് അപകര്‍ഷണാബോധം തോന്നിയില്ലെങ്കിലെ അതിശയിക്കാനുള്ളു.

തുടക്കത്തില്‍ പണത്തിന്റെ ഈ മാസ്മരികത അയാളെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. എന്നാല്‍ കാലക്രമേണ ഇത് വെറും പൊയ്മുഖങ്ങളാണെന്നും യഥാര്‍ത്ഥ ജീവിതസൌഖ്യം സാധാരണക്കാരിലാണെന്നുമുള്ള സത്യം അയാള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ അന്ന് ലോകത്തിലെക്കേറ്റവും വലിയ ലിക്വിഡ് സോപ്പ് നിര്‍മാണകമ്പനിയുടെ കോടികള്‍ ചിലവാക്കിയുള്ള സെയില്‍സ് കോണ്‍ഫറണ്‍സ് സംബന്ധമായ ആഡംബരപാര്‍ട്ടി കണ്ടപ്പോള്‍ അയാള്‍ക്ക് തെല്ലും അദ്ഭുദം തോന്നിയില്ല. കുളം എത്ര കൊക്കിനെ കണ്ടിരിക്കുന്നു, അയാള്‍ ആ മലയാളം ചൊല്ല് ഓര്‍ത്തുപോയി കാണും.

പാട്ടും, കൂത്തും, മദ്യവും, മദിരാക്ഷിയും എല്ലാം തന്നെയുണ്ടായിരുന്ന ആഘോഷങ്ങള്‍ പാതി രാത്രി കഴിഞ്ഞും തുടര്‍ന്നു. ജോലി തീര്‍ത്തു വീട്ടില്‍ പോകുവാന്‍ കാത്തിരുന്ന ജീവനക്കാര്‍ അക്ഷമരായി തുടങ്ങി. തുടക്കം മുതല്‍ ആതിഥേയരെ പോലെ തിളങ്ങിനിന്നിരുന്ന ഒരു മാംഗോളിയന്‍ വംശജനും മറ്റൊരു അറേബ്യന്‍ വംശജനും പാതിരാത്രിക്ക് മുന്‍പുതന്നെ തിരിച്ചു റൂമിലേക്ക് തിടുക്കത്തില്‍ പോകുന്നത് അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. പാര്‍ട്ടി കഴിയുന്നതിന് മുന്‍പുതന്നെ ആതിഥേയര്‍ തിരോധാനം ചെയ്യുന്നത് അസ്വാഭാവികം തന്നെയായിരുന്നു.

സ്ഥിരക്കാരായ റൂംബോയ്കള്‍ എല്ലാം തന്നെ പാര്‍ട്ടി സല്‍ക്കാരത്തില്‍ വ്യാപൃതരായിരുന്നു. അവിടെയാകുമ്പോള്‍ അവര്‍ക്ക് രൊക്കമായി വലിയൊരു സംഖ്യ ടിപ്പ് ആയി ലഭിക്കും. മുറികളില്‍ താമസിക്കുന്നവര്‍ സായിപ്പന്‍മാര്‍ ആണെങ്കില്‍ മാത്രമേ നല്ല ടിപ്പ് കൊടുക്കാറുള്ളു. ഏഷ്യക്കാര്‍ ടിപ്പ് കൊടുക്കുന്നതില്‍ പൊതുവെ ലുബ്ദ് കാണിക്കുന്നവരാണെന്നാണ് റൂംബോയ്കളുടെ ഭാഷ്യം.

നാല് കുപ്പി റൈസ് ബിയര്‍, രണ്ടു പ്ലെയ്റ്റ് പാമ്പിറച്ചി, ഒരു ലിറ്റര്‍ തണുപ്പിച്ച ഒട്ടകപ്പാല്‍, ചിക്കന്‍ ബാര്‍ബിക്യൂ, പിന്നെ കുറെ സിഗരറ്റ് പാക്കറ്റും. റൂം സര്‍വീസ് ഓര്‍ഡെറെടുത്ത അയാള്‍ക്ക് വിഭവങ്ങള്‍ കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. “ഇവരൊക്കെ മനുഷ്യര്‍ തന്നെയാണോ?”, അയാള്‍ ഒരു നിമിഷം ചിന്തിച്ചു പോയി.

അങ്ങനെ പതിവായി ആളുകള്‍ ആവശ്യപ്പെടുന്ന ഭക്ഷണവിഭവങ്ങള്‍ അല്ലാത്തതുക്കൊണ്ട്, ഷെഫുകള്‍ കൂടുതല്‍ സമയം അത് പാകം ചെയ്യുവാന്‍ എടുത്തിരുന്നു. അതിനിടയില്‍ രണ്ടോ മൂന്നോ തവണ അവര്‍ മാറി മാറി റൂം സര്‍വീസ് നമ്പറില്‍ വിളിക്കുകയും ഭക്ഷണം വൈകുന്നതില്‍ ചീത്ത വിളിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് അയാള്‍ ഭക്ഷണവും ബിയറുമായി അവരുടെ മുറിയിലേക്ക് പോയത്.

മുറിയിലെത്തിയ അയാള്‍ അവിടെ മൂന്നാമതൊരാളെ കൂടി അപ്രതീക്ഷിതമായി കണ്ട് ഒന്ന് പതറിപ്പോയി. ഒരു സായിപ്പ്, ചുരുട്ട് പുകച്ചുക്കൊണ്ട് ലാപ്ടോപ്പില്‍ എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു.  റൂംബോയെ കണ്ടപ്പാടെ, അറബി, ഇന്ത്യക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന വിധത്തില്‍ ഇംഗ്ലിഷില്‍ എന്തൊക്കെയോ പുലമ്പി. ഭക്ഷണം വൈകിയെത്തിയതിന്റെ അമര്‍ഷമായിരിക്കുമെന്ന് കരുതി അയാള്‍ അത് കാര്യമായെടുത്തില്ല. ബിയര്‍ ഒഴിച്ചുകൊടുത്ത്, ഭക്ഷണം വിളമ്പിയ ശേഷം അയാള്‍ ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വോഡ്കകുപ്പി നുകഞ്ഞുകൊണ്ടിരുന്ന സായിപ്പ് റഷ്യന്‍ ഭാഷയില്‍ മാംഗോളിയന്‍ വംശജനോട് അത് പറഞ്ഞത്.

വര്‍ക്കല ബീച്ചില്‍ റഷ്യക്കാരുമായി ദിവസേന ഇടപഴകിയിരുന്ന പഴയ ബാര്‍ ജീവനക്കാരന് ആ ഭാഷ നല്ല വശമായിരുന്നു. “ഈയൊരു വൈറസ് ലോകത്തെ കീഴ്മേല്‍ മറിക്കും. സോപ്പ് കമ്പനിയുടെ വില്പന കുത്തനെയായിരിക്കും വര്‍ദ്ധിക്കുന്നത്. അവര്‍ നമുക്ക് ഇത് വികസിപ്പിക്കാന്‍ തന്നിരുന്ന എഴുപതു മില്യണ്‍ ഡോളറിന് പകരം അവര്‍ക്ക് ലഭിക്കുവാന്‍ പോകുന്നത് അതിന്‍റെ ആയിരം ഇരട്ടിയാണ്”. സായിപ്പ്, അറച്ചു നില്‍ക്കുന്ന അയാളെ കണ്ട് സംസാരം നിറുത്തി. ടിപ്പ് പ്രതീക്ഷിച്ചു നില്‍ക്കുകയാണെന്ന് കരുതി, നാണമില്ലാത്ത ഇന്ത്യക്കാര്‍ എന്ന് ഇംഗ്ലിഷില്‍ പറഞ്ഞ്,  അറബി ഒരഞ്ഞൂറിന്റെ നോട്ട് അയാളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. ഒരു വളിഞ്ഞ ചിരിയോടെ അയാള്‍ ആ നോട്ടെടുത്ത് പുറത്തേക്ക് നടന്നു.

സമയം രാത്രി സുമാര്‍ രണ്ട് മണിയോടടുത്തിരുന്നു. പാര്‍ട്ടിയും പരിവാരവും എല്ലാം തീര്‍ന്ന് ഹോട്ടലും പരിസരവും നിദ്രയിലാണ്ടിരുന്നു. കഴിഞ്ഞു പോയ ദീപാവലി ആഘോഷങ്ങളുടെ ബാക്കിയായി നഗരമെങ്ങും ഇലക്ട്രിക് ബള്‍ബുകളുടെ ഒരുവന്‍ സന്നാഹമായിരുന്നു. രാത്രിയായിരുന്നിട്ടും ജോധ്പൂര്‍ നഗരം പലതരം വെളിച്ചത്തില്‍ തിളങ്ങി നിന്നു.

ആ സമയം, ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഹാരിസണ്‍ മൂര്‍ തന്‍റെ കീഴുദ്യോഗസ്ഥനും മലയാളിയുമായ ജേക്കബ് കുര്യന്‍ കൊണ്ടുവന്ന കപ്പയും മീന്‍ക്കറിയും ആസ്വദിക്കുകയായിരുന്നു. കേരളത്തില്‍ ഒരിക്കല്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ്, മൂറിന് കേരള വിഭവങ്ങളോട് കൊതി തോന്നി തുടങ്ങിയത്. അതിനു ശേഷം സുഹൃത്ത് കൂടിയായ കുര്യനോട് ചോദിച്ച് കേരള വിഭവങ്ങള്‍ ഉണ്ടാക്കിക്കും. രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്‍റര്‍പോളിന്റെ തലവനാണ് ആ ബ്രിട്ടീഷുകാരന്‍ എന്ന് ആ കപ്പ കഴിക്കുന്നവനെ കണ്ടാല്‍ ലവലേശം തോന്നുകയില്ല. ഫ്രാന്‍സിന്‍റെ ലിയോണ്‍ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത്, ഇന്‍റര്‍പോള്‍ ആസ്ഥാനത്തിന്റെ ഇരുപതാം നിലയില്‍ തന്‍റെ മേലുദ്യോഗസ്ഥന് മീന്‍കറി വെച്ചു വിളമ്പുന്നവന്‍ ഇന്ത്യന്‍ പ്രസിഡെന്‍റിന്റെ മെഡല്‍ ലഭിച്ച ഐ‌പി‌എസ് ഉദ്യോഗസ്ഥനും ഇന്‍റര്‍പോളിന്‍റെ ഏഷ്യന്‍ വിഭാഗത്തിന്‍റെ തലവനും ആയിരുന്നു.

ആ സമയത്ത് ഇന്ത്യയില്‍ നിന്നൊരു ഫോണ്‍കോള്‍ കുര്യന്‍ പ്രതീക്ഷച്ചതേയില്ല. അല്ലെങ്കില്‍ തന്നെ, ബോസ്സിനെ തൃപ്തിപ്പെടുത്തുവാന്‍ ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തത്തില്‍  തന്നെ ശല്യപ്പെടുത്തുന്ന ഫോണ്‍കോളുകള്‍ ആരാണ് ഇഷ്ടപ്പെടുക? എന്നാല്‍ ആ ഫോണ്‍ കോള്‍ അങ്ങനെയായിരുന്നില്ല.

കുര്യന്‍റെ വിശ്വസ്തനും, ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയിലെ സീനിയര്‍ ഇന്‍സ്പെക്ടറുമായ ശിവന്‍കുട്ടിയുടേതായിരുന്നു ആ ഫോണ്‍ കോള്‍. ഇന്‍റര്‍പോളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ സഹായഹസ്തമായിരുന്നു ശിവന്‍കുട്ടി. കുര്യന്‍റെ മുഖത്തെ അങ്കലാപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു, മുഖലക്ഷണം നൊടിയിടയില്‍ വായിച്ചറിയാന്‍ കഴിവുള്ള മൂര്‍, ഫോണ്‍ എടുക്കുവാന്‍ ആംഗ്യം കാണിച്ചത്.

സോപ്പ് കുമിളകളാല്‍ നശിച്ചുപോകുന്ന ഒരു രോഗാണുവിനെ കൃത്രിമമായി ശൃഷ്ഠിച്ചെടുക്കുവാന്‍ സോപ്പ് നിര്‍മിക്കുന്ന ഒരു കമ്പനി ഏഴ് കോടി ഡോളര്‍ മുടക്കിയിട്ടുണ്ടെന്ന് ഇന്‍റര്‍പോളിന് വളരെ മുമ്പുതന്നെ വിവരം ലഭിച്ചിരുന്നു. ആ രോഗാണു നിമിത്തം ലോകത്താകെ പെട്ടെന്ന് ഭയപ്പാട് ഉണ്ടാക്കിയെടുക്കുവാന്‍ സ്വാഭാവികമായും അവര്‍ തിരഞ്ഞെടുത്തത്, ലോകത്തേറ്റവും ജനസാന്ദ്രതയുള്ള ഭാരതത്തെ ആയിരുന്നു. ജോധ്പൂരില്‍ കോണ്‍ഫെറെന്‍സ് നടത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഈ കമ്പനിയെ ഇന്‍റര്‍പോള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

ശിവന്‍ക്കുട്ടിയില്‍ നിന്നും അറിഞ്ഞ വാര്‍ത്തകള്‍ പക്ഷെ, മൂറിനെയും കുര്യനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടയില്‍ ശിവന്‍കുട്ടി ആ മുറിയിലുള്ള തീന്‍മേശക്ക് താഴെ തന്‍റെ ചൂയിങ് ഗം ഒട്ടിച്ചു വച്ചിരുന്നു. അതിനുള്ളില്‍ അത്യാധുനിക ശ്രവണശേഷിയുള്ള മൈക്രോ ഫോണ്‍ ആണുണ്ടായിരുന്നത്.

ഒട്ടകപ്പാല്‍ കുടിച്ചിരുന്ന അറബി അന്താരാഷ്ട്രതലത്തില്‍ ആയുധ കച്ചവടം നടത്തുന്നവന്‍ ആയിരുന്നു. രോഗാണു മൂലം പൊറുതി മുട്ടാന്‍ പോകുന്ന പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിന് ആയുധം എത്തിച്ചുക്കൊടുക്കുക എന്നതായിരുന്നു അയാളുടെ ദൌത്യം. അതിന് അയാള്‍ക്ക് ലഭിക്കാന്‍ പോകുന്നതോ, കോടിക്കണക്കിനു ഡോളറും. എന്നാല്‍ ഇതില്‍ സോപ്പ് കമ്പനിക്ക് എന്ത് ലാഭം എന്ന ചോദ്യത്തിന് മൂറിനോ കുര്യനോ ഉത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനുത്തരം ശിവന്‍കുട്ടിയുടെ അടുക്കല്‍ ഉണ്ടായിരുന്നു താനും.

പാശ്ചാത്യരാജ്യങ്ങളില്‍ അനാസ്ഥ സൃഷ്ടിച്ച്, അവിടെയുള്ള തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച്, അവിടെ തങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു സായിപ്പിന്‍റെയും മംഗോളിയന്‍റെയും ഉദേശ്യം എന്നത് വ്യക്തമായിരുന്നു. ശിവന്‍കുട്ടി വിവരിച്ചതനുസരിച്ച്, അവര്‍ അത് ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും വളരെ വ്യക്തമായിരുന്നു. കേവലം ഒരു സോപ്പ് കമ്പനിക്ക് ഏഴ് കോടി ഡോളര്‍ എങ്ങനെ ഇത്ര ലാഘവത്തോടെ ചിലവാക്കാന്‍ കഴിയുന്നു എന്ന മൂറിന്‍റെ ശങ്കക്കും  അങ്ങനെ ശമനമുണ്ടായി.

“ഈ വിപത്തിനെ എങ്ങനെ തടുക്കും?”, മൂര്‍ ചിന്താകുലനായി. എന്തോ ഓര്‍ത്തെടുത്തതു പോലെ, ഉടന്‍ ഫോണ്‍ കൈയ്യിലെടുത്ത് അദ്ദേഹം ഒരു നമ്പര്‍ വിളിച്ചു. ‘വാഷിംഗ്ടന്‍ ഡി സി ഹോട്ട് ലൈന്‍’, അദേഹത്തിന്‍റെ ഫോണിന്‍റെ സ്ക്രീനില്‍ അത് മിന്നി മറയുന്നത് കുര്യന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുര്യന്‍റെ ഫോണില്‍, സ്പീക്കറില്‍ ശിവന്‍കുട്ടി ലൈനില്‍ തന്നെയുണ്ടെന്ന് ഓര്‍മ്മിച്ച മൂര്‍, അയാളോട് ഇംഗ്ലിഷില്‍ ചോദിച്ചു “ ഡു ദേ ഹാവ് എ നെയിം ഫോര്‍ ദാറ്റ് വൈറസ് ?”.

ശിവന്‍കുട്ടി ഒന്നു പകച്ചു. “ എന്തു പറയും? , അറിയില്ലെന്ന് പറഞ്ഞാല്‍ കുറിച്ചിലാവില്ലെ?” അയാള്‍ തലപ്പുകഞ്ഞു ആലോചിച്ചു. രാവിലത്തെ രാവണന്‍റെ ചിന്തകള്‍ മുഴുവനും അയാളെ വിട്ടകന്നിരുന്നില്ല. അയാള്‍ ഉടനെ ഫോണില്‍   തട്ടിവിട്ടു, “രാവണാസുരന്‍”. നല്ല മലയാളച്ചുവയില്‍ സംസാരിക്കുന്ന ശിവന്‍കുട്ടിയുടെ വാക്കുകളുണ്ടോ ബ്രിട്ടീഷുക്കാരന് തിരിയുന്നു.

അപ്പോഴേക്കും ഹോട്ട് ലൈനില്‍ സംസാരം തുടങ്ങികഴിഞ്ഞ മൂര്‍, അറ്റ്ലാന്‍റിക് സമുദ്രത്തിനപ്പുറം അദ്ദേഹത്തിന്റെ ഓരോ വാക്കും സശ്രദ്ധം ശ്രവിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തിയോട് പറഞ്ഞു “ ദെ കോള്‍ ദാറ്റ് വൈറസ് എ നെയിം.  കൊറോണാസുരന്‍”.  ആ വിശിഷ്ട വ്യക്തി കേട്ടതോ, “കൊറോണ വൈറസ്”.

 

 

 

 

 

 

 

 

കള്ളനും എഞ്ചിനീയറും

രാവിലെ അഞ്ചുമണിക്കുള്ള കൂട്ടമണി മുഴങ്ങി. വിയ്യൂര്‍ ജയിലാണ് ആ പ്രദേശത്തുക്കാരെ വിളിച്ചുണര്‍ത്തുന്നത്. കുറച്ചടുത്തുള്ള അയ്യപ്പക്ഷേത്രം എന്നും അരമണിക്കൂര്‍ പിന്നിലായിരുന്നു. അഞ്ചരയോടെ പ്രഭാതപൂജകള്‍ തുടങ്ങുന്നതിനോട് അനുബന്ധിച്ചുള്ള ദീപാരാധനയുടെ മണിമുഴക്കങ്ങള്‍ കേള്‍ക്കുമ്പോഴേക്ക് ജയിലിലെ അന്തേവാസികള്‍ പ്രാതലിനുള്ള നീണ്ട വരിയില്‍ സ്ഥലം പിടിക്കുന്ന തിരക്കിലാവും.
മണികണ്ഠന്‍ അന്നും ശരിക്കുറങ്ങിയില്ല. എല്ലാരാത്രികളും പോലെ തന്നെ അന്നും , തന്‍റെ ശരീരത്തെ താഴോട്ട് വലിക്കുന്ന മൂട്ടകളും മുകളിലേക്ക് വലിക്കുന്ന കൊതുകുകളും തമ്മിലുള്ള വടംവലി മല്‍സരമാണ് കാണുവാന്‍ കഴിഞ്ഞത്. തടവുകാരന്‍റെ ഉറക്കത്തെയും ഉറക്കമില്ലായ്മയെയും കുറിച്ചൊക്കെ ആരോട് പരാതി പറയാന്‍ ?
ആറുമണിയോടെ പണിക്കിറങ്ങണം, അതാണ് ജയിലറുടെ നിയമം. പള്ളിമൂല ജങ്ക്ഷനിലെ കപ്പേളയില്‍ നിന്നും കുന്തിരിക്കതിന്റെ സുഗന്ധം കാറ്റിലൂടെ ഓടിയെത്തി. “ ഇന്നാര്‍ക്കാണാവോ പരീക്ഷ ? എന്‍ജിനിയറിങ് കോളേജുക്കാര്‍ക്ക് തന്നെയാവും” – മണികണ്ഠന്‍ ഉറപ്പിച്ചു. ജയില്‍ റോഡിന് തൊട്ട് എതിര്‍വശമാണ് കേരളത്തിലെ വിഖ്യാതവും പുരാതനവുമായ എന്‍ജിനിയറിങ് കോളേജ്. വളരെയടുത്തു തന്നെ പ്രശസ്തവനിതാകോളേജായ വിമലയും. കന്യാസ്ത്രീകളുടെ സ്ഥാപനമായ വിമലയില്‍ പള്ളിയുണ്ട്, അതുകൊണ്ട് തന്നെ അവിടത്തെ കുട്ടികള്‍ക്ക് പള്ളിമൂലയില്‍ വന്ന് കുന്തിരിക്കം കത്തിക്കേണ്ടിവരാറില്ല.
വിരോധാഭാസമായി തോന്നാമെങ്കിലും, വഴിയുടെ ഒരുവശത്ത് എഞ്ചിനീയര്‍മാരും മറ്റെവശത്ത് കള്ളന്മാരും. അതിനിടയിലൂടെ നിരനിരയായി നടന്നു നീങ്ങുന്ന തരുണീമണികളും. എന്നും രാവിലെയുള്ള കാഴ്ചയാണിത്. “എടാ കള്ളാ” കൈക്കോട്ട് നീട്ടി വരമ്പുകള്‍ കീറുന്ന മണികണ്ഠനെ ആ വിളി അന്നും അലസോരപ്പെടുത്തി. അതുകേട്ടിട്ടാവണം, തന്നെനോക്കി ഒരുകൂട്ടം പെങ്കുട്ടികള്‍ അമര്‍ത്തിച്ചിരിക്കുന്ന ശബ്ദം. പളുങ്കുപാത്രം വീണുടയും പോലുള്ള അവറ്റകളുടെ ചിരി കേള്‍ക്കാന്‍ എന്തായാലും രസമായിരുന്നു. “സമൂഹം എഴുതിതള്ളിയ തന്നെപ്പോലുള്ളവര്‍ക്ക് എന്ത് അഭിമാനക്ഷതം?” , പരിഹാസം വകവയ്ക്കാതെ മണികണ്ഠന്‍ പണി തുടര്‍ന്നു.
രാമദാസന്‍ അന്ന് നേരത്തെ എഴുന്നേറ്റു. കുമിഞ്ഞു കൂടുന്ന സപ്ലികളും ക്രിട്ടികളും. മെസ്സ് ഫീ അടക്കാന്‍ അമ്മയുടെ വിധവ പെന്‍ഷന്‍ മതിയാവുന്നില്ല. ആദ്യ രണ്ടു സെമെസ്റ്ററുകള്‍ ഉഴപ്പിയത്തിന്‍റെ പരിണത ഫലങ്ങളാണ് രണ്ടാം തവണ എഴുതേണ്ടിവരുന്ന സപ്പ്ളികളും, മൂന്നാമതോ അതിലധികമോ തവണ എഴുതേണ്ടി വരുന്ന ക്രിട്ടികളും. എങ്ങനെ പഠിത്തം മുഴുമ്മിക്കും എന്ന ചിന്ത സ്വതവേ വിഷാദരോഗിയായ അവനെ കൂടുതല്‍ അലട്ടികൊണ്ടിരുന്നു.
വിഷാദരോഗികള്‍ ദുഖം മറക്കാന്‍ ചെയ്യുന്ന ഒരു ക്രൂരവിനോദമാണ് ഭുള്ളിയിങ്ങ്. എളുപ്പം വഴങ്ങി തരുന്ന അബലരായവരെ ആണ് ഇക്കൂട്ടര്‍ നോട്ടമിടുക. അതല്ലെങ്കില്‍, തന്നെ തിരിച്ച് ആക്രമിക്കാന്‍ തക്കദൂരത്തില്ലല്ലാത്ത ഹതഭാഗ്യരെ ആയിരിക്കും ഇവര്‍ കരുക്കളാക്കുക. തന്‍റെ ഇരകള്‍ അനുഭവിക്കുന്ന വേദന നേരില്‍ കണ്ട് സായൂജ്യം അടയുന്നവര്‍. തന്‍റെ വേദന മറക്കുവാന്‍ മറ്റുള്ളവരെ കുത്തിനോവിക്കുന്നവര്‍.
നിരത്തില്‍ കൂടി പോകുന്ന പെങ്കുട്ടികളെ ആണ് അവന്‍ ആദ്യം അസഭ്യം പറഞ്ഞിരുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മേല്‍നിരയില്‍ നിന്നും ചില കൂട്ടുക്കാര്‍ക്കൊപ്പം നിന്നുകൊണ്ടു വര്‍ഷിച്ചിരുന്ന നികൃഷ്ടപദങ്ങള്‍. ഭുള്ളിയിങ്ങ് ഒരു മദ്യാസക്തി പോലെയാണ്. രണ്ട് ലാര്‍ജ്ജ് കഴിച്ചിരുന്നവന് പിന്നീട് അത് മതിയാവാതെ മൂന്ന് കഴിക്കേണ്ടിവരുന്ന അവസ്ഥ. പെങ്കുട്ടികള്‍ക്ക് അത് ഏശുന്നില്ല എന്ന് വന്നപ്പോള്‍ അവന്‍ അതിനപ്പുറം വയലില്‍ ജോലിചെയ്തിരുന്ന തടവുക്കാര്‍ക്ക് എതിരെ തിരിഞ്ഞു.
ഷൊര്‍ണ്ണൂര്‍ നിന്നും പാലക്കാടേക്ക് നിത്യേനയെന്നോണം ട്രെയിനില്‍ കയറിയതാണ് മണികണ്ഠന്‍. ഒരു സ്വകാര്യ ബാങ്കില്‍ കരാര്‍ ഉദ്യോഗസ്ഥനായിരുന്ന അയാള്‍ അന്ന് കയറിയത് ജനറല്‍ കംപ്പാര്‍ട്ട്മെന്‍റില്‍ ആയിരുന്നു. സാധാരണ കേറാറുള്ള സീസണ്‍ ടിക്കെറ്റുക്കാരുടെ കംപാര്‍ട്ട്മെന്‍റ് അന്ന് കടന്നു പോയിരുന്നു. നേരം വൈകിവന്ന അയാള്‍ അവസാന കോച്ചില്‍ ചാടിക്കേറുകയായിരുന്നു.
വിജനമായ കോച്ചില്‍, വിരലില്‍ എണ്ണാന്‍ ഉള്ള ആളുകള്‍ മാത്രം. മേടമാസത്തിലെ പാലക്കാടന്‍ ചൂട് രാത്രിയായിട്ടും ശമിച്ചിട്ടില്ലായിരുന്നു. കാറ്റുകൊള്ളുവാന്‍ അയാള്‍ വാതില്‍ക്കല്‍ വന്നു നിന്നു. അകലെ സഹ്യന്‍റെ തലയെടുപ്പ്, മേഘാവൃതമായിരുന്ന ആ പൌര്‍ണമി രാവില്‍ ഒരു നിഴല്‍ പോലെ മിന്നിമറഞ്ഞിരുന്നു.
ടോയിലെറ്റിനുള്ളില്‍ ചെറിയൊരു പിടിവലിശബ്ദം അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ട്രയിനിന്‍റെ കടകട ബഹളത്തിനിടയില്‍ വളരെ നേര്‍ത്ത രീതിയിലാണ് അത് കേട്ടിരുന്നത്. എന്തോ പന്തികേട് തോന്നിയ അയാള്‍ രണ്ട് മൂന്നു തവണ വാതില്‍ക്കല്‍ ഇടിച്ചു നോക്കി. ഉള്ളില്‍ നിന്നും, ആര്‍ക്കോ ശ്വാസം മുട്ടുന്നതുപോലുള്ള ഒരു അമര്‍ച്ച കേട്ടു. പിന്നീടൊന്നും ആലോചിക്കാതെ അയാള്‍ സകല ശക്തിയുമായി വാതില്‍ ചവിട്ടി തുറന്നു.
ഒരു യുവതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന ഒരാള്‍. കാഴ്ചയില്‍ ഒരു തനി ഹിന്ദിക്കാരന്‍. യുവതിയുടെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. നൊടിയിടയില്‍ ഹിന്ദിക്കാരന്‍ കത്തി പുറത്തെടുത്തു, പിന്നെ ബീഹാറി ചുവയുള്ള ഹിന്ദിയില്‍ പറഞ്ഞു “ ബാഗ് ജാ സാലെ, നഹി ത്തോ ഡോനോം കോ ഉടാ ദൂങ്ക”. മാറിപോടാ, അല്ലെങ്കില്‍ രണ്ടിനെയും ഞാന്‍ കഴുത്തറുത്ത് കൊല്ലും, എന്നാണ് ഹിന്ദിക്കാരന്‍ ഉദ്ദേശിച്ചത്.
ഭീഷണി കാര്യമാക്കാതെ ധൈര്യപ്പൂര്‍വം മുന്നോട്ടാഞ്ഞു മണികണ്ഠന്‍. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. അതിദാരുണമായിത്തന്നെ ഹിന്ദിക്കാരന്‍ അവളുടെ കഴുത്തറത്തു. ഞെട്ടിത്തെറിച്ച മണികണ്ഠനെ ഉന്തിമാറ്റി, അയാള്‍ ഓടുന്ന വണ്ടിയില്‍ നിന്നും ഇരുട്ടിലേക്ക് എടുത്ത് ചാടി. ബഹളം കേട്ട്, അവിടേക്ക് വന്ന മറ്റു യാത്രക്കാര്‍ കണ്ടത്, ദേഹമാസകലം രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മണികണ്ഠനേയും, ഉപേക്ഷിച്ച നിലയിലുള്ള ഒരു കത്തിയെയും, ജീവനറ്റ നിലയിലുള്ള ഒരു സ്ത്രീ ശരീരത്തെയുമാണ്. അപ്പോഴേക്കും ആരൊക്കെയോ വണ്ടി നിറുത്തിപ്പിച്ചിരുന്നു.
യഥാര്‍ത്ഥ ഘാതകന്‍ വണ്ടിയില്‍ നിന്നും ചാടി പോയതാണെന്ന വാദം സ്വാഭാവികമായി തന്നെ ആരും കാര്യമായെടുത്തില്ല. അങ്ങനെ, ചെയ്യാത്ത അപരാധത്തിന് അയാള്‍ ജീവപര്യന്തം തടവിലായി.
കൊല്ലവര്‍ഷം 1997, തീയ്യതി ആഗസ്റ്റ് 15 – രാജ്യം സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിക്കുന്നു. പത്തുവര്‍ഷം തികച്ച മര്യാദക്കാരായ തടവുകാര്‍ക്ക് ശിക്ഷയിളവ് പരിഗണിച്ച കൂട്ടത്തില്‍ മണികണ്ഠനും നറുക്കു വീണു. നറുക്കു വീണതൊന്നുമല്ല, മണികണ്ഠന്‍ കുറ്റക്കാരനല്ല എന്ന് വീക്ഷണബുദ്ധിയുള്ള ജയിലര്‍ക്ക് ഉത്തമബോദ്ധ്യം വന്നതുകൊണ്ടാണ് അയാള്‍ മുമ്പേ തന്നെ ഈയൊരു ശുപാര്‍ശ അധികാരികള്‍ക്ക് നല്കിയത്. അവസരം ലഭിച്ചപ്പോള്‍ അധികാരികള്‍ സമ്മതം മൂളിയെന്നു മാത്രം.
രാമദാസന്റെ ലീലാവിലാസങ്ങള്‍ നാള്‍ക്കുനാള്‍ കൂടികൊണ്ടിരുന്നു. പള്ളിമൂല കവലയിലുള്ള മില്‍മ ബൂത്തായിരുന്നു പുതിയ അരങ്ങ്. കുറച്ചു തെറിച്ച കൂട്ടുകാരും ഒരല്‍പ്പം കഞ്ചാവും അവന് ഒരു പുത്തന്‍ ധൈര്യം പകര്‍ന്നു. വിമല വിട്ടു തകൃതിയായി വിയ്യൂര്‍ ജങ്ക്ഷനിലേക്ക് നടന്നു പോകുന്ന കുട്ടികള്‍. സ്ഥിരം ശല്ല്യം ചെയ്യുന്നവരെ ഒഴിവാക്കാനായിട്ടാവണം കവലയില്‍ എത്തുമ്പോള്‍ നടത്തത്തിന്റെ വേഗത അവര്‍ കൂട്ടുന്നത്.
“കുടിക്കാന്‍ കുറച്ചു പാല് തരാമോ?”, വ്യംഗ്യാര്‍ത്ഥം വച്ചുള്ള ആ പദപ്രയോഗം കേട്ട് കൂട്ടത്തില്‍ ചങ്കൂറ്റമുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിനി തന്‍റെ കുട അവന്റെ മേലേക്ക് വലിച്ചെറിഞ്ഞു. ലഹരിയുടെ ശക്തിയില്‍ പെട്ടെന്ന് ക്ഷുഭിതനായ അവന്‍, തിളയ്ക്കുന്ന ചായച്ചെമ്പില്‍ നിന്നും ഒരു കപ്പ് മുക്കി അവളുടെ മേല്‍ എറിയാന്‍ തുടങ്ങുകയായിരുന്നു.
കൈക്കോട്ട് പിടിച്ച് തഴമ്പിച്ച, ബലിഷ്ടമായ കൈകള്‍ തുരുത്തുരയെന്ന് അവന്‍റെ ചെകിട്ടത് നടുക്കുന്ന ശബ്ദത്തോടെ പതിച്ചു. അടിയുടെ ശബ്ദം കേട്ട് പരിസരത്തുള്ള ആളുകള്‍ നടുങ്ങി. പെട്ടെന്നുള്ള ഈ ആക്രമണത്തില്‍ അവന്‍ ഒന്നടിപ്പതറി. ശക്തനായ എതിരാളിയെ നേരിടാതെ ദുര്‍ബലനായ ഇരയെ ആക്രമിക്കുന്ന അവന്‍റെ ബുള്ളിയിങ്ങ് മാനസികാവസ്ഥ മറ നീക്കി പുറത്തു വന്നു.
ഒരു ഭ്രാന്തനെ പോലെ, കൈയ്യില്‍ കിട്ടിയ സോഡാക്കുപ്പിയുമായി, കുറച്ചകലേക്ക് ഓടി മാറിയിരുന്ന ആ പെങ്കുട്ടിയുടെ നേരെ അവന്‍ കുതിച്ചു. പ്രതീക്ഷിക്കാതെയുള്ള ഈ പ്രതികരണം മണികണ്ഠനെ ഒരു നിമിഷത്തേക്ക് അമ്പരപ്പിച്ചു കളഞ്ഞു. ഓടിയകലാന്‍ ശ്രമിക്കുന്ന ആ വിദ്യാര്‍ഥിനിയുടെ അടുക്കല്‍, തലയില്‍ ഓങ്ങിയടിക്കാന്‍ പരുവത്തിലുള്ള സോഡാകുപ്പിയുമായി അവന്‍ എത്തി കഴിഞ്ഞിരുന്നു. ഏതുനിമിഷവും അത് സംഭവിക്കാം. ആളുകളുടെയും കൂട്ടത്തിലുള്ള മറ്റ് കുട്ടികളുടെയും നിലവിളികളുയര്‍ന്നു.
ആഞ്ഞടിക്കാന്‍ കൈയോങ്ങിയ അവന്‍ പക്ഷെ ഒരു ദീനരോദനത്തോടെ നിലം പതിക്കുകയാണ് ചെയ്തത്. കഴുത്തില്‍ ആഞ്ഞിറങ്ങിയ കത്തിയില്‍ നിന്ന് രക്തം ധാരധാരയായി ഒഴുകിവന്നു. ഞെട്ടിത്തരിച്ചുനിന്ന ആ പെങ്കുട്ടിയുടെ കാല്‍ച്ചുവട്ടില്‍ കിടന്ന് അവന്‍ പിടഞ്ഞുമരിച്ചു.
പത്തുവര്‍ഷത്തെ ജയില്‍ ജീവിതം അവസാനിപ്പിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയ്യതി തന്നെ പുറത്തിറങ്ങിയതായിരുന്നു മണികണ്ഠന്‍. പത്തുവര്‍ഷം കൊണ്ട് സുഹൃത്ത് പോലെയായി തീര്‍ന്നിരുന്ന ഒരു പോലീസുകാരന്‍, അന്നേക്ക് രാത്രി വീട്ടില്‍ തങ്ങിയിട്ട് പിറ്റേന്ന് പോകാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ ആ ക്ഷണം നിരാകരിച്ചതാണ്. പക്ഷെ, നേരം സന്ധ്യയാവാറായിരുന്നു. ജയില്‍വിമോചിതനാവുന്നതിന്റെ കടലാസുപ്രക്രിയകള്‍ അത്രയ്ക്ക് നീണ്ടതാണ്. സന്ധ്യക്ക് പുറപ്പെട്ടാല്‍ പാലക്കാട് എത്തുമ്പോഴേക്കും രാത്രിയാവും. ശേഖരപുരത്തേക്കുള്ള അവസാന ബസ്സും പൊയ്കഴിഞ്ഞിരിക്കും. മനസ്സില്ലാമനസ്സോടെ അയാള്‍ രാത്രി അവിടെതന്നെ തങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഉച്ചയൂണിന് ശേഷം, ആതിഥേയരായ പോലീസുകാരനോടും ഭാര്യയോടും വിടചൊല്ലി കവലവരെ നടന്ന അയാള്‍, നൂറുരൂപക്ക് ചില്ലറ ചോദിക്കുവാന്‍ കയറിയതാണ് ആ മില്‍മ ബൂത്തില്‍.
അധികം വൈകാതെ സംഭവസ്ഥലത്ത് പോലീസെത്തി. തന്നെ കൈയ്യാമം വെക്കുവാന്‍ സുഹൃത്ത് തന്നെ ജീപ്പില്‍ നിന്നിറങ്ങുന്നത് കണ്ട് മണികണ്ഠന്‍ ദൂരേക്ക് നോക്കി. മാനം കറുത്തിരുണ്ടിരുന്നു.

Copyright – V.T.RAKESH
വടശ്ശേരി തൈപറമ്പില്‍ രാകേഷ്

മഴക്കാലം – ചെറുകഥ

അന്ന് ജൂണ്‍ ഒന്നാം തീയതി. ശനിയാഴ്ച ആയതിനാല്‍ അധ്യയനവര്‍ഷാരംഭമായിരുന്നെങ്കിലും സ്കൂളില്‍ അന്ന് ക്ലാസ്സുകള്‍ ഉണ്ടായിരുന്നില്ല. പകരം പുതിയ പുസ്തകങ്ങള്‍ മേടിക്കുവാനും ടൈംടേബിള്‍   മുതലായവ ചോദിച്ചു മനസ്സിലാക്കുവാനുമുള്ള ദിനമായി അന്നത്തെ ദിവസം ഉപയോഗിക്കുകയായിരുന്നു. സ്വതവേ സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പാണ് അങ്ങനെയുള്ള കാര്യങ്ങള്‍ക്കായി സ്കൂളുകാര്‍ വിളിക്കാറുള്ളത്. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പ് മൂലമുള്ള തിരക്ക് കാരണം അത് നീണ്ടുപോകുകയായിരുന്നു.

തന്‍റെ രണ്ട് അനന്തിരവന്മാരെയും കൂട്ടി അവര്‍ സ്കൂളില്‍ നിന്നും തിരികെ പോരുകയായിരുന്നു. വീട്ടില്‍ നിന്ന് സ്കൂളിലേക്കും, തിരിച്ചും ഉള്ള യാത്ര ഒരു പ്രയാണം തന്നെയായിരുന്നു.  രണ്ട് ബസ്സുകള്‍ മാറിക്കേറി വേണം തിരികെ വരുമ്പോള്‍ ജംക്ഷനില്‍ എത്താന്‍. ജംക്ഷനില്‍ നിന്ന് പിന്നേയും രണ്ട് കിലോമീറ്റര്‍ റോഡ് വഴി നടക്കണം വീടെത്താന്‍. എന്നാല്‍ വീട്ടിലേക്ക് ഒരെളുപ്പവഴിയുണ്ട്. ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള നെല്‍പ്പാടങ്ങള്‍ കടന്നുചെന്നാല്‍ നേരെ വീടായി. എന്നാല്‍ കൂട്ടത്തില്‍ ചെറിയവനായ അനന്തിരവന്‍ ജന്‍മകാലം ആ വഴി പോകുവാന്‍ സമ്മതിക്കുകയില്ല. മൂത്തവനാണെങ്കിലോ, എളുപ്പവഴി തന്നെ വേണം താനും.

കൊച്ചുകുട്ടികള്‍ ഉറങ്ങാന്‍ വിസമ്മതിക്കുമ്പോള്‍ അമ്മമാര്‍ പ്രയോഗിക്കുന്ന ഒരു പൊടിവിദ്യയുണ്ട്. ആരോ ഒരു ഭയങ്കര ജീവി വരും, അതിനു മുമ്പ് ഉറങ്ങിക്കോ, ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടാല്‍ അത് പിടിച്ചുതിന്നും. ഒട്ടുമിക്ക കുട്ടികളും അത് കേട്ട് പേടിച്ച് മിണ്ടാതെ കിടന്ന് ഉറക്കത്തെ മാടിവിളിക്കും. അങ്ങനെ ഒരു ഭീകര കഥാപാത്രമായിരുന്നു മാന്തുക്കാന്‍. കാലില്‍ നിറയെ മന്ത് ( മന്ത് ഒരു രോഗമാണെന്നും അതുള്ളവര്‍ക്ക് കുട്ടികളെ പിടിക്കുക പോയിട്ട് സ്വയം എഴുന്നേറ്റ് നില്‍ക്കുക പോലും പ്രയാസമാണെന്ന് പാവം പൈതങ്ങള്‍ക്കുണ്ടോ മനസ്സിലാവുന്നു ) . കയ്യില്‍ ഒരു വലിയ വടി ( പാവം, നടക്കാന്‍ വയ്യാത്തതുകൊണ്ട് ഉപയോഗിച്ചിരുന്ന ഊന്നുവടിയായിരുന്നു അത് ). വായില്‍ നിന്നു നിലക്കാതെ ഉതിരുന്ന വെളുത്ത പുക ( തന്‍റെ നരകതുല്യമായ ജീവിതത്തിന് ഒരാശ്വാസമേകിയിരുന്ന ആ ബീഡികളാണ് അയാളുടെ ജീവിതം ഒരു കല്‍ക്കരി എഞ്ചിനെ പോലെ മുന്നോട്ട് നയിച്ചിരുന്നത് ).

ചെറിയ പയ്യനെ അലട്ടിയിരുന്നതും ഈ ഒരു മാന്തുക്കാന്‍ ആയിരുന്നു. കിഴക്കുള്ള പാടത്തുനിന്നും പുകവിട്ട് തന്നെ പിടിച്ചുതിന്നുവാന്‍ വരുന്ന മാന്തുക്കാന്‍. അയാള്‍ രാത്രി ജീവി മാത്രമല്ലല്ലോ. പകലും അവിടെയൊക്കെ അയാള്‍ കറങ്ങി നടക്കുന്നുണ്ടാവില്ലെ? പില്‍ക്കാലത്ത് വലിയ എഞ്ചിനീയറൊക്കെ ആവേണ്ട  ആ ചെറിയ തലച്ചോറില്‍ അത്രയൊക്കെ ബുദ്ധി അന്നുമുണ്ടായിരുന്നു. അനുജന്‍ നെല്‍പാടങ്ങള്‍ കടന്നു വരുവാന്‍ ഭയപ്പെടുന്നത് എന്തിനെന്ന് ജേഷ്ഠന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുപക്ഷെ, വലിയമ്മയോട് പറയില്ലെന്ന് മാത്രം. വലിയമ്മ അവനെ വഴക്കു പറയ്യുന്നതും, നെല്‍പാടങ്ങള്‍ നടന്നു കയറുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് അവന്‍ നെരിപിരി കൊള്ളുന്നതും കാണുവാന്‍ എന്തു രസം. തന്‍റേത് മാത്രമെന്ന് നിനച്ചിരുന്ന മാതൃസ്നേഹം പിന്നീട് ജനിച്ചുവന്ന കിടാവ് പിടിച്ചുവാങ്ങുന്നത് കാണുമ്പോള്‍ ലോകത്തിലെ എല്ലാ മൂത്തകിടാങ്ങള്‍ക്കുമുണ്ടാവുന്ന ഒരമര്‍ഷം. ഇവിടെയും അതുതന്നെയായിരുന്നു പ്രശ്നം.  അത് മനസ്സിലാക്കാതെ മൂത്തവരെ മാത്രം ശാസികുന്ന മാതാപിതാക്കള്‍ സിബ്ലിങ് റൈവല്‍റി എന്ന ഒരു മഹാ വിപത്തിലേക്കാണ് പൈതങ്ങളെ തള്ളി വിടുന്നത്.

ജങ്ക്ക്ഷനില്‍ വണ്ടിയിറങ്ങിയതും അവര്‍ പടിഞ്ഞാറോട്ട് നോക്കി. കാര്‍മേഘങ്ങള്‍ ഒരുമാസത്തേക്കുള്ള മഴക്കുള്ള തയ്യാറെടുപ്പുമായെന്ന് തോന്നും വിധം പടിഞ്ഞാറെ ചക്രവാളം മറച്ചിരുന്നു. കാലവര്‍ഷം ഒരിക്കല്‍ കൂടി തീയ്യതി അറിയിച്ചിരിക്കുന്നു. ജൂണ്‍ ഒന്നിന് കാലവര്‍ഷം തുടങ്ങും എന്നത് കേരളത്തിന്‍റെ ഒരു അലിഖിത സത്യമായിരുന്നു. കുട്ടികളെയും കൂട്ടി പെട്ടെന്ന് വീട്ടില്ലെത്തണമെങ്കില്‍ നെല്‍പ്പാടങ്ങള്‍ വഴി തന്നെ പോകണം. വലിയമ്മ തന്‍റെ ഭാഗത്താണെന്ന അഹന്തയോടെ നില്‍ക്കുന്ന ചെറിയവന്‍. മുഖം കറുപ്പിച്ചു നില്‍ക്കുന്ന വലിയവന്‍. മഴ കോളും കൂട്ടി വരുന്നതിന്റെ സൂചന തന്നുകൊണ്ട് പറവകള്‍ വേഗം കൂട് അണയാന്‍ വെമ്പല്‍ കൂട്ടുന്നുണ്ടായിരുന്നു. ദൂരെനിന്നും ‘ഞങ്ങളെ തൊഴുത്തില്‍ കൊണ്ടുകെട്ടു’ എന്നവിധം മുറവിളി കൂട്ടുന്ന പശുക്കളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. “വേഗം വീട്ടിലെത്തിക്കോളൂ ചേച്ചി”, പാല്‍ക്കാരന്‍ വാസു മില്‍മ ബൂത്ത് പൂട്ടി സൈക്കിളില്‍ പാഞ്ഞുപോകും വഴി വിളിച്ചുപറഞ്ഞു.

ചെറിയവനെ ഒക്കത്തുകയറ്റി അവര്‍ പാടശേഖരങ്ങളെ ലാക്കാക്കി ധൃതിയില്‍ നടന്നു. ഒക്കത്തിരുന്ന് അവന്‍ ആവും വിധം അവരെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തു. പതിവുപോലെയുള്ള സാന്ത്വനങ്ങള്‍ക്കും പ്രലോപനങ്ങള്‍ക്കും അവന്‍ അന്ന് കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. വേദനകള്‍ സഹിച്ചുകൊണ്ടുതന്നെ അവര്‍ വേഗത്തില്‍ നടന്നു കൊണ്ടിരുന്നു.

അകലെ ആകാശത്തില്‍ ഇടിവെട്ടലിന്‍റെ ഇരമ്പലുകള്‍ കേട്ടുതുടങ്ങിയിരുന്നു. രണ്ടുമാസത്തെ കൊടുംവേനലില്‍ വറ്റി വരണ്ടിരുന്ന വയലുകള്‍ ആ ഇരമ്പലുകളെ, മഴചാറ്റലിനെ വരവേല്‍ക്കുന്ന വേഴാമ്പലിനെ പോലെ എതിരേറ്റു. കര്‍ണക്കഠോരമായ ഇടിവെട്ടുകള്‍ വയല്‍ശേഖരങ്ങളില്‍ ഒരിറ്റ് ജലത്തിനായി വെമ്പല്‍ കൊള്ളുന്ന തവളകള്‍ക്കും, നീര്‍ക്കോലികള്‍ക്കും മറ്റനേകം ജീവികള്‍ക്കും ശ്രവണസുന്ദരമായി അനുഭവപ്പെട്ടിരിക്കണം.

രാവിലത്തെ പൂജാക്കര്‍മങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ വിജനമായിരുന്നു ശിവക്ഷേത്രം. നാലുവശവും കാടു പിടിച്ചു കിടന്നിരുന്നതിനാല്‍ ക്ഷേത്രം ചിലര്‍ക്ക് ഭയാനകമായി അനുഭവപ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ ചിലര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ ആവാം, പൊടിപ്പും തൊങ്ങലും വച്ചുള്ള പ്രേതകഥകള്‍ പ്രചരിച്ചിരുന്നത്. വെള്ളയുടുത്തുള്ള ഒരു സ്ത്രീ രാത്രികാലങ്ങളില്‍ വഴിയെ പോയിരുന്ന ചിലരോട് മുറുക്കാന്‍ ചുണ്ണാമ്പു ചോദിച്ചിട്ടുണ്ടത്രേ. സൌന്ദര്യം കണ്ട് അടുത്തു ചെല്ലുന്ന ആണുങ്ങളുടെ അടുക്കലേക്ക് വെറ്റിലയുള്ള കൈകള്‍ നീട്ടുമത്രെ. കൈകള്‍ക്ക് രണ്ടു മീറ്ററോളം നീളം കണ്ട് ആളുകള്‍ മോഹാല്‍സ്യപ്പെടുകയും  അല്ലാത്തവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നുവത്രെ.

കൊയ്ത്തുകഴിഞ്ഞതു കൊണ്ടാവാം വയലുകള്‍ പൊതുവെ വിജനമായിരുന്നു. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന  അട്ടക്കുളത്തില്‍ നിന്നും അവസാനത്തെ അലക്കുകാരിയും തന്‍റെ ഭാണ്ഡവുമായി നടന്നകലുന്നുണ്ടായിരുന്നു. അകലെയുള്ള അറവുശാലക്കടുത്തു നിന്നും നായ്ക്കളുടെ ഓരിയിടല്‍ പതിവിനു വിപരീതമായി കേള്‍ക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തെ ചുറ്റി, അവര്‍ ആ രണ്ടു കിടാങ്ങളുമായി  വരമ്പുകള്‍ താണ്ടാന്‍ തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളു.

“കൊച്ചുമോനെ ഞാന്‍ എടുത്തോളാം, ഇങ്ങ് തന്നേക്കു”, അപരിചിതമായ ഒരു സ്ത്രീ ശബ്ദം കേട്ട് അവര്‍ തെല്ലൊരു അമ്പരപ്പോടെ നിന്നു. “ആരായിരിക്കും അത്”, ഒക്കത്തിരിക്കുന്ന കുട്ടി കാരണം പെട്ടെന്ന് തിരിഞ്ഞു നോക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന അവര്‍ ആത്മഗതം പറഞ്ഞു. പ്രായത്തില്‍ കൂടുതല്‍ ഇരുത്തം വന്നിരുന്ന മൂത്തകുട്ടിയുടെ മുഖത്ത് പരന്നിരുന്ന പരിഭ്രമം അവരില്‍ കൂടുതല്‍ ഉത്കണ്ഠ  ഉളവാക്കി. വളരെ യത്നിച്ച് മെല്ലെ തിരിഞ്ഞു നോക്കിയ അവര്‍ ചെറുതായി ഒന്നു ഞെട്ടി പോയി.

ഒരു സ്ത്രീക്ക് യോജിക്കാത്ത വിധത്തിലുള്ള ശരീരഘടന. തീക്ഷണമായ ചോരക്കണ്ണുകള്‍. കണ്‍മഷിയിട്ടപ്പോള്‍ കണ്ണുകലങ്ങിയത് പോലെ, വിതുംമ്പാന്‍ കൊതിക്കുന്ന പോലുള്ള ചുണ്ടുകള്‍. തൂവെള്ള സാരിയില്‍ ഒരു കലപോലും കാണാന്‍ ഉണ്ടായിരുന്നില്ല. ശരീരത്തെ ആകമാനം മൂടിയിരുന്ന സാരിക്കുള്ളില്‍ ബ്ലൌസിട്ടിട്ടുണ്ടോ എന്ന് ആര്‍ക്കും സംശയം തോന്നാം. താഴേക്ക് ഊര്‍ന്ന് കിടന്നിരുന്ന വസ്ത്രം കാരണം പാദങ്ങള്‍ ദൃശ്യമായിരുന്നില്ല. തലയില്‍ ചൂടിയിരുന്ന പാരിജാതപ്പൂവിന്റെതാണെന്ന് തോന്നുന്നു, വശ്യമായ ഒരു ഗന്ധം അവിടെ പരന്നിരുന്നു.

സ്വതവേ ധൈര്യം കൈവെടിയാത്ത അവര്‍ക്ക് അപ്പോഴേന്തോ ഒരു പന്തികേട് തോന്നി. “ഇന്നാട്ടില്ലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിന്‍റെ ഭാര്യയാണ് താന്‍, ഇല്ല ഞാന്‍ ഭയപ്പെടുന്ന പ്രശ്നമേയില്ല”, അവര്‍ പോയ ആത്മധൈര്യം വീണ്ടെടുത്തു. “ഇവിടെ ഇതിന് മുമ്പു കണ്ടിട്ടില്ലല്ലോ, നിങ്ങള്‍ ആരാണ്?, പ്രതീക്ഷിക്കാത്ത വിധത്തില്‍ തന്‍റേടം കാണിച്ചുള്ള ആ ചോദ്യം ശ്വേതവസ്ത്രധാരിണിയെ തെല്ലൊന്നു ഞെട്ടിച്ചു. “ഞാന്‍ ഈ അമ്പലത്തിന് കിഴക്കാണ് താമസം”, ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ പറഞ്ഞു. “ഇല്ല, അമ്പലത്തിന് കിഴക്ക് ഇങ്ങനെ ഒരാള്‍ താമസമില്ല”, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആ വാര്‍ഡില്‍ നിന്നു മല്‍സരിച്ചിരുന്ന അവര്‍ക്ക് അത് നിശ്ചയമായിരുന്നു. “സത്യം പറയു, നീയാരാണ്?”, അവര്‍ സ്വരം കടുപ്പിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോള്‍ അവളുടെ പ്രതികരണം.

സുമാര്‍ രണ്ടു മീറ്റര്‍ ദൂരത്തുനിന്നും അവളുടെ കൈകള്‍ നീണ്ടു വന്നു. കുട്ടിയെ റാഞ്ചുകയായിരുന്നു പ്രത്യക്ഷ്മായ ഉദേശ്യം. കുതറി ദൂരേക്ക് മാറിയ അവര്‍ മൂത്തവനെ സഹായത്തിനായി നോക്കി. പക്ഷേ അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ഒരു ചങ്കിടിപ്പോടെ തിരിഞ്ഞ അവരുടെ കൈകളില്‍ നിന്നും കുട്ടിയെ ആ സത്വം റാഞ്ചിയിടുത്തിരുന്നു. വല്ല്യമ്മേ എന്നു വിളിച്ച് കരഞ്ഞിരുന്ന അവനെയും ഏന്തി അവള്‍ ഒരു കാറ്റിനെപ്പോലെ ധൃതഗതിയില്‍ അകന്നുതുടങ്ങിയിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്.

മിന്നല്‍ പോലെ വന്ന ഒരു ജാവ ബൈക്കിന്‍റെ ഇരമ്പലും, അതില്‍ നിന്നും ചാടിയിറങ്ങി ഒരു പുലിയെ പോലെ അയാള്‍ നൊടിയിടയില്‍ത്തന്നെ  അവളെ കീഴ്പ്പെടുത്തി. പ്രഥമധൃഷ്ട്യാ തന്നെ  ഒരു കളരി വിദഗ്ദ്ധനാണെന്ന് ഉറപ്പിക്കാവുന്ന മെയ്പാടവം. ആറര അടിയില്‍ കൂടുതല്‍ ഉയരവും അതിനൊത്ത ശരീരവും. ഇറച്ചിവെട്ടുകാരന്‍ നാസര്‍ തന്‍റെ വീഴാന്‍ പോകുന്ന ബൈക്കില്‍ നിന്നും ഒരു പൂച്ചകുട്ടിയെ പോലെയാണ് മൂത്തകുട്ടിയെ താഴെയിറക്കി വച്ചത്. അതിനു ശേഷം ഒരു വ്യാഘ്രത്തെ പോലെ തിരിഞ്ഞുള്ള ആക്രമണവും.

കുറച്ചു കഴിഞ്ഞ് അവിടെയെത്തി ചേര്‍ന്ന പോലീസുകാര്‍ക്ക് അതിശയമായിരുന്നു. വിയ്യൂര്‍ ജയിലില്‍ നിന്നും തടവുചാടിയ കുപ്രസിദ്ധ കുറ്റവാളിയായ ശരവണന്‍. ആള്‍മാറാട്ടത്തിന് പേരെടുത്തവന്‍. സ്വര്‍ണക്കടയില്‍ കല്യാണപ്പെണ്ണായി ചെന്ന് സ്വര്‍ണ്ണം തട്ടിയവന്‍. കൈകളില്‍ കൃത്രിമ കൈകള്‍ കെട്ടിവച്ച് പ്രേതമായ് അഭിനയിച്ച്, പേടിച്ച് വീഴുന്നവരില്‍ നിന്നും പണവും മാലയും അപഹരിക്കുന്നവന്‍. പോലീസുകാര്‍ക്ക് നാസര്‍ അന്നൊരു താരമായിരുന്നു. നാട്ടുകാര്‍ക്കും.

അന്ന് മഴ തകൃതിയായിതന്നെ പെയ്തിറങ്ങി. പുതുമഴയുടെ ഗന്ധത്താല്‍ ആ വീടാകെ മുഖരിതമായി. സന്ധ്യക്ക് പുറത്തുവച്ചിരുന്ന പുകവിളക്കിന് ചുറ്റും ഈയാന്‍ പാറ്റകള്‍ ചത്തൊടുങ്ങി. വല്യമ്മയുണ്ടാക്കിയ  വിഖ്യാതമായ അവിയലും കൂട്ടി രണ്ട് മക്കളും മൃഷ്ഠാനം അത്താഴം ഉണ്ടു. അമ്മൂമ്മയായ കല്യാണിക്കുട്ടിയമ്മയുടെ കിഷ്കിന്ദാഖാണ്ഡം കേട്ടിട്ടും കുട്ടികള്‍ ഉറങ്ങുന്നില്ല. നാളെ രാവിലെ ക്ഷേത്രത്തില്‍ പോകുവാന്‍ നേരത്തെ എഴുന്നേല്‍ക്കണം. “ദേ, മാന്തുക്കാന്‍ വരാറായി, പെട്ടെന്നുറങ്ങിക്കോളൂ”, കല്യാണിക്കുട്ടിയമ്മ പറഞ്ഞത് കേട്ട് കണ്ണിറുക്കിയടച്ച പേടിതൊണ്ടന്‍ അനുജനെ കണ്ട്, മൂത്തവന്‍ അമ്മൂമ്മയെ നോക്കി പല്ലിളിച്ചു.

copyright V.T. Rakesh

വടശ്ശേരി തൈപറമ്പില്‍ രാകേഷ്

 

 

 

ജയ് ജവാന്‍ – ചെറുകഥ

ഹിന്ദി ചീനി ഭായ് ഭായ്!

ആകാശവാണിയില്‍ അതുകേട്ടപ്പോള്‍ സാവിത്രിദേവി പൊട്ടി തെറിക്കുകയായിരുന്നു. തന്‍റെ സിന്ദൂരം മായിച്ചു കളഞ്ഞ കശ്മലന്‍മാര്‍. വിവാഹജീവിതം എന്തെന്ന് അറിഞ്ഞുവന്നിരുന്ന ആദ്യനാളുകളില്‍ തന്നെ അത് സംഭവിച്ചു. തങ്ങളുടെ മേല്‍കോയ്മ അരക്കിട്ടുറപ്പിക്കാന്‍ , ഇടയ്ക്കിടെ ചൈനക്കാര്‍ നിയന്ത്രണരേഖയുടെ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറികൊണ്ടിരിന്നു. ചൈനയുമായി നല്ല ബന്ധം കാംക്ഷിച്ചിരുന്ന ചാഛാജി തിട്ടപ്പെടുത്തിയെടുത്ത മുദ്രാവാക്യമായിരിന്നു മേല്പറഞ്ഞ ഹിന്ദി ചീനി ഭായ് ഭായ്. നാഴികക്ക് നാല്പതു വട്ടം ആകാശവാണി അത് പറഞ്ഞുകൊണ്ടുമിരുന്നു. ചൈനയുടെ ഈ പൊയ്മുഖം കണ്ട് സഹികെട്ടിട്ടാണ് അവസാനം തോക്കുപയോഗിക്കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തത്. എന്നാല്‍ ഇന്ത്യയുടെ സൈനികശക്തിയേക്കാള്‍ രണ്ടിരട്ടി വെടികോപ്പുള്ള ചൈന ഇടിച്ചുകയറുകയാണുണ്ടാണ്ടായത്. “സിപ്പായ് ഗഗന്‍കുമാര്‍ പ്രകാശ് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ വീരമൃത്യു വരിച്ചു” എന്ന ടെലെഗ്രാം ആണ് സാവിത്രിക്ക് ലഭിച്ചത്.

മരം കോച്ചുന്ന തണുപ്പാണ് നാതുലാ പാസ്സില്‍. ഭര്‍ത്താവായ ഗഗന്‍കുമാര്‍ നാതുലാ പാസ്സില്‍ നിയമിതനായിട്ട് ഒരു മാസമേയായിട്ടുണ്ടായിരുന്നുള്ളൂ. എങ്കിലും, അവള്‍ക്ക് എന്തെന്നില്ലാത്ത ഒരു സങ്കോചമായിരുന്നു. കാരണമറിയാതുള്ള  ഒരു ഭയാശങ്ക.

ചൈനക്കാരെ അത്രകണ്ട് അവള്‍ക്ക് വെറുപ്പും ഭയവുമായിരുന്നു. ഒരുറുംബിനെ പോലും നോവിക്കാത്ത പ്രകൃതമായിരുന്നു അവളുടേത്. അതുകൊണ്ടു തന്നെ സസ്യേതര ഭക്ഷണം കഴിക്കുക പോകട്ടെ, അത് കഴിക്കുന്നവരെ കാണുന്നത് പോലും അരോചകവുമായിരുന്നു. തന്നെ മാംഗല്യം കഴിക്കുന്നവനും സസ്യഭുക്കാവണമെന്ന് അവള്‍ക്ക് ശാഠ്യമായിരുന്നു. പല്ലിയെ മുതല്‍ പാമ്പിനെ വരെ ഭക്ഷിച്ചിരുന്ന ചൈനക്കാരെ അവള്‍ വെറുത്തതില്‍ എന്തിനത്ഭുതപ്പെടണം.

ബിഹാറിലെ ഭാഗല്‍പൂര്‍, രണ്ടായിരം വര്‍ഷം മുമ്പെ വരെ ലോകത്തിന്‍റെ തന്നെ അറിവിന്‍റെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന നളന്ദയുടെ അടുത്ത് കിടക്കുന്ന ജില്ല. എന്നാല്‍, ഇന്നത് ഇന്ത്യയുടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു. മുസഹാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എലിയെ തിന്ന് ജീവിച്ചിരുന്നത്തും, ലോകത്തിലെ തന്നെ ഏറ്റവും പാവപ്പെട്ടവരുമായ ഒരുപറ്റം ഹതഭാഗ്യര്‍ ജീവിച്ചിരുന്ന ജില്ല. ഹിന്ദു-മുസ്ലിം ലഹളകളാലും ഏറെ അപകീര്‍ത്തിപ്പെട്ട പട്ടണം. എന്നാല്‍ ഗംഗയുടെ പ്രവാഹം കൊണ്ടും, ലിച്ചി, ഗോതമ്പു മുതലായുള്ള കൃഷികളെ കൊണ്ടും പ്രകൃതി കനിഞ്ഞു നല്കിയ സമ്പാദ്യങ്ങള്‍ ആസ്വദിച്ചിരുന്ന ജന്മി സമൂഹം അവിടെയും ഉണ്ടായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അതിന്‍റെ മൂര്‍ത്തിമത്തായ ഭാവത്തില്‍ ആയിരുന്നു അവിടെ താണ്ഡവം ആടിയിരുന്നത്.

ചെറുപ്പകാലത്ത് അമ്മ ചുട്ടു നല്കിയിരുന്ന എലികള്‍ കഴിച്ചിരുന്നത് അവള്‍ ഒട്ടുംതന്നെ മറന്നിട്ടില്ലായിരുന്നു. വൈകുന്നേരങ്ങളില്‍ അന്നന്നത്തെ അദ്ധ്വാനം കഴിഞ്ഞ് അമ്മ വാറ്റിയുണ്ടാക്കിയ ചാരായം, ചുട്ടെടുത്ത എലികള്‍ ചവച്ചുകൊണ്ട് കുടിച്ചുതീര്‍ത്തിരുന്ന അച്ഛന്‍. താനുള്‍പ്പെടെയുള്ള ആറ് കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം പകുത്തു നല്‍കി ശിഷ്ടമുള്ളതുകൊണ്ട് മാത്രം തൃപ്തിപ്പെട്ടിരുന്ന അമ്മ. കുടിച്ചവശനായി ഉറങ്ങിയിരുന്ന അച്ഛന്‍റെ നിസ്സഹായവസ്ഥ മുതലെടുക്കുവാന്‍ വന്നിരുന്ന പോലീസുകാരില്‍ നിന്നും, അത് പോലെ തന്നെ  ഗുണ്ടകളില്‍ നിന്നും മറ്റും രക്ഷപ്പെടുവാന്‍ മിക്കപ്പോഴും ഭ്രാന്തഭിനയിച്ചിരുന്ന അമ്മ. അട്ടഹസിച്ച് ചിരിച്ചിരുന്ന അവരുടെ അടുക്കലേക്ക് വരുവാന്‍ മടിച്ച് പിന്‍മാറിപ്പോയിരുന്ന കാമവെറിയന്‍മാര്‍ പോയതറിഞ്ഞു , തന്‍റെ പേടിച്ചരണ്ട കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന അമ്മ.

അക്കാലത്താണ് ഒരു മാലാഖയെ പോലെ അവര്‍ വന്നത്. സിസ്റ്റര്‍ മിലി എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. ആദ്യമൊക്കെ അവര്‍ വെളുത്ത ഒരു ലോഹ ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. തലയില്‍ കറുത്ത ഒരു തട്ടവും അവര്‍ ധരിക്കുമായിരുന്നു. അന്നൊക്കെ അവര്‍ വരുമ്പോള്‍ അരിയും, ബിസ്കറ്റും പോലെതന്നെ  ചില ദൈവങ്ങളുടെ ചിത്രങ്ങളും കൊണ്ടുതരുമായിരുന്നു. അവര്‍ കൂട്ടമായി ചില സ്തോത്രങ്ങള്‍ പാടുകയും പാടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സിസ്റ്റര്‍ അവരില്‍ നിന്നും വേറിട്ടാണ് വന്നിരുന്നത്. ലോഹയും തട്ടവും മാറി സാരിയും ബ്ലൌസുമായി അവരുടെ വേഷം. സ്തോത്രങ്ങള്‍ക്ക് പകരം സ്നേഹം നിറഞ്ഞ ജീവിതോപദേശങ്ങള്‍ പകര്‍ന്ന് തന്നു. സിസ്റ്റര്‍ എന്ന വിളി മാറ്റി അവരെ ദീദി എന്ന് വിളിക്കുവാന്‍ അവര്‍ നിര്‍ബന്ധിച്ചു.

സാധുക്കളായ യുവതികള്‍ക്ക് വിദ്യാഭ്യാസവും, അതിലൂടെ തൊഴിലും കണ്ടെത്തുന്ന ഒരു സ്ഥാപനമാണ് അവര്‍ നടത്തിയിരുന്നത്. കീഴ്ജാതിക്കാരായ പെങ്കുട്ടികളെ മേല്‍ജാതിക്കാരായ ഠാക്കൂര്‍മാരും മറ്റും യഥേഷ്ടം ബലാല്‍സംഗം ചെയ്യുക ഒരു പതിവായിരുന്നു. വളരെ കാലങ്ങളായി നടന്നുവരുന്ന ഒരു പതിവായതുകൊണ്ട്, തങ്ങളുടെ ചാരിത്ര്യം കവര്‍ന്നെടുക്കുകപ്പെടുകയാണെന്നോ, അവര്‍ ചെയ്യുന്നതൊരു ക്രിമിനല്‍ കുറ്റമാണെന്നോ ഉള്ള തിരിച്ചറിവ് ഈ ബാലികമാര്‍ക്കോ കീഴ്ജാതിക്കാരായ സമൂഹത്തിനോ ഉണ്ടായിരുന്നില്ല. ഈയൊരു അരക്ഷിതാവസ്ഥ കണ്ട് മനസ്സലിഞ്ഞാണ് സിസ്റ്റര്‍ മിലി, ദീദി എന്ന അവതാരം ഉള്‍ക്കൊണ്ടത്. ഇത്ര വലിയൊരു സാമൂഹികപ്രശ്നം കേവലം ഒരു മതത്തിന്‍റെ പ്രചരണത്തിലുപരിയായികണ്ട് ലോകത്തിന്‍റെ തന്നെ മനസാക്ഷിക്കു  മുമ്പില്‍ അവതരിക്കപ്പെടേണ്ട ഒന്നാണ് എന്നവര്‍ തിരിച്ചറിഞ്ഞു.

അമ്മയെ അവിടുത്തെ അടുക്കളയും, അച്ഛനെ ശുചീകരണവും ഏല്പിച്ച അവര്‍, ആ കുഞ്ഞുങ്ങളെയത്രയും പഠിപ്പിക്കുവാന്‍ തുടങ്ങി. ചിത്രരചനയില്‍ പ്രാവീണ്യം കാണിച്ചിരുന്ന മുന്നിയെ, സാവിത്രിദേവി എന്ന് പേര് മാറ്റുകയും, ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായി ഉയര്‍ത്തികൊണ്ടുവരികയും ചെയ്തു.

അവളെ പോലെ തന്നെ താന്‍ ഉയര്‍ത്തികൊണ്ടുവന്ന് മിലിറ്ററിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഗഗന്‍കുമാറിനെ അവള്‍ക്കാലോചിച്ചത് ദീദി തന്നെയായിരുന്നു. ഒരു റെയില്‍വേ പ്ലാറ്റ്ഫോര്‍മില്‍ മരിച്ചു കിടന്നിരുന്ന തന്‍റെ അമ്മയോട് മുലപ്പാലിനായി ശഠികുന്ന ഒരു കുഞ്ഞിന്‍റെ ചിത്രം പത്രങ്ങളില്‍ വരുകയും, അത് അന്വേഷിച്ചു ചെന്ന് ആ കുട്ടിയെ കൂടെകൂട്ടുകയുമായിരുന്നു ദീദി. സാവിത്രിയെ പോലെ തന്നെ മാംസാഹാരത്തിനോട് അവക്‍ഞ പുലര്‍ത്തിയിരുന്ന ഗഗന്‍കുമാറിനെ ദീദി പണ്ടുമുതലെ അവള്‍ക്ക് വേണ്ടി കണ്ടുവെച്ചിരുന്നു. സസ്യാഹാരിയായിരുന്ന ജവാന്‍ ഇന്ത്യന്‍ മിലിറ്ററിയില്‍ ഒരു അദ്ഭുദജീവിയൊന്നുമായിരുന്നില്ല. പക്ഷേ അങ്ങനെയൊരു പട്ടാളക്കാരന്‍ തന്‍റെ ജീവിതത്തില്‍ വന്നപ്പോള്‍ അയാളവള്‍ക്ക് അദ്ഭുദം മാത്രമായിരുന്നില്ല, തനിക്ക് മാത്രമായി ഭഗവാന്‍ സൃഷ്ടിച്ചെടുത്ത ഒരു ദേവനെപ്പോലെയായിരുന്നു.

നേപ്പാള്‍ അതിര്‍ത്തി നാമമാര്‍ത്തമായി കാക്കേണ്ടി വരുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോര്‍സില്‍ ആയിരുന്നു ഗഗന്‍. ഇന്ത്യയുമായി ഹാര്‍ദ്ധവമായ ബന്ധം പുലര്‍ത്തിയിരുന്ന  നേപ്പാളിന്‍റെ അതിര്‍ത്തി ബിഹാര്‍ പോലീസിന് വിട്ടുകൊടുത്ത്, പാക്കിസ്ഥാന്‍റെയും ചൈനയുടെയും പ്രമാദമായ അതിര്‍ത്തികാക്കാന്‍ പട്ടാളക്കാരെ വിന്വസിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നേപ്പാള്‍ അതിര്‍ത്തിയിലൂടെ കള്ളകടത്തല്‍ പെരുകിയതാണ് സര്‍ക്കാരിന് തലവേദനയായത്.  കൂടാതെ വന്‍തോതില്‍ കള്ളനോട്ടുകള്‍ നേപ്പാള്‍ വഴി വന്നുകൊണ്ടിരുന്നു. സംസ്ഥാന പോലീസിന്‍റെ പിടിപ്പുകേടും കൈക്കൂലിയും വെളിച്ചത്തു വന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിനിയോഗിച്ചത്.

ബിഹാറികളായ പട്ടാളക്കാരുടെ സ്വപ്നമായിരുന്നു നേപ്പാള്‍ അതിര്‍ത്തിയിലെ പോസ്റ്റിങ്. സ്വപ്നതുല്യമായ ജോലിയും മനസ്സിനു ചേര്‍ന്ന പത്നിയും, ജീവിതം സുഗമമായി എന്ന് ഗഗന്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് അന്ന് നൈറ്റ്ഡ്യൂട്ടി ആണെന്ന് ഓഫീസര്‍ വിളിച്ചു പറഞ്ഞത്.

പാറാവ് എന്നത് ഒരു വിഷമം പിടിച്ച പണിയാണ്. പുറത്തുള്ളവര്‍ക്ക് തോന്നും , ഇത് ദിവസം മുഴുവനും വെറുതെ ഇരുന്നാല്‍ പോരെയെന്ന്. വെറുതെ ഇരിന്നോ നിന്നോ പാറാവുകാരന്‍ മുഷിയുന്നതും നോക്കിയാവും ശത്രു ആക്രമിക്കുന്നത്. ആ ആക്രമണത്തിലോ കടന്നുകയറ്റത്തിലോ പരാജയപ്പെട്ടാല്‍ പാറാവുകാരനെ പഴിക്കാന്‍ ആയിരം നാവുകളാവും എല്ലാവര്ക്കും. വിജയിച്ചാലോ, അതിനല്ലെ അയാള്‍ ശമ്പളം വാങ്ങുന്നത് എന്നാവും.

അങ്ങനെയുള്ള രാത്രിയുടെ മുഷിഞ്ഞ യാമങ്ങളില്ലാണ് ആ ട്രക്ക് ബോര്‍ഡര്‍ പോസ്റ്റില്‍ എത്തിയത്. ചെക്ക്പോസ്റ്റ് തുറക്കാത്തത്തില്‍ അമര്‍ഷം പൂണ്ട് ട്രക്ക് ഡ്രൈവര്‍, തന്‍റെ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്നത് ഗഗന്‍ ദൂരെ നിന്നും വീക്ഷിക്കുന്നുണ്ടായിരുന്നു. തന്‍റെ തോക്കില്‍ മുറുകെ പിടിച്ച് എന്തിനും തയ്യാറായി ഗഗന്‍ പൊസിഷന്‍ എടുത്തു. ട്രക്ക് പരിശോധിക്കാതെ കടത്തിവിടില്ല എന്ന് ശാഠ്യം പിടിച്ചിരുന്ന തന്‍റെ സുഹൃത്തിനോട് ഡ്രൈവര്‍ ഉറക്കെ പറയുന്നത് കേള്‍ക്കാമായിരുന്നു “ യെ ത്തൊ മിനിസ്റ്റര്‍ സാബ് കാ ഘര്‍ കാ മാല്‍ ഹൈ, ആപ് ക്യാ ജാഞ്ച് കരോഗേ ഇസ്ക ?”. ഇത് മന്ത്രിയദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള സാധനങ്ങളാണ്, ഇത് നിങ്ങള്‍ എന്ത് പരിശോധിക്കാന്‍ ആണ് ? ബഹളം കേട്ട് ചായ കുടിക്കുകയായിരുന്ന മേലുദ്യോഗസ്ഥന്‍, എന്താണെന്ന് തിരക്കാന്‍ ട്രക്കിന് കുറുകെ കടക്കുകയായിരുന്നു. വിദ്വേഷത്തിന്‍റെ ആധിയില്‍, പട്ടാളക്കാരനെ വെല്ലുവിളിച്ചുകൊണ്ട് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു. തന്‍റെ മേലുദ്യോഗസ്ഥന്‍ വണ്ടിക്കടിയില്‍ ആവും എന്നുറപ്പുള്ളതുകൊണ്ട്, ഒരു നിമിഷം പോലും ചിന്തിക്കാതെ ഗഗന്‍ കാഞ്ചി വലിച്ചു.

ഇടിമുഴക്കത്തിന്‍റെ ശബ്ദവും, ഒരു നരക്കത്തോടെ നിലച്ച വണ്ടിയും വണ്ടിക്കാരന്‍റെ ശ്വാസവും, എല്ലാം ഒരു നൊടിയിടയില്‍ കഴിഞ്ഞു. എന്താണ് നടന്നതെന്ന് വിലയിരുത്തുവാന്‍ ഒരുനിമിഷമെടുത്ത മേലുദ്യോഗസ്ഥന്‍ ഗഗനു നേരെ ആക്രോശിച്ചടുത്തു. മേലുദ്യോസ്ഥാന്‍റെ കല്‍പനയില്ലാതെ സെന്‍റ്റികള്‍ തോക്കുപയോഗിച്ചുക്കൂട. താന്‍ മേലുദ്യോഗസ്ഥനെ രക്ഷിക്കാനാണ് കാഞ്ചി വലിച്ചത് എന്ന് പറഞ്ഞിട്ടും അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. തന്നോട് ഡ്രൈവര്‍ കലപിലയുണ്ടാക്കുന്നത് എന്തിനായിരുന്നു എന്ന് വിശദീകരിക്കുകയായിരുന്ന സുഹൃത്ത്, പക്ഷെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കുന്നത് കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ അയാള്‍ക്കും ഗഗനെ ന്യായീകരിക്കുവാന്‍ സാധിച്ചില്ല.

പിരിച്ചുവിടലില്‍ നിന്നും പക്ഷെ അവനെ രക്ഷിച്ചത്, ട്രക്കിനുള്ളില്‍ വീട്ടുപകരണ സാമഗ്രികളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കള്ളനോട്ടുകളാണ്. എന്നാല്‍ ഡ്രൈവര്‍ മരിച്ചതിനാല്‍ അത് എവിടെന്ന് വന്നെന്നോ, എങ്ങോട്ട് പോകുന്നവയാണെന്നോ എന്നുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തെളിവുകള്‍ നശിപ്പിക്കാനാണോ ഡ്രൈവറെ കൊന്നത് എന്നുള്ള ദുരൂഹതകള്‍ നിലനില്‍ക്കവെ തന്നെ, അന്വേഷണാര്‍ത്ഥം ഗഗനെ നാഥുലാ പാസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

സതി സമ്പ്രദായം നിലനില്‍പ്പില്ലെങ്കിലും, ഉത്തരേന്ത്യയില്‍ വിധവകളുടെ ജീവിതം നരകതുല്യമായിരുന്നു. അപശകുനമായി കരുതുന്ന അവരെ എല്ലാ മംഗള കര്‍മങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു. കൂട്ടുകുടുംബങ്ങളില്‍, അടുക്കളയിലും വീടിന്‍റെ പുറകിലും മാത്രം ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍.

ഇനിയെന്ത് എന്ന വേവലാതിയില്‍, ദൂരെയുള്ള കാളീക്ഷേത്രത്തിലേക്ക് നിര്‍നിമേഷയായി കണ്ണുംനട്ടിരുന്ന സാവിത്രിയെ ഉണര്‍ത്തിയത് തുടര്‍ച്ചയായി ആരോ വാതിലില്‍ മുട്ടുന്ന ശബ്ദമായിരുന്നു. മൃതശരീരം കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള, പട്ടാളക്കാരുടെ സന്ദേശമാവും എന്ന് കരുതി നിറകണ്ണുകളോടെ വാതില്‍ തുറന്ന സാവിത്രി ഞെട്ടിപ്പോയി. താന്‍ സ്വപനം കാണുകയാണോ എന്ന് സംശയിച്ച സാവിത്രിയുടെ മനസ്സു വായിച്ചതുപോലെ ഗഗന്‍ പറഞ്ഞു, “സ്വപ്നമല്ല, ഇത് ഞാന്‍ തന്നെ, മരിച്ചത് മറ്റൊരു ഗഗന്‍ ആണ്. ഗഗന്‍കുമാര്‍ പ്രസാദ് ആണ് മരിച്ചത്, പേരിലുള്ള സാമ്യം മൂലം അവര്‍ കമ്പി തെറ്റിയടിക്കുകയായിരുന്നു”. ദൂരെയുള്ള കാളീക്ഷേത്രത്തില്‍ അപ്പോള്‍ ആരോ കൂട്ടമണി മുഴക്കുന്നുണ്ടായിരുന്നു.

copyright – V T Rakesh

വടശ്ശേരി തൈപറമ്പില്‍ രാകേഷ്

മണി ഓര്‍ഡര്‍

പോസ്റ്റ്! മാസത്തിലൊരിക്കല്‍ മാത്രം കേട്ടിരുന്ന ആ വിളി കേള്‍ക്കുമ്പോള്‍  ത്യാഗരാജകീര്‍ത്തനത്തിനേക്കാള്‍ മാധുര്യം അനുഭവപ്പെട്ടിരുന്നു അയാള്‍ക്ക്. അരുമമകള്‍ ഒരു തവണ പോലും തെറ്റിക്കാതെ അച്ഛനയച്ചു കൊടുത്തിരുന്ന മണി ഓര്‍ഡര്‍.

മകളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അയാള്‍ അഭിമാനപുളകിതന്‍ ആവുമായിരുന്നു. അവളെ കുറിച്ച് സംസാരിക്കുന്ന അവസരത്തില്‍ എല്ലാം തന്നെ അയാള്‍ക്ക് ആയിരം നാവായിരുന്നു.

ഭാരതത്തില്‍ അന്ന് സ്ത്രീകള്‍ അടുക്കളക്കപ്പുറത്തേക്ക് പോലും കാലുവെക്കാത്ത കാലം. തിരുവിതാംകൂര്‍ കൊച്ചി രാജാക്കളുടെ പുരോഗമനപരമായ തീരുമാനങ്ങള്‍ ഭാരതത്തിലെ മറ്റൊരു പ്രവിശ്യക്കാര്‍ക്കും അന്ന് ആലോചിക്കുക കൂടി വയ്യ. സ്ത്രീകളുടെ വിദ്യാഭ്യാസം ആയാലും, കുട്ടികള്‍ക്കുള്ള പ്രതിരോധക്കുത്തിവെപ്പായാലും മലയാളമണ്ണ് അന്നും മറ്റുള്ളവരെക്കാള്‍ ബഹുദൂരം മുന്നില്‍ തന്നെയായിരുന്നു. ആവിധ പുരോഗമന പ്രവൃത്തിക്കള്‍ക്ക് ആക്കം കൂട്ടുന്നവര്‍ തന്നെയായിരുന്നു പിന്നീട് ഭരിച്ച കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രെസ്സുകാരും.

മക്കളെ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനിയര്‍ ആക്കുക എന്ന സാധാരണക്കാരനായ മലയാളിയുടെ സ്വപ്നം. ധനസംബന്ധമായ പരിമിതികള്‍ മൂലം ഒട്ടുമിക്ക പേരും ഈ സ്വപ്നം ആണ്‍മക്കളിലേക്ക് മാത്രമായി ചുരുക്കുകയാണ് പതിവ്.

രാമായണത്തില്‍ കൈകേയി ദശരഥന്റ്റെ ഇഷ്ടപത്നി ആയതിന് പിന്നില്‍ ഒരു കഥയുണ്ട്. യുദ്ധത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ രഥത്തിന്‍റെ ആണി ഊരിപോവുകയും , അത് കണ്ട കൈകേയി സ്വന്തം വിരല്‍ ആ ആണിയുടെ സുഷിരത്തില്‍ നിക്ഷേപിക്കുകയും, അതുവഴി നിശ്ചയമായി തീര്‍ന്നിരുന്ന യുദ്ധപരാജയത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. ഇതിനാലാണത്രെ ഇഷ്ടവരം എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടുവാനുള്ള അനുമതി കൊടുക്കുകയും, അത് നിമിത്തം പിന്നീട് ശ്രീരാമന് വനവാസം വിധിക്കുകയും ചെയ്തത്.

അതുപോലെ തന്നെ, ഒരിക്കല്‍ അയാള്‍ തന്‍റെ മൂന്ന് മക്കളെയും കൂട്ടി നെല്‍പാടങ്ങള്‍ക്കു നടുവിലൂടെയുള്ള വരമ്പുകള്‍ താണ്ടി വീട്ടില്ലേക്ക് നടന്നുവരുകയായിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉല്‍സവം ആനകളുടെ എണ്ണം കൊണ്ടുതന്നെ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷേ മേടമാസത്തിലെ ചൂട് മാത്രം അതിന്‍റെ മോടി ഒരല്‍പ്പം കുറച്ചു. ചൂടിന്‍റെ ആലസ്യത്തിലാണെന്ന് തോന്നുന്നു, വലിയതോടിന് കുറുകേയുള്ള തെങ്ങിന്‍തടി മുറിച്ച് കടക്കവെ അയാള്‍ അടിതെറ്റി തോട്ടില്‍ പതിച്ചു. വേനലില്‍ തീരെ ഉണങ്ങിവരണ്ട തോട്ടില്‍ യഥേഷ്ടം പരന്നുകിടന്നിരുന്ന വെള്ളാരംകല്ലുകളിലൊന്ന് അയാളുടെ ചെന്നിയെ ഭേദിച്ചു. രക്തം ധാരധാരയായി ഒഴുകി. രക്തം കണ്ട മാത്രയില്‍ പേടിതൊണ്ടനായ മൂത്തമകന്‍ അമ്മയെതേടി വീട്ടിലേക്കോടി. രണ്ടാമത്തവന്‍ മൂത്തവന്‍റെ വാലായി പിന്നാലെയും.

തന്‍റെ പ്രായത്തെ വെല്ലുന്ന പക്വത പ്രദര്‍ശിപ്പിച്ചുകൊണ്ട് മകള്‍ മാത്രമാണ് അന്ന് അയാള്‍ക്ക് രക്ഷയായത്. തന്‍റെ അടിപാവാടയൂരി അവള്‍ അച്ഛന്‍റെ തലയില്‍ കെട്ടുകയും, കുറച്ചകലെ പറമ്പില്‍ ആടുകളെ മേച്ചിരുന്ന ഇറച്ചിവെട്ടുകാരന്‍ അഹമ്മദിനെ കൈകൊട്ടി മാടിവിളിക്കുകയും ചെയ്തു. അഹമ്മദും, കൂടെ ബീവിയായ കൊച്ഛാമിനയും, ഓടിവരികയും അയാളെ പൊക്കിയെടുത്ത് അവരുടെ വീട്ടില്‍ ശുശ്രൂഷിക്കുകയും ചെയ്തതുകൊണ്ട് അയാള്‍ അന്ന് രക്തം വമിച്ച് മരിച്ചില്ല. വൈദ്യകൂടിയായ കൊച്ഛാമിന കെട്ടിവച്ച പച്ചമരുന്ന് അയാളുടെ മുറിവുകള്‍ പെട്ടെന്ന് തന്നെ കരിച്ചുകളഞ്ഞു. പക്ഷെ രണ്ട് ആണ്‍മക്കളോടുമുള്ള അയാളുടെ അവക്ജ്ന  കരിച്ചുകളയുവാന്‍ ഒരു പച്ചമരുന്നിനുമായില്ല.

അതുകൊണ്ട് തന്നെ, വളര്‍ന്നു വരുന്ന ആണ്‍മക്കളുടെ രണ്ടുപേരുടെയും ഉയര്‍ന്ന വിദ്യാഭ്യാസത്തിന് അയാള്‍ വലിയ പ്രാധാന്യമൊന്നും നല്‍കിയില്ല. മലയാളിയുടെ ചിരകാലഭിലാഷമായ ഗള്‍ഫില്‍ പോക്കിനെ ചുറ്റിപറ്റിയാണ് അയാള്‍ ആണ്‍മക്കളുടെ സ്വപ്നങ്ങള്‍ വളര്‍ത്തിയെടുത്തത്. അതുകൊണ്ട് തന്നെ ഒരാളെ പോളി ടെക്‍നിക്കിലും മറ്റൊരുവനെ ലാബ് ടെക്‍നീഷ്യന്‍ ആയും പഠിപ്പിച്ച് അയാള്‍ കടമ തീര്‍ത്തു. അങ്ങനെ തന്‍റെ എല്ലാവിധ സ്വത്തുക്കളും അയാള്‍ പൊന്നുമകളുടെ പഠിപ്പിനായി വളരെ വിദഗ്ദ്ധമായി തന്നെ മാറ്റി വച്ചു.

പോസ്റ്റ്! പിന്നേയും ആ വിളി കേട്ടപ്പോളാണ് അയാള്‍ മകളെ കുറിച്ചുള്ള ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. അപ്പോഴേക്കും സഹധര്‍മിണി പതിവുള്ള സംഭാരവുമായി ഉമ്മറത്തേക്ക് വന്നു കഴിഞ്ഞിരുന്നു. അതുകണ്ടതും അയാള്‍ ഓടുകയായിരുന്നു. തന്‍റെ മകളുടെതായ എന്തും തനിക്ക്  മാത്രം അവകാശപ്പെട്ടതാണെന്ന ഒരു നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. ഭാര്യക്ക് പോസ്റ്റ്മാന്‍റെ അടുത്തെത്താന്‍ കഴിയും മുന്പ് സ്വയം എത്തുക എന്നതായിരുന്നു ഉദ്ദേശ്യം.

നൂറിന്‍റെ പത്തൊന്‍പത് നോട്ടുകളും, അഞ്ച് ഇരുപതിന്‍റെ നോട്ടുകളും എണ്ണി ഏല്‍പ്പിച്ചതിന് ശേഷം പോസ്റ്റ്മാന്‍ മുരുകന്‍ സംഭാരം കുടിച്ചു. അത് പതിവാണ്. വേറൊരു പതിവും കൂടിയുണ്ടായിരുന്നു. അതും കാംക്ഷിച്ച് മുരുകന്‍ തല ചൊറിഞ്ഞുകൊണ്ട് നില്‍പ്പായി. അന്നാട്ടില്‍ പിശുക്കിന് പേരുകേട്ട അയാളുടെ കൈയ്യില്‍ നിന്നും ഇരുപത് രൂപ “ചായ കാശ് ” വാങ്ങിയെടുക്കുക എന്നത് മുരുകന് ഒരു വാശിയൊന്നുമായിരുന്നില്ല. അത് അയാളുടെ നിസ്സഹായവസ്ഥയുടെ ഒരു പ്രതിഫലനം മാത്രമായിരുന്നു.

രാജ്യത്ത് പ്രതിഫലം ഏറ്റവും കുറഞ്ഞ ജോലികളില്‍ ഒന്നുതന്നെയായിരുന്നു പോസ്റ്റ്മാന്‍ പണി. മറ്റുള്ളവര്‍ക്ക് മണി ഓര്‍ഡര്‍ പണമായും , ശുഭവാര്‍ത്തവഹിച്ചുള്ള ടെലെഗ്രാം ആയും, പ്രണയം പേറി വരുന്ന ഏറോഗ്രാം എഴുത്തുകളായും, വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ഇന്‍ലാണ്ട് ലെറ്ററുകള്‍ ആയും സന്തോഷവും ആഹ്ളാദവും പകുത്ത് നല്കിയിരുന്ന പോസ്റ്റ്മാന്‍. പലപ്പോഴും, മറ്റുള്ളവരുടെ സന്തോഷത്തില്‍ ഭാഗഭാക്കാവുവാന്‍, ഉള്ളിലുള്ള വ്യഥകള്‍ കടിച്ചമര്‍ത്തി വദനത്തില്‍ ചിരി പടര്‍ത്തുന്ന നിമിഷങ്ങള്‍. ആ സന്തോഷത്തില്‍ പങ്കുചേരുന്നതിന് ലഭിച്ചിരുന്ന പത്തോ ഇരുപതോ രൂപനോട്ടുകളും.

പക്ഷേ ജീവിക്കുവാന്‍ വേണ്ടി കെട്ടുന്ന ഈ പൊയ്മുഖങ്ങളെക്കാള്‍ വേദനാജനകമായിരുന്നു, ദുഖവാര്‍ത്തകള്‍ പേറിയുള്ള കത്തുക്കളും കമ്പികളും നല്‍കുവാനിടവരുമ്പോഴുള്ള നിമിഷങ്ങള്‍. ചിലര്‍ക്കാണെങ്കില്‍ മരണവാര്‍ത്തകള്‍ കൊണ്ടുചെല്ലുന്ന വ്യക്തിയോട് തീരാവെറുപ്പാവും. പോസ്റ്റ്മാന്‍ അയാളുടെ ദൌത്യം മാത്രമാണ് നിര്‍വഹിക്കുന്നതെന്നും, അല്ലാതെ ദുഖവാര്‍ത്തകള്‍ എത്തിക്കുന്ന ഒരപശകുനമൊന്നുമല്ല എന്നുമുള്ള തിരിച്ചറിവ് പക്ഷേ വളരെ കുറച്ചുപേര്‍ക്കെ ഉണ്ടായിരുന്നുള്ളു. ഇരുപത് രൂപ വാങ്ങിയെടുക്കുവാന്‍ അന്ന് അയാളുടെ മുന്നില്‍ ഒരു സങ്കോചവും ഇല്ലാതെ തല ചൊറിഞ്ഞുനില്‍ക്കുവാന്‍ മുരുകനെ പ്രാപ്തനാക്കിയത്, ആ കുറച്ച്പേരില്‍ അയാള്‍ ഉള്‍പ്പെട്ടിരുന്നു എന്ന തിരിച്ചറിവാണ്.

അത് സംഭവിച്ചത്  സുമാര്‍ രണ്ട് വര്‍ഷം മുമ്പാണ്. വളരെ ഉയര്‍ന്ന രീതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മകള്‍, ലോകാര്യോഗ്യ സംഘടനയില്‍ ചേര്‍ന്നപ്പോള്‍ അയാള്‍ക്ക് തോന്നി, ലോകത്തിലെക്കേറ്റവും ഭാഗ്യവാനായ പിതാവാണ് താനെന്ന്. സംഘടനയുടെ തലസ്ഥാന നഗരമായ ജനീവയില്‍, സ്വീട്സെര്‍ലണ്ടിന്റെ പ്രകൃതിരമണീയതയില്‍, ഒരുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയാക്കി മകള്‍ ആദ്യത്തെ നിയമനവുമായി എത്തിപ്പെട്ടത് കൊളമ്പോ എന്ന യുദ്ധഭൂമിയില്‍.

സിംഹളരും തമിഴ് പുലികളും തമ്മിലുള്ള വംശയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഭരണകൂടഭീകരത മൂലം ഒറ്റപ്പെട്ട തമിഴ് മേഖലകളില്‍ , രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരുന്നു. അവരെകുറിച്ച് മുതലകണ്ണീര്‍ മാത്രം പൊഴിച്ചിരുന്ന വിവിധ സര്‍ക്കാറുകളുടെ കെടുകാര്യസ്ഥ ലോകശ്രദ്ധ പിടിച്ചുപറ്റി. ഒരുകൂട്ടം ജനങ്ങളുടെ കൂട്ടമരണം ഒഴിവാക്കാന്‍ യുണൈറ്റഡ് നേഷന്‍സ് മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതി മുഖാന്തിരം ആണ് ലോകാരോഗ്യ സംഘടന തങ്ങളുടെ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തെ അങ്ങോട്ടയച്ചത്.

അതീവം അപകടം പതിഞ്ഞിരിക്കുന്ന ജോലി. മനുഷ്യസ്നേഹം മാത്രമായിരുന്നു ആ സംഘത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നത്. ശ്വേതപതാകയേന്തിയ വാഹനങ്ങളെ മാത്രമേ ആ മേഖലകളില്‍ പട്ടാളം കടത്തി വിട്ടിരിന്നുള്ളൂ. അതിസാരം, കോളറ, മഞ്ഞപ്പിത്തം എന്നു വേണ്ട, എല്ലാവിധ രോഗങ്ങളും കൊടികുത്തി വാഴുന്ന പ്രദേശങ്ങള്‍. അതിനുള്ള മൂലകാരണമോ, മതിയായ ഭക്ഷണമോ ശുചിയായ വെള്ളമോ ലഭിക്കാത്തത് മൂലമുള്ള രോഗപ്രതിരോധശക്തിയില്ലായ്ക. പ്രതിരോധം ചികില്‍സയെക്കാള്‍ അഭികാമ്യം എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് ബാനറുകളാണ് ഡോക്ടര്‍മാര്‍  ഉടനീളം സ്ഥാപിച്ചത്. അത് ശരിതന്നെയായിരുന്നു.  യുണൈറ്റഡ് നേഷന്‍സ് അത് ശരി വെക്കുകയും, വളരെ ഉദാത്തമായ രീതിയില്‍ത്തന്നെ ഭക്ഷണവും വെള്ളവും എത്തിച്ച് കൊടുത്ത്, പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിധി വരെ പരിഹാരം കാണുകയും ചെയ്തു.

മുഴുവന്‍ ലോകത്തിന്‍റെ തന്നെ പ്രശംസ പിടിച്ചുപറ്റിയ രക്ഷാപ്രവര്‍ത്തനം കാഴ്ച്ച വെച്ച് തിരിച്ചുവരികയായിരുന്നു ആ മെഡിക്കല്‍ സംഘം. ജാഫ്നയില്‍ നിന്നും കൊളമ്പോയില്ലേക്കുള്ള റോഡ് മാര്‍ഗമുള്ള യാത്ര. ജാഫ്നയില്‍ നിന്നും പുറത്തുകടക്കും വരെ വഴിയിലുടനീളം നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടങ്ങളും ബാനറുകളും. നന്ദിപ്രകടനങ്ങള്‍ ആസ്വദിക്കുകയായിരുന്നെങ്കിലും അവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നു. ജാഫ്ന പ്രദേശം കടന്നുകിട്ടുക എന്നതായിരുന്നു അവരുടെ സുരക്ഷാ സംഘത്തിന്‍റെ തലവേദന. അതുകൊണ്ടുതന്നെ നന്ദിപ്രകടനങ്ങള്‍ക്ക് അധികം നിന്നുകൊടുക്കാതെ വേഗത്തില്‍ തന്നെ ആ പ്രദേശം തരണം ചെയ്യാന്‍  സഹായിക്കണം എന്നുള്ള ശക്തമായ താക്കീത് സുരക്ഷ ഉദ്യോഗസ്ഥര്‍ ആ സംഘത്തിന് നല്കിയിരുന്നു. അതുകൊണ്ടു തന്നെയാവണം അകാരണമായ ആ ഭയം അവരുടെയെല്ലാം തന്നെ മനസ്സില്‍  ഉടലെടുത്തത്.

ഭയപ്പാടുകള്‍ക്ക് അരുതി വരുത്തികൊണ്ട് അധികം വൈകാതെ, സൂര്യാസ്തമനത്തിന് മുമ്പുതന്നെ അവര്‍ ജാഫ്ന പ്രദേശം തരണം ചെയ്തു. പ്രകൃതി അറിഞ്ഞു കൊടുത്ത സ്വര്‍ഗീയ ഭംഗിയുള്ള പ്രദേശങ്ങളാണ് ശ്രീലങ്കയില്ലുള്ളത്. എന്നാല്‍ അവര്‍ അതൊക്കെ അപ്പോഴാദ്യമായാണ് ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്. കടലും കരയും പ്രണയം പറയുന്ന അനേകം തീരങ്ങള്‍. മരതകപട്ടുടുത്ത ഭൂപ്രദേശങ്ങള്‍. സമുദ്രത്തോട് അലിഞ്ഞു ചേരാന്‍ വെമ്പല്‍ പൂണ്ട് കൂടുതല്‍ വേഗതയോടെ ഒഴുകുവാന്‍ ആഞ്ഞു ശ്രമിക്കുന്ന അനേകം നദികള്‍.

ഒരു ദശാബ്ദത്തിലേറെയായി നിലനിന്നിരുന്ന അരക്ഷിതാവസ്ഥ മൂലം നശിച്ചുപോയ കമ്പനികളും ബിസ്സിനസുകളും പക്ഷേ പക്ഷിമൃഗാതികള്‍ക്ക് ഒരനുഗ്രഹമായിരുന്നു. പുകയോ, ശബ്ദമോ, വിഷമാലിന്യങ്ങളോ ഇല്ലാത്ത ഭൂപ്രദേശത്ത് അവര്‍ അര്‍മാദമാടി. കൊളൊംബോയിലേക്കുള്ള വഴിയിലെ മനോഹാരിതകള്‍ ആവോളം ആസ്വദിച്ച് ആ സംഘം ആദ്യമായി ശ്രീലങ്കന്‍ മണ്ണിനെ  അടുത്തറിയുകയായിരുന്നു. അപ്പോഴാണ് ആ പട്ടാളത്തിന്‍റെ ചെക്ക്പോസ്റ്റില്‍ അവരുടെ വണ്ടിക്ക് നിറുത്തേണ്ടി വന്നത്.

പതിവുള്ള ചെക്കിങ് ആണെന്നും എല്ലാവരും ഇറങ്ങി റജിസ്റ്ററില്‍ ഒപ്പിടണമെന്നും ഡ്രൈവര്‍ വിളിച്ച് പറഞ്ഞു. ഒപ്പിട്ടുകഴിഞ്ഞ സംഘത്തിനെ കുറച്ചകലെയുള്ള തുറന്ന സ്ഥലത്തേക്ക് സുരക്ഷ ഉപദേശങ്ങള്‍ക്കായി പട്ടാളക്കാര്‍ ആനയിച്ചു. പക്ഷേ, ഉപദേശങ്ങള്‍ക്കായി തടിച്ചുകൂടി നിന്ന അവരെ എതിരേറ്റത് കാതടപ്പിക്കുമാറുള്ള ശബ്ദത്തോട് കൂടിയ യന്ത്രതോക്കുകളില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളായിരുന്നു.

പുതുമഴ പെയ്ത രാത്രിയില്‍, ജ്വലിക്കുന്ന വിളിക്കിനരികെ ചത്തൊടുങ്ങി കിടക്കുന്ന ഈയ്യാന്‍പാറ്റകളെ പോലെ ആ ഒരുകൂട്ടം മനുഷ്യര്‍ മരിച്ചുകിടന്നു. രാത്രിക്കുരാത്രിതന്നെ ആ ജഡങ്ങളെല്ലാം തമിഴ് ശക്തികേന്ദ്രമെന്ന് ലോകത്തെ വിശ്വസിപ്പിച്ചിരുന്ന  ഒരു സ്ഥലത്ത് പട്ടാളക്കാര്‍ കൊണ്ടുപോയി ചിതറിയിട്ടിരുന്നു. സംരക്ഷിക്കുവാന്‍ വന്ന മെഡിക്കല്‍ സംഘത്തെ പോലും കൊന്നൊടുക്കുന്ന ക്രൂര കിരാതന്‍മാരാണ് തമിഴ് പുലികള്‍ എന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കല്‍ ആയിരുന്നു ഉദ്ദേശ്യം.

ടെലെഗ്രാമുമായി വന്ന മുരുകന്‍ അത് തരാതെ വാവിട്ട് കരയുന്നത് കണ്ട് അയാള്‍ക്ക് അപ്പോഴെ പന്തികേട് തോന്നി. എന്ത് ദുഖവാര്‍ത്തയാണെങ്കിലും അത് താങ്ങാന്‍ ഹൃദ്രോഗിയായ തന്‍റെ സഹധര്‍മ്മിണിക്ക് കഴിയില്ലെന്ന് അയാള്‍ക്ക് നല്ല നിശ്ചയമായിരുന്നു. അതുകൊണ്ട് തന്നെ മനസ്സിനെ ആവോളം നിയന്ത്രിച്ച്, മുരുകനെ അയാള്‍ തകൃതിയില്‍ കൈയ്യാലക്കപ്പുറത്തേക്ക് മാറ്റി നിറുത്തി. താന്‍ ഭയപ്പെട്ടത് പോലെ തന്നെയുള്ള ആ വാര്‍ത്ത അയാളെ ഒരു നിമിഷത്തേക്ക് മരവിപ്പിച്ചു കളഞ്ഞു. എങ്കിലും താന്‍ ചെകുത്താനും കടലിനും നടുവിലാണെന്നും, ദുഖം പുറത്ത് പ്രകടിപ്പിച്ചാല്‍ ഭാര്യയെയും തനിക്ക് നഷ്ടപ്പെടും എന്ന തിരിച്ചറിവുകൊണ്ട്  അയാള്‍ ഒരുവിധം സമചിത്തത പാലിക്കുകയായിരുന്നു.

പിന്നീടുള്ള മാസങ്ങളില്‍ അയാള്‍ തന്നെ കാശ് കൊടുത്ത് പറഞ്ഞേര്‍പ്പാടാക്കിയ മുഖേന, മുരുകന്‍ മുടങ്ങാതെ മണി ഓര്‍ഡര്‍ കൊണ്ടുവന്നുക്കൊണ്ടിരുന്നു. പത്നിക്ക് സംശയം തോന്നാതിരിക്കാന്‍ ഒരിക്കല്‍ പോലും അത് ഏറ്റുവാങ്ങാന്‍ അവരെ അയാള്‍ അനുവദിച്ചതുമില്ല.

Copy right – V.T.Rakesh

വടശ്ശേരി തൈപറമ്പില്‍‌ രാകേഷ്

പുളിങ്കറി – ഒരു ചെറുകഥ

അന്നും ചോറിനോടൊപ്പം പുളിങ്കറി തന്നെ. എത്ര തവണ ഞാന്‍ അമ്മയോട് കയര്‍ത്തിരിക്കുന്നു.

രാവിലെ വിദ്യാലയത്തില്‍ എത്തിപ്പെടാനുള്ള വെപ്രാളത്തില്‍ മിക്കവാറും പ്രാതല്‍ നാമമാത്രമായാണ് കഴിക്കാറുള്ളത്. എങ്ങനെയെങ്കിലും തിന്നുവെന്ന് വരുത്തി  തീര്‍ത്ത്, ഒരോട്ടമാണ് ബസ്സ്റ്റോപ്പിലേക്ക്. എട്ട് മണിയുടെ ബസ് പിടിക്കുകയാണ് അന്ന് ജീവിതത്തില്‍ ഏറ്റവും പ്രധാനം. കൂട്ടുക്കാരാണല്ലോ ഒരു കൌമാരക്കാരന്‍റെ ദൌര്‍ബല്ല്യം. അവരുമൊത്ത ബസ് യാത്ര, അതിലുപരി ഒരു സന്തോഷം അന്നില്ലായിരുന്നു.

ഉച്ചയൂണിനുള്ള പൊതിച്ചോര്‍, അത് കാണുന്നതെ ഈര്‍ഷ്യ ആയിരുന്നു. പലവിധവര്‍ണത്തിലുള്ള ചോറ്റുംപാത്രങ്ങളില്‍, ഇറ്റാലിയനും, പെര്‍ഷിയനും പോലുള്ള വിഭവങ്ങള്‍ കൊണ്ടുവന്നിരുന്ന കൂട്ടുകാര്‍ക്ക് മുന്‍പില്‍, പൊതിച്ചോര്‍ തുറന്ന് ചോറും, ദിവസേനയെന്നവണ്ണം മൊട്ടക്കൂസ് തോരനും കഴിക്കുക, തികച്ചും അരോചകമായിരുന്നു അത്. വീട്ടില്ലുള്ള കോഴി കനിഞ്ഞുനല്കിയിരുന്ന മുട്ടയായിരുന്നു ചിലപ്പോഴെങ്കിലും ഒരു മുട്ട ഓംലെറ്റായോ കൊത്തിപ്പൊരിയായോ എന്‍റെ ദുരഭിമാനത്തെ രക്ഷിച്ചിരുന്നത്.

ഒരു മണിക്കൂര്‍ നീണ്ട ഉച്ചയൂണിനുള്ള ഇടവേളയില്‍ സുമാര്‍ മുക്കാല്‍ മണിക്കൂറെങ്കിലും ക്രിക്കറ്റ് കളിയായിരുന്നു. അതുകൊണ്ടുതന്നെ, കൊണ്ടുപോയിരുന്ന പൊതിച്ചോറില്‍ സിംഹഭാഗവും ആസ്വദിച്ചിരുന്നത് ചവറ്റുകൊട്ടയുടെമേല്‍ അനിഷ്യേധ ആധിപത്യം സ്ഥാപിചിരുന്ന ബ്രൌണിപട്ടിയുമായിരുന്നു. എങ്ങനെയെങ്കിലും കളിതുടങ്ങാനായിരുന്നു മിക്കവരുടെയും താത്പര്യം. പ്രായത്തിന്‍റെ ഊര്‍ജസ്വലതയില്‍ വിശപ്പും ദാഹവും ഒരു പ്രശ്നമേ അല്ലായിരുന്നു.

വിയര്‍ത്തൊലിച്ച് ക്ലാസ്സുകളില്‍ നാലുമണിവരെ കഴിച്ചുക്കൂട്ടിയിട്ടും, ഒടുങ്ങാത്ത ശുഷ്കാന്തിയായിരുന്നു കൂട്ടമണിക്ക് ശേഷമുള്ള വീട്ടിലേക്കുള്ള ഓട്ടത്തിന്. അരമണിക്കൂര്‍ നീളമുള്ള ബസ് യാത്ര മാത്രമായിരുന്നു ചിലപ്പോഴെങ്കിലും ഒരുറക്കം സമ്മാനിച്ചിരുന്നത്. അടുത്തിരിക്കുന്നവന്‍റെ മേല്‍ ഏത്തായി ഒലിപ്പിക്കുന്നവന്‍ എന്ന ദുഷ്പേര് നല്‍കാനല്ലാതെ ആ ഉറക്കം ഒന്നിനും ഉപകരിച്ചിരുന്നില്ല. ബസ് ഇറങ്ങി പോയിരുന്ന രണ്ടു ശുഷ്കിച്ചുണങ്ങിയ പിള്ളേര്‍ക്ക്, പരിചയക്കാരനും, സന്മനസ്സുളവനുമായിരുന്ന പച്ചക്കറികാരന്‍ സായവ് ആണ് ആദ്യം നേന്ത്രപ്പഴം നല്കി വിശപ്പടക്കാന്‍ സഹായിച്ചത്. പിന്നീട് വീട്ടുകാര്‍ മാസത്തുകയായി പറഞ്ഞുറപ്പിച്ചതനുസ്സരിച്ച് അത് ഒരു പതിവായി.

വൈകുന്നേരങ്ങളില്‍, വര്‍ഷക്കാലത്തുള്ള നീന്തലും, വേനല്‍കാലത്തുള്ള ഫുട്ബോളും, ഇവരണ്ടുമാണ് സ്കൂളിലെ കൂട്ടമണിക്ക് ശേഷമുള്ള ഓട്ടത്തിന് ആക്കം കൂട്ടിയത്. രണ്ടായാലും, തിരിച്ച് വന്നതിനുശേഷം ഹോംവര്‍ക്ക് തീര്‍ക്കുക എന്നത് എന്നും ഒരു ഭഗീരതപ്രയത്നം തന്നെയായിരുന്നു. ഉറക്കദേവത ഏറ്റവും ശക്തിയായി തഴുകുന്ന നിമിഷങ്ങള്‍. എന്നാല്‍ ഉറക്കദേവതയെ തുരത്തിയോടിക്കുന്ന സാക്ഷാല്‍ ഭദ്രകാളിയായി അമ്മ അവതരിക്കുന്ന നിമിഷങ്ങളും ആയിരുന്നു അത്.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞുള്ള സമാധാനകരാര്‍ പോലെയായിരുന്നു അത്താഴം. അമ്മ വിളംബുന്നത് എന്തോ, അത് മിണ്ടാതിരുന്നു കഴിക്കുക. യുദ്ധാനന്തരം അമേരിക്ക എന്തു പറയുന്നോ, അതനുസരിക്കുന്ന ജപ്പാനെ പോലെ ഞങ്ങള്‍ രണ്ടുപേരും വിളംബിയതെല്ലാം തന്നെ തിന്നുതീര്‍ത്തിരുന്നു. മിക്കദിവസങ്ങളിലും തന്നെയുണ്ടായിരുന്ന ചോറും പുളിങ്കറിയും അമൃത് പോലെ കഴിച്ചുതീര്‍ത്തിരുന്ന ഞങ്ങളെ കണ്ട് ദേവന്മാര്‍ വരെ അസൂയപ്പെട്ടിടുണ്ടാവണം.

കോലാഹലങ്ങള്‍ ഒന്നും തന്നെയുണ്ടാക്കാതെ ഉറങ്ങുക എന്നതായായിരുന്നു സമാധാനകരാറിന്റെ അടുത്ത നിബന്ധന. അതൊരിക്കല്‍ മാത്രമേ ഞങ്ങള്‍ ഭംഗിച്ചിട്ടുള്ളൂ. 1983 ലോകക്രിക്കറ്റ് കലാശകളിയില്‍ വിന്ടീസിന്‍റെ  അവസാന വിക്കെറ്റ് ലാക്കാക്കി കുതിക്കുന്ന മൊഹീന്ദര് അമര്‍നാഥ്. ഉറങ്ങികൊണ്ട് ഓടിവരുന്ന ബൌളര്‍ എന്ന് എതിരാളികള്‍ കളിയാക്കിയിരുന്ന അമര്‍നാഥ്, മൈക്കല്‍ ഹോള്‍ഡിങ്ങ്  എന്ന വിഖ്യാത കളിക്കാരന്‍റെ വിക്കെറ്റ് എറിഞ്ഞു വീഴ്ത്തിയപ്പോള്‍, ആര്‍ത്ത് വിളിച്ചത് നൂറ് കോടി ജനങ്ങളാണ്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അത് കേട്ടയുടന്‍ ആര്‍ത്തട്ടഹസിച്ച ഞങ്ങള്‍ ജേഷ്ടാനുജന്‍മാരെ കാത്തിരുന്നത് പക്ഷേ ഒരു കൂട്ടം ശകാരവര്‍ഷങ്ങളാണ്. കൂട്ടുകുടുംബത്തിന്‍റെ ആ കൊച്ച് സ്പര്‍ദ്ധയില്‍ നിന്ന് അമ്മയ്ക്കും അന്ന് ഞങ്ങളെ രക്ഷിക്കാനായില്ല.

കാലം കടന്ന് പോവുകയും, പറവകള്‍ കൂട് വിട്ട്പോകും പോലെ ഞങ്ങള്‍ ഹോസ്റ്റല്‍ മുറികളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഹോസ്റ്റല്‍ മെസ്സുകളില്‍ പത്തുപേര്‍ക്കുള്ള സാംബാര്‍ ഒരറ്റത്തുള്ള ഇലയില്‍ മാത്രം ഒഴിച്ചാല്‍ മതിയായിരുന്നു. കാരണം, ബാക്കി ഒമ്പതുപേര്‍ക്ക് അത് ഓരോ ഇലയില്‍ കൂടിയും ഒലിച്ചെത്തുമായിരുന്നു. ഇതൊരു തമാശ മാത്രമായിരുന്നെങ്കിലും, ഹോസ്റ്റല്‍ ജീവിതത്തിലെ പരിതാപകരമായ ഭക്ഷണവ്യവസ്ഥ ഇതില്‍പരം തുറന്നുകാട്ടുവാന്‍ വേറൊന്നിനും സാധിക്കുമായിരുന്നില്ല.

പണം അധികമുള്ള വിദ്യാര്‍ഥികള്‍ അടുത്തുപുറത്തുള്ള ഭക്ഷണശാലകളെ അഭയം പ്രാപിച്ചപ്പോള്‍, പാവപ്പെട്ടവര്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആഴ്ചയിലൊരിക്കല്‍ പോകാംവണ്ണം വീടുകള്‍ അടുത്തുള്ളവര്‍ ശനിയും ഞായറും നോക്കി വീടുകളിലേക്ക് കുതിച്ചു. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഇല്ലാത്തവരില്ലായിരുന്നു ഞാന്‍ ഉള്‍പ്പെട്ടത്. ജീവിതത്തില്‍ ആദ്യമായി അമ്മ വിളംബിയിരുന്ന ചോറും പുളിങ്കറിയും കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയ നിമിഷങ്ങള്‍.

പിന്നീട് പരീക്ഷക്ക് മുന്പ് ലഭിക്കാറുള്ള അവധികളിലും, വിദ്യാഭ്യാസം കഴിഞ്ഞുള്ള ജോലിയില്ലാനാളുകളിലും, ഈ ചോറും പുളിങ്കറിയും സ്വമേധയാ അമൃത് പോലെ സേവിച്ചിരുന്നു.

കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. നാട്ടില്‍ നിന്നും അകലെയുള്ള ജോലിയും, അധികം വൈകാതെയുള്ള കുഞ്ഞുങ്ങളും പ്രാരാബ്ദങ്ങളും നാട്ടിലേക്കുള്ള വരവ് വര്‍ഷത്തില്‍ ഒന്നാക്കി ചുരുക്കി. അതുകൊണ്ടു തന്നെ പുളിങ്കറിയുടെയും സ്വാദ് ഇരട്ടിച്ചുകൊണ്ടേയിരുന്നു.

കുഞ്ഞുനാളില്‍ യാത്രയിലും മറ്റും തന്നെ ഇറുക്കി പിടിച്ചിരുന്ന ബലിഷ്ടമായ ആ കൈകള്‍ ശോഷിച്ചുകൊണ്ടിരിക്കുന്നു. ഓരോ തവണ നാട്ടില്‍ വരുമ്പോഴും, പുളിങ്കറി വിളമ്പി തന്നിരുന്ന ആ കരങ്ങള്‍ കൂടുതല്‍ ശുഷ്കിച്ച് കൊണ്ടിരുന്നു. എന്നിരുന്നാലും, മക്കളും കൊച്ചുമക്കളും വിരുന്ന് വരുന്ന ആ സുന്ദരമൂഹൂര്‍ത്തങ്ങള്‍ നഷ്ടമാക്കാതിരിക്കാന്‍ ആവണം, ഒരു വേവലാതിയുമില്ലാതെ അമ്മ പുളിങ്കറി ഉണ്ടാക്കികൊണ്ടിരിന്നു.

ഇത് എന്‍റെ അമ്മയുടെ മാത്രം കഥയല്ല. നിങ്ങളുടെ അമ്മയുടെ കഥ കൂടിയാണ്. പുളിങ്കറിക്ക് പകരം അവിയലോ, ചിക്കന്‍ ബിരിയാണിയോ, മട്ടന്‍ കറിയോ എന്തുമാവാം. ചിലര്‍ക്ക് ഇന്നുമത് ആസ്വദിക്കാനുള്ള ഭാഗ്യം ദൈവം കൊടുത്തിരിക്കുന്നു. മറ്റ് ചിലര്‍ക്ക് അത് പകരം വെക്കാനില്ലാത്ത നഷ്ടബോധമായി, മനസ്സില്‍ ഒരു നീറ്റലായി തുടരുന്നു.

പതിനഞ്ച് വയസ്സുള്ള എന്‍റെ മകന് ഇന്നവന്‍റെ അമ്മ ഉണ്ടാക്കി കൊടുക്കുന്ന വിഭവങ്ങള്‍ വേണ്ട. പകരം ഫാസ്റ്റ് ഫുഡ് മതി. ഞാന്‍ അവനോട് ഈ പുളിങ്കറി കഥ പറഞ്ഞു നോക്കി. അവന്‍ അത് കേള്‍ക്കാത്തപോലെയിരുന്നു. അവനെ എങ്ങനെ ശാസിക്കും ഞാന്‍?

മുപ്പത് വര്‍ഷം മുമ്പ് എന്‍റെ അച്ഛന്‍ എന്നോടൊരു ‘അവല്‍ നനച്ചതിന്‍റെ’ കഥ പറയുമായിരുന്നു. അച്ഛന്‍റെ അമ്മ അന്ന് തന്നയിച്ചിരുന്ന അവല്‍ കൊണ്ടുപോകാതെ സ്കൂളിന് പിന്നിലുള്ള പലഹാരകടയിലെ അട തിന്നിരുന്ന കഥ. അട തിന്ന് ഒരു ദിവസം അതിസാരം പിടിച്ച് ആശുപത്രിയില്‍ പോകേണ്ടി വന്ന കഥ. എന്തു ഫലം ? അന്നും, ഞാന്‍ രാവിലെ കോളേജ് കാന്റീനിലെ പഴം റോസ്റ്റ് തിന്നാനോടി.

 

 

 

 

 

 

വൃഷകേതു – ചെറുകഥ

എവിടേക്ക് പോകുന്നു എന്ന തന്‍റെ ചോദ്യത്തിന് അന്ന് അവന്‍റെ അമ്മ മറുപടി പറഞ്ഞില്ല എന്നു തന്നെയല്ല, അവനെ ഒന്നു കൂടി ഓടി വന്ന് കെട്ടിപ്പുണരുകയാണ് ചെയ്തത്. കുറെ നാളായി അച്ഛനെയും സഹോദരന്മാരെയും കണ്ടിട്ട്. ഏതോ വലിയ യുദ്ധം നടക്കുകയാണെന്നും, അതെല്ലാം ജയിച്ച് അവര്‍ കുറേയേറെ സമ്മാനങ്ങളുമായി ഉടനെ വരുമെന്നും, അവന്‍ ചോദിക്കുമ്പോള്‍ അമ്മ പറയുമായിരുന്നു. അന്നിതാ അമ്മയും പോകാനൊരുങ്ങുകയായിരുന്നു .

അധികം വൈകാതെ, ശുശ്രൂഷിക്കുവാന്‍ അമ്മ ഏല്പിച്ചിരുന്ന ദാസി, കാത്തുനിന്നിരുന്ന ഒരുകൂട്ടം ബ്രാഹ്മണരുടെ അടുക്കലേക്ക് അവനെ ഏല്‍പ്പിച്ചു. അവര്‍ അവനെ വെള്ളയുടുപ്പിച്ച്, കുത്തിയൊഴുകുന്ന യമുനാനദിയുടെ തീരത്തേക്ക് നയിച്ചു. ശിശിരത്തിന്‍റെ തുടക്കമായിരുന്നു, സമയം സൂര്യാസ്തമനത്തിനോടടുക്കുന്നു. ജലസ്പര്‍ശത്തില്‍ ആ ബാലന്‍റെ ശരീരം വിറച്ചു. ഒരുപക്ഷേ കാണാനിരിക്കുന്ന ഭയാനക ദൃശ്യങ്ങള്‍ക്ക് ശരീരം അവനറിയാതെ തന്നെ തയാറെടുക്കുകയായിരുന്നോ ?

ഈറനോടെ അവനെ അവര്‍ നയിച്ചത് ഒരു പട്ടടയുടെ അടുത്തേക്കായിരുന്നു. കുറച്ചധികം ആളുകള്‍ അവിടെ തടിച്ചു കൂടിയിരുന്നു. എല്ലാം പരിചയമില്ലാത്ത ആളുകള്‍. അങ്ങ് ദൂരെ ഒരു വെള്ളയുടുത്ത സ്ത്രീ നിര്‍നിമേഷയായി ഇരുന്നിരുന്നു. അവര്‍ക്ക് ചുറ്റും മറ്റ് ചില സ്ത്രീകളും വ്യസനസമേധം കൂടിയിരുന്നിരിന്നു. അത് തന്‍റെ അമ്മയായിരുന്നോ? ആ കൊച്ചുമനസ്സില്‍ സംശയം തോന്നാതിരുന്നില്ല.

പട്ടടക്കരുകില്‍ എത്തിയതും അവന്‍ അതിനുള്ളില്‍ വച്ചിരുന്ന ഒത്ത ശരീരവും, അതിലുപരി ചിരപരിചിതമായ ആ സൂര്യചേതസ്സുള്ള ശിരസ്സും ശ്രദ്ധിച്ചു. വൈകുന്നേരങ്ങളില്‍ ഓടി വരുന്ന തന്നെ വാരിയെടുത്ത് ചുംബിച്ചിരുന്ന ആ അച്ഛന്‍ ഈവിധം കിടക്കുന്നത് കണ്ട് അവന്‍റെ മനസ്സൊന്നു പിടഞ്ഞു. വിതുമ്പാനൊരുങ്ങുന്ന അവനെ തൊട്ടാശ്വസ്സിപ്പിക്കുവാന്‍ അടുത്ത് വന്ന ചെറുപ്പക്കാരനായ ബ്രാഹ്മണനെ വയോധികനായ മറ്റൊരു ബ്രാഹ്മണന്‍ തടുക്കുകയും ആംഗ്യഭാഷയില്‍ ശാസിക്കുകയും ചെയ്തു.

പരുങ്ങി നില്‍ക്കുന്ന ആ കുട്ടിയെ കൊണ്ട് പിതാവിന്‍റെ ചിതക്ക് തീകൊളുത്തിപ്പിച്ച്  ബ്രാഹ്മണര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു.  പ്രദിക്ഷണങ്ങള്‍ വെച്ച് , കുടമുടച്ച് നടന്നകന്ന ആ  പിഞ്ചു ബാലന്‍റെ ചെവിട്ടില്‍, ചിതയില്‍ നിന്നുയര്‍ന്നിരുന്ന, ഒരു സ്ത്രീയുടെ ജീവന്‍മരണ പോരാട്ടത്തിന്‍റെ രോദനം അലയടിച്ചു. ചതിയുടെ ചിതയില്‍ എരിഞ്ഞടങ്ങുന്ന തന്‍റെ പുത്രനെയും, ഒരു ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും ദുര്‍ഭാഗ്യകരമായ അനുഭവം തിരിച്ചറിയാനാവാതെ നടന്നകലുന്ന എട്ടും പൊട്ടും തിരിയാത്ത തന്‍റെ പൌത്രനെയും, കാണുവാനുള്ള ധൈര്യമില്ലാതെ, ആദിത്യന്‍ മേഘപാളികളുടെ ഇരുട്ടാകുന്ന കല്ലറയില്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.

ചിതയില്‍ നിന്നുതിര്‍ന്ന ആ അലറിവിളിച്ചുള്ള കരച്ചില്‍ അവന്‍റെ കാതുകളില്‍ ജീവിതകാലം മുഴുവനും അവശേഷിച്ചു. പിറ്റേന്ന് രാവിലെ ദാസിമാരാണ് അവനെ ബലികര്‍മ്മങ്ങള്‍ക്കായി യമുനാതീരത്തേക്ക് കൂട്ടികൊണ്ടുപോയത്. ഒരുവിധം അവര്‍ പറഞ്ഞു തന്നതനുസരിച്ച് അവന്‍ ബലികര്‍മ്മങ്ങള്‍ ചെയ്ത്, അരയൊപ്പം വെള്ളത്തില്ലിറങ്ങി. രണ്ടുകൈവെള്ളയിലുമായി വെള്ളമെടുത്ത്, സൂര്യനെ നോക്കി ജലതര്‍പ്പണം ചെയ്തു. അച്ചന്‍റെ സ്വതസിദ്ധമായ സുസ്മേരവദനം മനസ്സില്‍ ആലോചിച്ചുള്ള ആ ജലതര്‍പ്പണവും, കാണുവാനുള്ള ശേഷിയില്ലാതെ, സൂര്യന്‍ വീണ്ടും മേഘപാളികള്‍ക്കിടയില്‍ അഭയം പ്രാപിച്ചു.

സൂര്യന്‍റെ ഈ ഒളിച്ചുകളിയില്‍ രോഷം പൂണ്ട് മുഖം തിരിച്ച ആ ബാലന്‍ കണ്ടത് തന്നെ പോലെ തന്നെ ബലികര്‍മ്മങ്ങളുടെ ഭാഗമായി ജലതര്‍പ്പണം നടത്തുന്ന മറ്റൊരാളെയാണ്. കാഴ്ചയില്‍ തന്‍റെ താതനെ അനുസ്മരിപ്പിക്കുന്ന മുഖകാന്തിയും ആകാരപുഷ്ടിയും. പക്ഷേ തന്‍റെ പിതാവ് ഒരിക്കല്‍ പോലും ചെയ്തു കാണാത്ത ഒരു കാര്യം ഈ അപരിചിതനെ തികച്ചും വ്യതസ്തനാക്കി. അയാള്‍ കൊച്ചുകുട്ടിയെ പോലെ വിതുമ്പി കരഞ്ഞുകൊണ്ടിരുന്നിരുന്നു. യോദ്ധാക്കള്‍ ഒരിയ്ക്കലും കരയരുത് എന്നാണ് അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇയാള്‍ യോദ്ധാവല്ലെന്ന് പറയുക വയ്യ. അച്ഛനെ പോലെതന്നെ ലക്ഷ്ണമൊത്ത ഇയാള്‍ എങ്ങനെ യോദ്ധാവല്ലാതെ വരും.

ഒടുവില്‍ ധൈര്യം സംഭരിച്ച് അവന്‍ അയാളോട് ചോദിച്ചു, “ അങ്ങ് ആര്‍ക്ക് വേണ്ടിയാണ് ജലതര്‍പ്പണം നടത്തുന്നത്, അതും ഇങ്ങനെ കരഞ്ഞുകൊണ്ട്?”. ആ കുരുന്ന് ചോദ്യത്തിന് മുന്നില്‍ അയാള്‍ വീണ്ടും പൊട്ടി കരഞ്ഞു പോയി. തന്‍റെ ചോദ്യം അയാളെ വേദനിപ്പിച്ചു എന്നറിഞ്ഞ് അവന്‍ മനസ്സില്ലാമനസ്സോടെ തിരിഞ്ഞുകയറി. എന്നാല്‍ പിന്നില്‍ നിന്നവനെ അയാള്‍ കെട്ടിപ്പുണരുകയായിരുന്നു. തന്‍റെ മൂത്തജ്യേഷ്ഠന്‍ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്ന് അയാള്‍ പറഞ്ഞപ്പോള്‍, സ്വന്തം അച്ഛന്‍ മരിച്ചിട്ടും താന്‍ കരഞ്ഞില്ലല്ലോ എന്ന് അവന്‍ അഭിമാനത്തോടെ പറഞ്ഞു. എന്നാല്‍ ജ്യേഷ്ഠന്റ്റെ മരണം തന്‍റെ കൈ കൊണ്ട് സംഭവിച്ചതാണ് തന്നെ കരയിപ്പിക്കുന്നത് എന്ന് കേട്ട് അവന്‍ അയാളോട് സഹതപിച്ചു.  സഹതപിച്ചതിന് പുറമെ അവന്‍ അയാളെ തിരിച്ചും ആലിംഗനം ചെയ്യുകയാണുണ്ടായത്.

ആലിഗ്നബദ്ധരായി നില്‍ക്കുന്ന വേളയിലാണ് അയാള്‍ അത് പറഞ്ഞത്. തങ്ങള്‍ രണ്ടുപേരും ഒരേ ആള്‍ക്ക് തന്നെയാണ് ജലതര്‍പ്പണം നടത്തിയത് എന്ന സത്യം. അത് അവന്‍ ഉള്‍കൊള്ളുവാന്‍ ഒരുനിമിഷമെടുത്തു. അതുള്‍ക്കൊണ്ട മാത്രയില്‍ വെറുപ്പോടുകൂടി അവന്‍ അയാളെ തട്ടിമാറ്റി, അവക്ജ്നയോടെ ഒരു നോട്ടം നോക്കിയതിന് ശേഷം, വീട്ടില്ലേക്ക് ഓടിമറഞ്ഞു.

അമ്മയെപ്പോലെ തന്നെ ലാളിച്ചിരുന്ന ദാസിയുടെ അരികിലാണ് അവന്‍ സാന്ത്വനത്തിനായി അഭയം പ്രാപിച്ചത്. അവളുടെ സ്വാന്തനവാക്കുകള്‍ അവനെ ഒട്ടൊക്കെ ശമിപ്പിച്ചു. അത് മനസ്സിലാക്കിയിട്ടെന്നോണം അവളവനെ  അതിഥിഗൃഹത്തില്‍ തങ്ങിയിരുന്ന ചിലരുടെ അടുക്കലേക്ക് ആനയിച്ചു.

ഒരമ്മൂമയും, വളരെയധികം ആകര്‍ഷണശക്തിയുള്ളതും സദാ പുഞ്ചിരിത്തൂകുന്ന വദനത്തോടുകൂടിയതുമായ ഒരപരിചിതനുമാണ് അവനെ അവിടെ വരവേറ്റത്. തലയില്‍ മയില്‍പ്പീലി ചൂടിയിരുന്ന ആ അപരിചിതന്‍റെ പുഞ്ചിരി കണ്ട മാത്രയില്‍ അവന്‍റെ എല്ലാ ദുഖവും അലിഞ്ഞ് ഇല്ലാതായി. ആ മുഖകാന്തിയില്‍ ഈ ലോകത്തിലുള്ള എല്ലാ സന്തോഷങ്ങളും നിറഞ്ഞ് തുളുമ്പുന്നത് അവന്‍ ശ്രദ്ധിച്ചു. അദേഹത്തിന്‍റെ പുറകില്‍ നിന്നും അപ്പോഴാണ് ആ അമ്മൂമ്മ അവന്‍റെ  അരുകില്‍ വരുകയും ഒരു ജന്മത്തിന്‍റെ മുഴുവനും കടം തീര്‍ക്കും പോലെ ചുംബനങ്ങളും മറ്റ് വാല്‍സല്യങ്ങളും കൊണ്ട് അവനെ വീര്‍പ്പ് മുട്ടിച്ചതും.

അധികം വൈകാതെ അമ്മൂമ്മയായ കുന്തിക്കും, ശ്രീകൃഷ്ണനും, അവരുടെ കൂടെ വന്നിരുന്ന കൃഷ്ണസഹോദരിയും അര്‍ജ്ജുനപത്നിയുമായ സുഭദ്രക്കുമൊപ്പം ആ ഹതഭാഗ്യനായ ബാലന്‍ യാത്രയായി. സ്വന്തം പുത്രനും യുദ്ധത്തില്‍ വീരമൃത്യു വരിച്ചതുമായ അഭിമന്യുവിനെയായിരുന്നു സുഭദ്ര ആ ബാലനില്‍ കണ്ടത്. സഹോദരിക്കും, ചെറിയമ്മയായ കുന്തിക്കും ആ ബാലന്‍ നല്കിയിരുന്ന ആശ്വാസമായിരുന്നു അവനെ അത്രക്ക് പെട്ടെന്ന് വശീകരിച്ചെടുക്കുവാന്‍ ശ്രീകൃഷണനെ പ്രലോഭിപ്പിച്ചത്. ഒന്നും കാണാതെ വാസുദേവന്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലല്ലോ.

തന്‍റെ അച്ചന്‍റെ സഹോദരങ്ങളെന്ന് കുന്തി കാണിച്ച് കൊടുത്ത അഞ്ചുപേരില്‍ ഒരാളെയൊഴിച്ച് എല്ലാവരെയും അവന്‍ സ്നേഹിച്ചു. പക്ഷേ ഒരാളെ മാത്രം കാണുന്ന മാത്രയില്‍ അവന്‍റെ രക്തം തിളക്കുമായിരുന്നു. ദേവകിനന്ദനന്‍റെ അടുത്ത കടമ്പയായിരുന്നു അത്. ഒരമ്മയുടെ സ്നേഹം കൊതിച്ചിരുന്ന വൃഷകേതുവിന് അത് വാരിക്കോരിയാണ് സുഭദ്ര നല്കിയത്. സുഭദ്രയുമായുള്ള  ഈ ആത്മബന്ധത്തെ ഉപയോഗിച്ച് തന്നെ പാര്‍ത്ഥസാരഥി വൃഷകേതുവിനെയും അര്‍ജ്ജുനനെയും അടുപ്പിച്ചു. അതുതന്നെയല്ല, വീരരക്തം സിരകളില്‍ ഒഴുകിയിരുന്ന വൃഷകേതുവിന്, തന്നെ ആയോധനവിദ്യ പഠിപ്പിക്കുവാന്‍ വെമ്പുന്ന അര്‍ജ്ജുനനെ അധികകാലം കണ്ടില്ലെന്ന് നടിക്കുവാനും സാധിച്ചില്ല എന്നതാണ് സത്യം.

നഷ്ടപ്പെട്ടുപോയ അഭിമന്യുവിനെ മാത്രമല്ല പാര്‍ത്ഥന്‍ അവനില്‍ കണ്ടത്. തന്‍റെ കൈകൊണ്ട് മരിച്ച ജ്യേഷ്ഠനോടുള്ള പ്രായശ്ചിത്തമായും വിജയന്‍ വൃഷകേതുവിന്‍റെ വിദ്യാഭ്യാസത്തെ കണ്ടു. അതുകൊണ്ടു തന്നെ തനിക്കറിയാവുന്ന എല്ലാ വിദ്യകളും അയാള്‍ അവന് പകര്‍ന്നുകൊടുത്തു. അങ്ങനെ ബ്രഹ്മാസ്ത്രവും, ചക്രവ്യൂഹം അകത്തുനിന്നും പുറത്തുനിന്നും ഭേദികുന്ന വിദ്യയും, എന്നു വേണ്ട ഭൂലോകത്ത് താനാണ് ഏറ്റവും ശ്രേഷ്ഠനായ വില്ലാളി എന്നവന് ഉറപ്പിച്ച് പറയത്തക്കവണം അര്‍ജ്ജുനന്‍ അയാളുടെ ജ്യേഷ്ഠപുത്രനെ സജ്ജമാക്കി.

യുധിഷ്ടരന്‍റെ അശ്വമേധവേളയില്‍ , വൃഷകേതുവിന്‍റെ പരാക്രമങ്ങള്‍ കണ്ട് , അവന്‍ അര്‍ജ്ജുനനെക്കാള്‍ ശ്രേഷ്ഠനായ വില്ലാളിയാണ് എന്നഭിപ്രായം ലോകമൊട്ടും ഉടലെടുക്കുവാന്‍ ഇടയാവുകയുണ്ടായി. പക്ഷേ അശ്വമേധത്തിനായി ഗുരു അര്‍ജ്ജുനനുമായി വടക്കുകിഴക്ക് ദിശയില്‍ പോകുന്ന വേളയില്‍ ആണ് ആ അഭിപ്രായത്തിന് ശോഷം സംഭവിച്ചത്. അര്‍ജ്ജുനന് ചിത്രാങ്കതയില്‍ ജനിച്ച ബബ്രുവാഹനന്‍ എന്ന വില്ലാളിയുമായാണ് ഗുരുവും ശിഷ്യനും ഒരുമിച്ച് ഏറ്റുമുട്ടിയത്. ഭീഷ്മരുടെ സഹോദരങ്ങളായ വസുക്കളും അമ്മയായ ഗംഗാദേവിയും, ബബ്രുവാഹനനിലൂടെ അര്‍ജ്ജുനനെയും വൃഷകേതുവിനെയും വധിച്ചു.

അര്‍ജ്ജുനന്‍റെ മറ്റൊരു ഭാര്യയായ ഉലൂപി നാഗമാണിക്യം ഉപയോഗിച്ച് തന്‍റെ ഭര്‍ത്താവിനെ ജീവിപ്പിച്ചപ്പോള്‍, ഭഗവാന്‍ കൃഷ്ണനാണ് വീണ്ടും ജീവന്‍ നല്‍കി വൃഷകേതുവിനെ രക്ഷിച്ചത്.  സഹോദരി സുഭദ്രക്ക് വീണ്ടുമൊരു ഹൃദയഭേദം സംഭവിച്ച് കാണാന്‍  കേശവന്‍ ആഗ്രഹിച്ചിരുന്നില്ല എന്നുവേണം കരുതാന്‍.

ജ്യേഷ്ഠകുന്തിപുത്രനായ കര്‍ണന്‍റെ പുത്രന് ഹസ്തിനപുരമോ ഇന്ദ്രപ്രസ്ഥമോ ലഭിക്കുമെന്ന് പ്രതീക്ഷച്ചവര്‍ക്ക് തെറ്റി. അതിനവകാശിയായത് അഭിമന്യുപുത്രനായ പരീക്ഷിത്താണ്. ദാനവീരന്‍റെ പുത്രന് ലഭിച്ചതോ , അച്ഛന്‍റെ  ഉത്തമസുഹൃത്തായ സുയോധനന്‍ നല്കിയ അംഗരാജ്യം മാത്രം.

copyright – V.T.Rakesh

വടശ്ശേരി തൈപറമ്പില്‍ രാകേഷ്

 

 

 

 

 

 

 

 

 

 

 

 

 

ഗുമസ്തന്‍ – ചെറുകഥ

അന്ന് ആപ്പീസില്‍ പിടിപ്പത് പണിയായിരുന്നു. പിറ്റേന്ന് പ്രമാദമായ സ്വത്ത് തര്‍ക്കത്തിന്റെ അവസാന വാദമായിരുന്നു. കേസ് തോറ്റു എന്ന് വക്കീല്‍ ഏമാന്‍ ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം അഭിമന്യുവധത്തിന്റെ പിറ്റേന്നുള്ള അര്‍ജ്ജുനനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു പബ്ലിക് പ്രോസിക്യൂടറുടെ കത്തികയറ്റം. അതിനുമുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഏമാന്‍ ഒരുമാതിരി വിയര്‍ത്തു. വിവശനായി നില്‍ക്കുന്ന എമാന്റെ മുന്നില്‍ ആ പോയിന്‍റ് പറഞ്ഞപ്പോള്‍ വല്ലാത്ത വെപ്രാളമായിരുന്നു ഗുമസ്തന്‍ ഗോവിന്ദന്.

സ്വതവേയുള്ള ദുരഭിമാനവും മൂക്കിന്‍പുറത്തുള്ള ശുണ്ടിയും ഏമാന്റെ മുഖത്തിനെ അത്യധികം പ്രക്ഷ്യുപ്തമാക്കിയിരുന്നു. പൂര്‍ണഗ്രഹണത്തിനു തൊട്ടുമുന്‍പുള്ള ചന്ദ്രനെ പോലെ വക്കീലിന്റെ മുഖം ചുവന്നു തുടുത്തിരുന്നു. മുങ്ങിത്താഴുന്നവന് കച്ചിതുരുംബ് എന്ന പോലെയായിരുന്നു അന്ന് തന്റെ ഗുമസ്തന്‍റെ അഭിപ്രായം മനസ്സില്ലാമനസോടെയാണെങ്കിലും അയാള്‍ ചെവികൊണ്ടത്. എന്നാലോ,  പബ്ലിക് പ്രോസിക്യൂട്ടര്‍ക്കതൊരു ഇടിത്തീയായി ഭവിക്കുകയാണുണ്ടായത്. തന്റെ ഇരുപത് കൊല്ലത്തെ സര്‍വീസിനിടയില്‍ ആദ്യമായി വക്കീലദ്ദേഹം തന്നെ അഭിമാനത്തോടെ നോക്കുന്നത് കണ്ട് ജീവിതം ധന്യമായതായി ഗോവിന്ദന് അനുഭവപ്പെട്ടു.

പട്ടണത്തിന്റ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. വളരെ കാലം മുമ്പാണ് പേര് കേട്ട ഒരു തറവാട്ടുക്കാര്‍ തങ്ങളുടെ സ്ഥലം തപാലാപ്പീസിനായി വാടകയ്ക്ക് കൊടുത്തത്. സ്വാതന്ത്ര്യസമരത്തോടും, അതിലുപരി മഹാത്മജിയോടും ചാച്ചാജിയോടുമുള്ള മമത മൂലമായിരുന്നു അവര്‍ അന്ന് തുച്ഛമായ പ്രതിഫലത്തിനാണെങ്കിലും വാടകക്ക് നല്കിയത്. എന്നാല്‍ കാലം കടന്ന് പോകുകയും പിന്നീടുള്ള തലമുറകളില്‍ രാജ്യഭക്തിയും രാഷ്ട്രനിര്‍മാതാക്കളില്‍ ഉള്ള വിശ്വാസവും ലോബിച്ചു വന്നു.

ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കില്‍ മാറി മറിഞ്ഞ കേരളം, പടിപടിയായി സാമൂഹ്യജീവിതത്തിന്റെ ശ്രേണികള്‍ ഒന്നൊന്നായി കീഴടക്കി ലോകത്തിന് മാതൃകയായപ്പോള്‍, ഈ കൊച്ച് പട്ടണവും അതിനൊത്ത് മാറിയിരുന്നു. പ്രസിദ്ധമായ കാളിക്ഷേത്രവും അതിനു ചുറ്റുമുള്ള വ്യാപാരസമുച്ചയങ്ങളും മാത്രമായിരുന്ന ആ പട്ടണം ഇന്ന് വന്‍ മാളുകളും ഹോട്ടെലുകളും അതിലുപരി റിയല്‍ എസ്ടേറ്റ് കച്ചവടങ്ങളുടെ സിരാകേന്ദ്രവുമായി തീര്‍ന്നിരുന്നു. അടുത്തയിടെ പണിതീര്‍ന്ന കുറേയേറെ പാലങ്ങള്‍, കൊച്ചി നഗരത്തെ വെറും ഒരു മണിക്കൂര്‍ ദൂരെ മാത്രം ആക്കി തീര്‍ത്തത് ഇതിനൊക്കെ ആക്കം കൂട്ടി. വിമാനമിറങ്ങി വന്ന കുഴല്‍പ്പണം റിയല്‍ എസ്ടേറ്റ് കച്ചവടത്തെ വാനോളം ഉയര്‍ത്തി.

ആയിടക്കാണ് പുതിയ തലമുറയില്‍ പെട്ട കുറച്ച് പേര്‍ക്ക് ഈ തപാല്‍ ആപ്പീസ് ഓര്മ വന്നത്. അതിന്റെ വാടക അവസ്സാനിപ്പിച്ച് വില്‍പ്പനക്കുള്ള കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് സ്ഥ്ലത്തെ പ്രധാന സിവില്‍ അഭിഭാഷകനായ കുറുപ്പിന്റെ അടുക്കല്‍ അവര്‍ വന്നെത്തിയത്. പക്ഷേ ഒരു ചടങ്ങ് മാത്രം എന്നു കരുതിയിരുന്ന ആ പ്രവൃത്തി വലിയൊരു വിവാദത്തിലേക്കും പിന്നീടൊരു കേസിലേക്കും വഴിമാറുകയായിരുന്നു. തപാല്‍ ആപ്പീസ് ഇരിക്കുന്ന ആ സ്ഥലം  ക്ഷേത്രങ്ങള്‍  ദേവസ്വം ഏറ്റെടുത്തപ്പോള്‍ ക്ഷേത്രസ്വത്തായി കണക്കിലെടുത്ത് ദേവസ്വം വക ഭൂമിയായി തീര്‍ന്നിരുന്നു.

ബ്രിടീഷുകാര്‍ ഭരിക്കുന്ന കാലത്ത് ക്ഷേത്രത്തിനും അതിനനുബന്ദമായ ഭൂമിക്കും അവര്‍  കോവിലകത്തെ തമ്പുരാനെ (കൊച്ചി രാജവംശം) തന്നെയായിരുന്നു അവകാശി ആക്കിയിരുന്നത്. അനന്തരാവകാശിയായ മറ്റൊരു തമ്പുരാന്‍ തപാല്‍ ആപ്പീസ് ഇരിക്കുന്ന ഭൂമി ബന്ധുവായ ഒരു നമ്പൂതിരിക്ക് കൈമാറുകയും, പിന്നീട് നമ്പൂതിരിയുടെ പിന്തലമുറക്കാരന്‍ അത് തനിക്ക് സംബന്ധം ഉണ്ടായിരുന്ന ഒരു നായര്‍ യുവതിക്ക് സമ്മാനിക്കുകയുമായിരുന്നു. ഈ നായര്‍ യുവതിയുടെയായിരുന്നു ഇപ്പോഴത്തെ അവകാശികള്‍ എന്ന് സമര്‍ഥിച്ചിരുന്ന ആ തറവാട്ടുകാര്‍.

ദേവസ്വത്തിന്റെ വാദം, ക്ഷേത്രവും ക്ഷേത്രഭൂമിയും രാജാവിന്‍റെയോ തമ്പുരാന്റ്റെയോ സ്വകാര്യ സ്വത്തായിരുന്നിലെന്നും ഹിന്ദു വിശ്വാസങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ടി ബ്രിടീഷുകാര്‍ നല്‍കിയിരുന്ന അവകാശം മാത്രമായിരുന്നെന്നും, ആയിരുന്നു. അവകാശങ്ങള്‍ കൈമാറാനുള്ളതല്ലെന്നും , അത് തിരികെ ഭരണാധികാരികള്‍ക്ക് ഏല്‍പ്പിക്കുക മാത്രമാണ് അവര്‍ക്ക് അത് വിട്ടൊഴിയ്ണമെങ്കില്‍ മാര്‍ഗമുണ്ടായിരുന്നതെന്നും ദേവസ്വം കോടതിയില്‍ വാദിച്ചു.

കുറുപ്പ് വക്കീല്‍ വാദിച്ചത്, 1947 ആഗസ്ത് 15നു എന്താണോ സ്ഥിതി അത് തുടരണം എന്നായിരുന്നു. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അത് നിഷ്പ്രയാസം പൊളിച്ചെടുത്തു. അങ്ങനെയെങ്കില്‍ തിരുവനന്തപുരം നഗരത്തിന്റെ പകുതിയും രാജവംശത്തിനെ തിരിച്ച് ഏല്‍പ്പികേണ്ടതായി വരുമല്ലോ എന്ന ചോദ്യത്തിന് കുറുപ്പിന് മറുപടിയുണ്ടായിരുന്നില്ല. ബ്രിടീഷുകാര്‍ പോയത് 1950 ജനുവരി 26നു ജന്മം കൊണ്ട ഇന്ത്യന്‍ ഭരണഘടനയെ രാജ്യമേല്‍പ്പിച്ചാണ്, അല്ലാതെ പണ്ടുകാലത്തെ രാജാക്കളെയല്ല. പ്രോസിക്യൂട്ടര്‍ കത്തികാളുകയായിരുന്നു.

യുദ്ധക്കളത്തില്‍ ആയുധം നഷ്ടമായ വില്ലാളിയെ പോലെ നിന്നിരുന്ന എമാന്റെ ചെവിട്ടില്‍ അപ്പോഴാണ് ഗോവിന്ദന്‍ അതോതിയത്. 1971 വരെ ഇന്ത്യയില്‍ നിലനിന്നിരുന്ന പ്രൈവി പഴ്സ് എന്ന സമ്പ്രദായത്തെ കുറിച്ചാണ് അയാള്‍ പറഞ്ഞത്. അതായത് രാജാക്കളുടെ അവകാശങ്ങള്‍ക്ക് സ്വാതന്ത്രലബ്ദിക്ക് ശേഷം സര്‍ക്കാര്‍ വിലനല്‍കിയിരുന്നു എന്നതിന്റെ തെളിവ്. ആ ഒരു വാദം കോടതിയെ കൂടുതല്‍ ചിന്തിപ്പിക്കുവാന്‍ കാരണമായി. ഒടുവില്‍ 1947 ആഗസ്ത് 15നു മുന്പ് തീര്‍പ്പാക്കിയിട്ടുള്ള വില്‍പനകളെ ചോദ്യം ചെയ്യാന്‍ കോടതിക്കോ സര്‍ക്കാരിനോ അധികാരമില്ലെന്നും , അതിനാല്‍ തപാല്‍ ആപ്പീസ് ഇരിക്കുന്ന പറമ്പും കെട്ടിടവും പഴയ അവകാശികളായ നായര്‍ തറവാട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവായി.

കോടികള്‍ വിലമതിക്കുന്ന ആ സ്വത്തുക്കള്‍ വിറ്റു കിട്ടിയ പണത്തിന്റെ നല്ലൊരു വിഹിതം ആ വീട്ടുകാര്‍ കുറുപ്പ് വക്കീലിന് പാരിതോഷികമായി നല്കി. ഇന്നേവരെ അയാള്‍ക്ക് ലഭിച്ചിട്ടില്ലാത്ത അത്രയും പ്രതിഫലം. എന്നാല്‍ അതില്‍ ഒരു നയാപൈസ പോലും അയാള്‍ തന്റെ വിജയത്തിന് ഹേതുവായ ഗുമസ്തന് നല്‍കിയില്ല.

നടന്ന് നടന്ന് അയാള്‍ തളര്‍ന്ന് പോയിരുന്നു. വക്കീല്‍ ആപ്പീസില്‍ നിന്നും വീട്ടിലേക്ക് സുമാര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു. ദിവസവും നടക്കുന്ന വഴി തന്നെ. പക്ഷേ അന്നാദ്യമായി അയാള്‍ക്ക് എന്തെന്നില്ലാത്ത ക്ഷീണം തോന്നി. വീട്ടിലേക്കുള്ള വഴിയിലാണ് സരസ്വതി മേന്‍റത്തിന്റെ (മാഡം എന്നതിന് മേന്‍റം എന്നാണ് പഴമക്കാര്‍ വിളിച്ചിരുന്നത് ) വീട്. എന്നത്തെ പോലെ അന്നും മേന്‍റത്തിന്റെ രണ്ട് കൊച്ചുമക്കള്‍ ഒരു പുതിയ കളി കളിക്കുന്നുണ്ടായിരുന്നു. ഇംഗ്ലിഷിലാണ് ആ കളിയില്‍ അവര്‍ ഇടയ്ക്കിടെ വിളിച്ച് കൂവാറുണ്ടായിരുന്നത്. കിറുക്ക് എന്നോ മറ്റോ ആണ് അവര്‍ കളിയെ വിളിച്ചിരുന്നത്. കൂട്ടത്തില്‍ മൂത്തവന്‍ എന്ന് തോന്നിച്ചിരുന്ന കണ്ണട വച്ചവനായിരുന്നു പടിക്കരികല്‍ നിന്ന് കളിച്ചിരുന്നത്. അവനോട് കുറച്ച് വെള്ളം വേണം എന്നു പറയേണ്ട താമസം, അവന്‍ ദൂരെ നിന്ന് പന്തെറിയാന്‍ ഓടി വന്നിരുന്ന അനുജനെ വിലക്കി. തൊലിവെളുത്ത് പല്ലുന്തിയ അനുജനെ അവന്‍ അപ്പോള്‍ തന്നെ വെള്ളമെടുക്കുവാന്‍ ഓടിച്ചു.

അയാളുടെ പേര് അവന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ടാവണം, മേന്‍റമാണ് വെള്ളവും കൊണ്ട് വന്നത്. വെറും വെള്ളമല്ല, നല്ല പച്ചമുളക് അരിഞ്ഞിട്ട സംഭാരം. “കേറി വരു ഗോവിന്ദന്‍ നായരെ, എത്രകാലമായി ഇങ്ങോട്ടോക്കെ വന്നിട്ട്” മേന്‍റം സ്നേഹത്തോടെ വിളിച്ചു. മേന്‍റത്തിന്റെ ഭര്‍ത്താവും പേരുകേട്ട സാഹിത്യകാരനുമായ നാരായണമേനോനും അകത്തു നിന്നും കൈവീശി വിളിക്കുന്നുണ്ടായിരുന്നു. രസികനായ അദ്ദേഹത്തോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതറിയില്ല. അതറിയാവുന്നത് കൊണ്ടുതന്നെ അയാള്‍ “പിന്നീടൊരിക്കല്‍” എന്ന് പറഞ്ഞുകൊണ്ടു തിരിഞ്ഞു നടന്നു. അതുതന്നെയല്ല, തങ്ങളുടെ കളി മുടങ്ങിയ സന്ദേഹം  പല്ലുന്തിയ ചെറുക്കന്‍റെ മുഖത്ത് അയാള്‍ സ്പഷ്ടമായി കണ്ടിരുന്നു.

വാതത്തിന്റെ വിഷമം മൂലം വലതുകാല്‍ ചെറുതായി വലിച്ചുവെച്ചാണ് അയാള്‍ നടന്നിരുന്നത്. അതുകൊണ്ടു തന്നെ അയാള്‍ ആടിയുലഞ്ഞു നടക്കുകയാണെന്നെ ആളുകള്‍ക്ക് തോന്നു. ചില്ലറ പരിഹാസമൊന്നുമല്ല അതുകൊണ്ട് അയാള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ആപ്പീസില്‍ നിന്നും കള്ള് കുടിച്ചിട്ടാണോ  അയാള്‍ വന്നിരുന്നതെന്നുവരെ ആളുകള്‍ ഈര്‍ഷ്യ പറയാറുണ്ടായിരുന്നു.

എന്നാല്‍ ഒരേയൊരു മകളുടെ മാംഗല്യം നടന്ന് കാണുവാനുള്ള എതൊരച്ഛന്റെയും ആഗ്രഹം അയാളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. നിത്യേനയുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള അഞ്ച് കിലോമീറ്റര്‍ നടത്തം മേടചൂടില്‍ പോലും അയാളെ തളര്‍ത്തിയിരുന്നില്ല. ഓരോ ദിവസത്തെയും ആയാസം, തിരിച്ച് വീട്ടില്‍ വന്നുകയറുമ്പോള്‍ ഭാര്യയുടെയും മകളുടെയും സന്തോഷമുള്ള മുഖം ദര്‍ശിക്കുന്ന ക്ഷണം, അയാള്‍ മറന്നിരിക്കും.

എന്നാല്‍, മേന്‍റത്തിന്റെ കൈയില്‍ നിന്നും കുടിച്ച സംഭാരത്തിനും അന്നയാളുടെ ക്ഷീണം മാറ്റുവാന്‍ സാധിച്ചില്ല. എത്ര നടന്നിട്ടും വീടെത്താത്ത പ്രതീതി. കണ്ണുകള്‍ പിടിക്കുന്നില്ല. കാലുകള്‍ ഇടറിയാണോ താന്‍ നടക്കുന്നത്, അയാള്‍ക്ക് സംശയം തോന്നി. താന്‍ വീണുപോയി എന്നയാള്‍ ഉറപ്പിച്ചതായിരുന്നു. പക്ഷേ രണ്ടു ബലിഷ്ടമായ കരങ്ങള്‍ തന്നെ ചേര്‍ത്തുയര്‍ത്തി പിടിച്ചിരിക്കുന്നു. അധികം വഴങ്ങാത്ത കണ്ണുകളുയര്‍ത്തി അയാള്‍ നോക്കി.

സഹോദരിയുടെ മകന്‍ ദുബായിലുള്ള കാര്യം അറിയാമെങ്കിലും അയാള്‍ അവനെ കണ്ടിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എന്നാലും ഒറ്റ നോട്ടത്തില്‍ അയാള്‍ക്കവനെ തിരിച്ചറിയാന്‍ സാധിച്ചു. അനുജത്തിയുടെ അതേ ഛായ. അവളും താനും, കൃഷ്ണനും കുചേലനും പോലെയാണ് ഇന്ന്, അയാള്‍ ചിന്തിച്ചു. കല്യാണത്തിനു ശേഷം വെച്ചടിവെച്ചടി കയറ്റമായിരുന്നു അവള്‍ക്ക്. ദുബായിയുടെ മാസ്മര ലോകത്ത് മുങ്ങിപ്പോയ അവള്‍, നിത്യവൃത്തിക്ക് യത്നിക്കുന്ന ജേഷ്ടനെയും കുടുംബത്തെയും ഒരു ബാദ്ധ്യത പോലെയാണ് കണ്ടത്. അതുകൊണ്ട് തന്നെ അവള്‍ ഒരകലം വെച്ചാണ് പെരുമാറിയിരുന്നത്. അഭിമാനിയായ ജേഷ്ഠനും അത് മനസ്സിലാക്കി അവളോട് അകലം പാലിച്ചിരുന്നു.

അങ്ങനെയുള്ള സഹോദരിയുടെ മകന്‍ ഈയൊരു സാഹചര്യത്തില്‍, അയാള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പരുങ്ങി. വീണ്ടും അയാള്‍ക്ക് തല ചുറ്റുന്നത് പോലെ അനുഭവപ്പെട്ടു. “എന്റെ മകള്‍” – വളരെ പണിപ്പെട്ടാണ് അയാളുടെ വാക്കുകള്‍ പുറത്തുവന്നത്. കേള്‍ക്കുവാന്‍ ഏറെ കൊതിച്ചിരുന്ന അനന്തിരവന്‍റെ മറുപടി അയാള്‍ കേട്ടോ എന്നറിയില്ല, അയാളുടെ ശ്വാസം നിലച്ചിരുന്നു.

copyright – V.T.RAKESH

വടശ്ശേരി തൈപറമ്പില്‍ രാകേഷ്

 

 

 

 

 

പുഷ്പാഞ്ജലി – ചെറുകഥ

നേരം രാത്രി പത്തടിച്ചു. ഉദ്ദേശം അയാളോളം തന്നെ പ്രായമുള്ള ഘടിഘാരം വളരെ പ്രയക്തിച്ചാണ് പത്തു തവണ അടിച്ചത്. ഉറങ്ങാനുള്ള നേരമായി എന്നുള്ള സൂചനകൂടിയായിരുന്നു അത്. വിഷമിച്ച്, ഒരു നെരക്കത്തോടെ മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ഘടിഘാരം അയാളെ സ്വന്തം ശരീരത്തെ കുറിച്ച് തന്നെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഘടിഘാരം മാത്രമല്ല , അയാളുടെ സന്ധിളോരോന്നും ഓരോ നിമിഷവും അയാളോട്  പ്രായം വിളിച്ചോതിക്കൊണ്ടിരിന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളെ ഓര്മകള്‍ തന്റെ ബാല്യത്തിലേക്ക് കൂട്ടികൊണ്ടുപോയി. കര്‍ഷകരായ അച്ഛനും അമ്മയും , വീട്ടില്ലെ ചാണകം നാറുന്ന തൊഴുത്തും, വര്‍ഷത്തില്‍ ചോര്‍ന്ന് ഒലിക്കുന്ന ഓല മേഞ്ഞ വീടും. ദിവസം മുഴുവനും കാളകളെ പൂട്ടി വയലില്‍ നിന്നു വരുന്ന അച്ചന്റ്റെ ശരീരത്തില്‍ നിന്നും രാത്രി മുഴുവനും വമിച്ചിരുന്ന നാറ്റവും. കൊയ്ത്തുകാലത്ത് സ്കൂളില്‍ പറഞ്ഞയക്കാതെ അമ്മയെ സഹായ്യിക്കാന്‍ നിര്‍ബന്ധം  പിടിക്കുന്ന അഛന്‍. തന്റെ വിദ്യ അഭ്യസിക്കാനുള്ള സ്വപ്നങ്ങളെ തകിടം മറിച്ചിരുന്ന അച്ഛനെ അയാള്‍ക്ക് അന്നേ വെറുപ്പായിരുന്നു.

കുറച്ചു ദൂരെ കുന്നിന്‍പുറത്തുള്ള മണിമാളിക കുഞ്ഞുനാളിലെ അയാളെ ആകര്‍ഷിച്ചിരുന്നു. ലണ്ടണില്‍ സ്ഥിരതാമസമാക്കിയ ഒരു ഡോക്ടറുടേതായിരുന്നു ആ മാളിക. അയാള്‍ നാട്ടില്‍ വരുംബോഴുള്ള കാറും പത്രാസും വാല്യക്കാരുടെ ബഹളവും അയാളെ അത്രകണ്ട് ആകര്‍ഷിച്ചിരുന്നു. ഒരുനാള്‍ അതുപോലുള്ള ഒരു ബംഗ്ലാവും, ഇംഗ്ലീഷ് പറയ്യുന്ന ഭാര്യയും , കൂടെ ഓടിനടക്കുന്ന കുറെ സില്‍ബന്ദികളും, എല്ലാം സ്വന്തമാക്കുന്നത് അയാള്‍ സ്വപ്നം കണ്ടു.

വര്‍ഷക്കാലത്ത് ചുറ്റുനിന്നും രാത്രിനേരം കേള്‍ക്കുന്ന തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍, പ്രകൃതിസ്നേഹികളായ സഹകുടുംബാങ്കങ്ങള്‍ ആസ്വദിച്ചപ്പോള്‍, അയാള്‍ക്ക് മാത്രം അത് അത്യധികം അരോചകമായി അനുഭവപ്പെട്ടു. വീട്ടിനുള്ളില്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടിരുന്ന ഇയ്യാന്‍ പാറ്റകളും എട്ടുകാലികളും പല്ലികളുമെല്ലാം അയാളോടുള്ള ഈര്‍ഷ്യ തീര്‍ക്കുവാന്‍ വരുന്നതെന്ന് അയാള്‍ ഉറപ്പിച്ച് വിശ്വസിച്ചു. പച്ചപ്പ് നിരന്ന പാടശേഖരങ്ങളും , പ്ലാവുകളും, തെങ്ങുകളും, മാവുകളും നിറഞ്ഞ് തണലേകുന്ന പറമ്പുകളും ഉള്ള ആ ഗ്രാമത്തിന്‍റെ സ്വപ്നസുന്ദരമായ ഭൂമിയെ വരെ അയാള്‍ സ്നേഹിച്ചിരുന്നില്ല.

ഇടക്കിടെ അടുത്തുള്ള കൊച്ചി നേവല്‍ വിമാനത്താവളത്തില്‍ നിന്നുയരുന്ന ഓരോ വിമാനവും നോക്കി അയാള്‍ അയവിറക്കുമായിരുന്നു. വീടിനടുത്തുള്ള അഴീക്കോട് അഴിമുഖത്തിനടുത്തുകൂടെ പോകുന്ന ഓരോ വിദേശകപ്പലിനെ നോക്കിയും അയാള്‍ സ്വപ്നങ്ങള്‍ നെയ്തെടുത്തു. കൊച്ചി കാണാനിറങ്ങുന്ന ഓരോ വെള്ളക്കാരനെ നോക്കിയും അയാള്‍ മനസ്സില്‍ ഉരുവിടും, “ഞാന്‍ ഒരുനാള്‍ ഇവര്‍ക്കൊപ്പം ജീവിക്കും”.

കാലം കടന്നു പോയി. പ്രായത്തിന്റെ ചുളിവുകള്‍ തന്റെ അച്ചന്റെ രൂപത്തെ വികൃതമാക്കുന്നത് അയാള്‍ ശ്രദ്ധിച്ചതെയില്ല. വര്‍ഷങ്ങളായുള്ള വീട്ടുജോലികളും, കൃഷി നശിക്കുന്നതിലുള്ള വ്യധകളും തന്റെ അമ്മയുടെ ബാഹുക്കളെയും അതിലുപരി ശരീരത്തെയും വികലമാക്കുന്നതും അയാള്‍ ഗൌനിച്ചതെയില്ല. ജേഷ്ടന്‍റെ ഇങ്കിതമറിഞ്ഞ് , പഠിക്കാന്‍ അതിസമര്‍ത്ഥനായ അനുജന്‍ പഠിത്തം വെടിഞ്ഞു സര്‍വോപരി കൃഷിയില്‍ വ്യാപൃതനായതും അയാള്‍ അറിഞ്ഞതായി ഭാവിച്ചില്ല.

ബിരുദം കഴിയാറായ അയാളുടെ കണ്ണുകള്‍ പുരയിടം വില്‍ക്കുന്നതിലായി. ബിരുദാനന്ദബിരുദ്ധത്തിന് വിദേശത്തേക്ക് പോകുവാനുള്ള പണം സ്വരൂപിക്കലായിരുന്നു ഉദ്ദേശ്യം. അച്ഛനും അമ്മയും സ്വതവേ സമാധാനപ്രിയനായ അനുജനും സമ്മതിക്കും വരെ അയാള്‍ കടുംപിടുത്തം തുടരുവാന്‍ തീരുമാനിച്ചു. പക്ഷേ അയാളുടെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായി അനുജന്‍ അതെതിര്‍ക്കുകയും, തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും അതിലുപരി കൈയേറ്റത്തിലും മനം നൊന്ത് അനുജന്‍ നാട് വിട്ടുപോകുകയും ചെയ്തു.

മകന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ആ അമ്മ ശോഷിച്ച് കൊണ്ടിരുന്നു. പൊടിപ്പും തൊങ്ങലും വെച്ച് നാട്ടുകാര്‍ ഓരോ അഭ്യൂഹങ്ങള്‍ പറഞ്ഞു പരത്തിയപ്പോഴെല്ലാം ആ അമ്മമനസ്സ് നൊന്ത് കൊണ്ടിരുന്നു. ബോംബെയില്‍ ഹാജി മസ്താന്‍റെ കൂടെയുണ്ടെന്ന് ചിലര്‍. അല്ല, വരാണസിയില്‍ വെച്ച് കുംഭമേളയില്‍  നാഗസന്യാസിമാരുടെ ഇടയില്‍ കണ്ടവരുണ്ടെന്ന് മറ്റ് ചിലര്‍. ആ നാട്ടില്‍ കുളത്തിലോ, കിണറ്റിലോ, ആറ്റിലോ കടലിലോ ഒരു ശവം പൊന്തിയിട്ടുണ്ട് എന്നറിഞ്ഞാല്‍ ആ അമ്മയുടെ ആവലാതി പറഞ്ഞറിയിക്കുക സാധ്യമല്ലായിരുന്നു.

ഒരു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം മകനെ തിരിച്ചുകിട്ടാത്ത മഹാവിഷമത്തില്‍ ആ അമ്മ എന്നേക്കുമായി യാത്രയായി. അമ്മയുടെ വിയോഗത്തില്‍ ഒരു ജീവച്ശവമായി തീര്‍ന്നിരുന്നു അച്ഛന്‍. മൂകഭാഷിയായി, അടുക്കളക്കാര്യം മാത്രം ശ്രദ്ധിച്ച് കഴിഞ്ഞിരുന്ന അച്ഛന് കീഴില്‍ കൃഷിയെന്ന് വേണ്ട , കന്നുകാലികളും പറമ്പും എല്ലാം തന്നെ താറുമാറായി. സന്തോഷവും സമൃദ്ധിയും സമാധാനവും കളിയാടിയിരുന്ന ആ സദനത്തില്‍ അവശേഷിച്ചിരുന്നത്  അശാന്തിയും, ദാരിദ്ര്യവും മൂകതയും മാത്രമായിരുന്നു.

“ഞാന്‍ എല്ലാം വില്‍ക്കാന്‍  ഏര്‍പ്പാടാക്കിയിട്ടുണ്ട്, മൂന്നു നാലു ദിവസത്തിനകം തീറെഴുതാം എന്നാണ് വില്ലേജാപ്പീസര്‍ പറഞ്ഞത്. നിനക്കാ സംഖ്യ മതിയാവുമ്മായിരിക്കും അല്ലേ?”, അച്ചന്റെ ആ ചോദ്യം ഹൃദയത്തില്‍ കൊണ്ട ചാട്ടുളി പോലെ തോന്നി അയാള്‍ക്ക്. അച്ഛന്‍ എവിടെ പോകും എന്നു ചോദിക്കണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. പക്ഷേ എന്തോ വാക്കുകള്‍ അണ്ണാക്കില്‍ കുരുങ്ങിയത് പോലെ. അയാള്‍ക്കറിയാം, അമ്മയുറങ്ങുന്ന സ്ഥലം വിട്ട് അച്ഛന്‍ എങ്ങോട്ടെന്കിലും പോകുന്നുവെങ്കില്‍ ആ പോക്ക് ഒരു തിരിച്ച് വരവിനുള്ളതല്ല.

വില്ലേജാപ്പീസറെ കണ്ട് കച്ചവടം വേണ്ട എന്ന് പറഞ്ഞ കാര്യം അയാള്‍ അച്ഛനോട് പറഞ്ഞില്ല. കടം മേടിച്ച്  വാങ്ങിയ രണ്ടു കാളകളെ കണ്ടപ്പോള്‍ തന്നെ അച്ഛന്‍ അത് മനസ്സിലാക്കി കാണും. അയാള്‍ ഊഹിച്ചു. കൃഷിയില്‍ തന്റെ വെച്ചെടി വെച്ചുള്ള പുരോഗതി കണ്ടിട്ടും അച്ഛന്‍ അധികമൊന്നും മിണ്ടിയിരുന്നില്ല.

അടുത്തുള്ള ശിവക്ഷേത്രത്തിലെ ശാന്തികാരനായ തിരുമേനി അയാളെ കാണുവാന്‍ ഇടയായത് യാദൃചികമായിരുന്നില്ല. ക്ഷേത്രത്തില്‍ പണ്ടുപോലുള്ള വരുമാനമില്ല. ശാന്തിക്കാരന്‍ തിരുമേനിയുടെ മുഖവുര കേട്ടപ്പോള്‍ തന്നെ അയാള്‍ കീശയില്‍ നിന്നൊരു നോട്ടുകെട്ട് എടുത്തു നീട്ടി. എന്നാല്‍ തിരുമേനി അത് സ്വീകരിക്കാതെ മറ്റൊരു കാര്യം പറയുകയാണ് ചെയ്തത്.

അനുജന്റെ തിരോധനത്തിന് ശേഷം അമ്പലത്തില്‍ നിത്യപുഷ്പാഞ്ജലി നടത്തുന്നതിന് വേണ്ടി അമ്മ തന്റെ ആഭരണങ്ങള്‍ ക്ഷേത്രത്തിലേക്ക് വരവ് വെച്ചിരുന്നു. അനുജന്‍ തിരിച്ച് വരുന്നത് വരെ അത് തുടരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആഭരണങ്ങള്‍ കേവലം ഒരു വര്‍ഷത്തേക്കുള്ള ചിലവിനെ തികയുമായിരുന്നുള്ളൂ. അതിനു ശേഷം താന്‍ അത് അമ്പലചിലവില്‍ ഉള്‍പ്പെടുത്തി തുടര്‍ന്നു പോകുകയായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ക്ഷേത്രത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. നിത്യവര്‍ത്തിക്കുള്ള പണം തികയുന്നില്ല വരുമാനത്തില്‍ നിന്ന്. പുതിയ തലമുറ ദൈവവിശ്വാസികളെ അല്ല. അമ്പലങ്ങളെയും അനുഷ്ഠാനങളെയും തള്ളി പറയുന്ന യുവജനങ്ങളാണ് ഏറെയും.

കുടിശിക തീര്‍ത്ത്  അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കായുള്ള പണം തിരുമേനിക്ക് നല്കി തിരിച്ച് നടക്കുമ്പോഴും കുറ്റബോധത്തിന്റെ പുകമറ അയാളുടെ മനസ്സില്‍ നിന്നും മാറിയിരുന്നില്ല. തിരിച്ച് പിടിക്കാന്‍ സാധികുന്നതിലുപരി തന്റെ ബന്ധങ്ങള്‍ അകന്നുപോയിയെങ്കിലും അനുജന്‍ തിരിച്ച് വരും എന്നുള്ള ശുഭ പ്രതീക്ഷയില്‍ അയാള്‍ കാളകള്‍ക്ക് വൈക്കോല്‍ നല്‍കികൊണ്ടിരുന്നു. കാലചക്രം അങ്ങനെ കടന്നുപോയ്കൊണ്ടിരുന്നു.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നാട്ടില്‍ കൃഷി നടത്തുന്നത് അത്യധികം കഠിനമായി തീര്‍ന്നിരുന്നു. താതന്റ്റെ ചിരകാലസ്വപ്നമായ തീര്‍ഥാടനം താന്‍ തന്നെ നടത്തി അദേഹത്തിന്റ്റെ ആത്മാവിന് ശാന്തി നേടികൊടുക്കുവാന്‍ അയാള്‍ കൃഷിഭൂമിയെല്ലാം വിറ്റുപെറുക്കി ഒരുനാള്‍ യാത്രയായി. ഭാരതമെന്ന പുണ്യഭൂമിയില്‍ ധാരാളമായ പുണ്യസ്തലങ്ങള്‍ എല്ലാം തന്നെ അയാള്‍ സന്ദര്‍ശിച്ചു. ഗോമുഖ് ഗുഹയിലേക്കുള്ള അത്യധികം ദുര്‍ഘടം പിടിച്ച വഴിയില്‍ തനിക്ക് ഒരു രാത്രി തങ്ങാന്‍ ഇടമേകിയ ഒരു മലയാളി നാഗസന്യാസി അയാളെ വളരെ അധികം ആകര്‍ഷിച്ചു. തേജസ്സുറ്റുന്ന ആ സന്യാസിയോട് അയാള്‍ ഒരടുത്ത ബന്ധുവിനോടെന്ന പോലെ  തന്റെ ദുഖങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. പിറ്റേന്ന് ആ സന്യാസിവര്യന്‍ തന്നെ അയാളെ ഗോമുഖിലുള്ള ഗംഗയുടെ ഉല്പത്തി സ്ഥാനത്തേക്ക് കൂട്ടികൊണ്ടുപോയി. അവിടെ പ്രത്യേകം കെട്ടിയുണ്ടാക്കിയ കമ്പിവേലിക്കുളിലുള്ള ശുദ്ധ ഗംഗാജലത്തില്‍ കുളിച്ച് അയാള്‍ മാതാവിനും പിതാവിനും ബലികള്‍ അര്‍പ്പിച്ചു. അനുജനും ബലിയര്‍പ്പിച്ചു കൊള്ളട്ടെ എന്നുള്ള അയാളുടെ ചോദ്യത്തിന്ന്, സന്യാസിവര്യന്‍ ഒരു പുഞ്ചിരിയോടെ അരുത് എന്ന് പറഞ്ഞു വിലക്കി. വയസ്സിന് താഴെയായത് കൊണ്ടാണോ, അതോ മരിച്ചു എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണോ അദ്ദേഹം വിലക്കിയത് എന്ന സംശയം ബാക്കി വെച്ചുകൊണ്ടു തന്നെ, സന്യാസിവര്യന്‍ “ഇനി ഒന്നുകൂടി മുങ്ങിക്കുളിച്ച് തോര്‍ത്തി കേറി വന്നുകൊള്ളുക” എന്ന നിര്‍ദേശം നല്കി തകൃതിയില്‍ നടന്ന് അപ്രത്യക്ഷമായി.

ഭൂതകാല സ്മരണകള്‍ക്ക് ശേഷം നേരം വളരെ വൈകിയാണ് ഉറക്കം അയാളെ തഴുകിയത്. എങ്കിലും വെളുക്കുന്നതിന് മുന്പ് എഴുന്നേല്‍കുന്നത് വളരെ കാലമായുള്ള ശീലമായിരുന്നു. പിതാവിന്റെ മരണശേഷം ഒറ്റത്തടിയായുള്ള ജീവിതം അടുക്കും ചിട്ടയുമായി തന്നെ അയാള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നു. അനുജന്റെ ഓര്‍മയെന്ന പോലെ അവനോളം തന്നെ പ്രായം വരുന്ന ആ ഘടിഘാരം അയാള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന്ന് പ്രചോദനമേകി. ഒപ്പം ക്ഷേത്രത്തില്‍ ഒരിയ്ക്കലും പുഷ്പാഞ്ജലി മുടങ്ങരുതെന്നുള്ള നിബന്ദനയും.

 

വടശ്ശേരി തൈപറമ്പില്‍ രാകേഷ്

Copyright – V.T.Rakesh