2019നെ വെറും ഓര്‍മ മാത്രമാക്കി 2020 കടന്നുവന്നു. കാണാന്‍ നല്ല രസമുള്ള സംഖ്യ. ലോകം ആ വര്‍ഷത്തെ വളരെ സന്തോഷത്തോടു കൂടി തന്നെ വരവേറ്റു. സിഡ്നി ഓപ്പറ ഹൌസ്സില്‍ അന്ന് പാതിരാത്രി എല്ലാവര്‍ഷത്തേക്കാളും ഉപരി ഒരു മഹോല്‍സവമായിട്ടായിരുന്നു ആഘോഷങ്ങള്‍. ലോകത്ത് പുതുവല്‍സരം ആദ്യം ദര്‍ശിക്കാന്‍ കഴിയുന്നത് അവര്‍ക്കാണല്ലോ. അതിന്‍റെ ഒരഹങ്കാരം കൂടിയുണ്ടായിരുന്നു അവര്‍ക്ക്. ജീവിതം സോഷ്യല്‍ മീഡിയയില്‍ ഒതുക്കുന്ന ലോകസമൂഹത്തിന് ഇന്ന് ആഘോഷങ്ങള്‍ക്കൊക്കെ പുതിയ ഒരു വീര്യമാണ്. ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയായില്‍ ഇടുവാനുള്ള വ്യഗ്രത. അതുകൊണ്ടു തന്നെ മില്ലേനിയം ഇയര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന 2000 ആണ്ട് പിറവിയെ പോലും നിഷ്പ്രഭമാക്കുന്ന ആഘോഷങ്ങളായിരുന്നു അന്ന് സിഡ്നിയില്‍.
ടെലിവിഷനില്‍ പുതുവര്‍ഷത്തിന്റെ പ്രവചനങ്ങളുമായി ജോല്‍സ്യര്‍ തമ്മില്‍ മല്‍സരമായിരുന്നു. അതിലൊരുവന്‍ പറഞ്ഞു, “ഈ വര്‍ഷം എല്ലാ നാളുകാര്‍ക്കും വളരെ നല്ല ഫലങ്ങളാണ് കാണുന്നത്, പ്രത്യേകിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ”. വേറൊരുവന്‍ പറഞ്ഞത്, വരാന്‍ പോകുന്ന പകര്‍ച്ചവ്യാ ധിയെ കുറിച്ചായിരുന്നു. അയാളുടെ പ്രവചനം ആര്‍ക്കും കേള്‍ക്കേണ്ട, നല്ലത് മാത്രമേ ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടു. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുന്ന കാലാവസ്ഥ പ്രവചനം പോലെയാണ് മിക്ക ജോല്‍സ്യരും. നല്ലതും ചീത്തയും കൂട്ടിക്കുഴച്ചുള്ള ഒരു പ്രവചനം. ഏതു വിധേനയും വ്യാഖ്യാനിക്കാന്‍ കഴിയും വിധത്തില്‍.
ജോധ്പൂരില്‍ അന്നയാള്‍ പോയത് ജോലിയാവശ്യത്തിനായിരുന്നു. റെയില്‍വേ ക്യാറ്ററിങ് കോണ്ട്രാക്ട്ടറായിരുന്ന അയാള്‍ ജോധ്പൂര്‍ കൊച്ചുവേളി എക്സ്പ്രെസ്സ് വണ്ടിയിലാണ് അവിടെയെത്തിയത്. ഒരുദിവസം കഴിഞ്ഞെ വണ്ടി തിരിച്ച് കൊച്ചുവേളിയിലേക്ക് യാത്രയാവു. അതുകൊണ്ട് ജോധ്പൂര്‍ കറങ്ങാന്‍ ഇറങ്ങിയതാണ് അയാള്‍. അങ്ങനെയാണ് മണ്ഡോര്‍ എന്ന സ്ഥലത്തെ പ്രഖ്യാതമായ രാവണക്ഷേത്രത്തില്‍ അയാള്‍ എത്തിപ്പെട്ടത്. കൊമ്പന്‍ മീശ വെച്ച് തനി നാടന്‍ വേഷത്തില്‍ അവിടെയെത്തിപ്പെട്ട, കുടവയറുള്ള അയാളെ കണ്ട് പലരും രാവണനാണോ എന്നു തെറ്റിദ്ധരിച്ചോ എന്ന് സംശയം. “രാവണാസുര്‍”, എന്നേതോ ഹിന്ദിക്കാരന്‍ വിളിച്ചതായി അയാള്‍ക്ക് തോന്നി.
തിരിഞ്ഞു നോക്കിയ അയാള്‍ കണ്ടത് ഒരു കൂട്ടം സ്ത്രീകളെയാണ്. ഇവരിലാരാണവോ തന്നെ പുരുഷസ്വരത്തില്‍ രാവണാസുരനെന്ന് വിളിച്ചതെന്ന് അയാള്‍ക്ക് ചിന്തിച്ചിട്ട് ഒട്ടും മനസ്സിലായില്ല. വീണ്ടും വിളികേട്ടപ്പോള്‍ മനസ്സിലായി അവര്‍ സ്ത്രീകളല്ല, ഭിന്നലിങ്കക്കാരാണെന്ന്. ചെറുപ്പക്കാരായ ആണുങ്ങളെയും, കുട്ടികളുമായി വരുന്ന സ്ത്രീകളെയും ലാക്കാക്കി നില്‍ക്കുന്നവര്‍. അവഹേളനം ഭയന്ന് അവര്‍ നീട്ടിക്കൊടുക്കുന്ന പൈസകൊണ്ട് ജീവിക്കുന്നവര്‍. അങ്ങിനെ ബാക്കിയുള്ളവരെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും ജീവിക്കുന്നവര്‍, ദിഗ്വിജയിയും, പണ്ഡിതശ്രേഷ്ഠനും, ത്രിലോകജ്ണാനിയുമായ രാവണനെ അസുരനെന്ന് വിളിക്കുന്നു. വിധി വൈപരീദ്ധ്യം എന്നല്ലാതെ എന്തു പറയാന്‍. ക്ഷേത്രത്തില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ രാവണന്‍ മാത്രമായിരുന്നു.
ജോധ്പൂര്‍ കോട്ട എല്ലാ വര്‍ഷവും ആകര്‍ഷിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം വളരെയധികമാണ്. ഇന്ത്യയുടെ ഫോറിന്‍ ടൂറിസ്റ്റുകളില്‍ സിംഹഭാഗവും ആകര്‍ഷിക്കുന്ന രാജസ്ഥാന്‍റെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ ഒന്ന്. ജോധ്പൂരിലെ പ്രമുഖ ഹോട്ടലുകളില്‍ ഒന്നാണ് ഹില്‍ട്ടന്‍. റെയില്‍വെയുടെ കാറ്ററിങ് ജോലി മാത്രമല്ല, അയാള്‍ ആഴ്ചയില്‍ കിട്ടുന്ന രണ്ടോ മൂന്നോ ദിവസങ്ങളില്‍ ദിവസവേതനത്തില്‍ അവിടെ റൂംബോയ് ആയും ജോലി ചെയ്യാറുണ്ട്. നിത്യവൃത്തിക്ക് ഒരാശ്വാസം, അത്രയേ അയാള്‍ ഉദ്ധേശിച്ചിരുന്നുള്ളൂ.
അന്ന് ഹോട്ടലില്‍ ദിവസവേതനം വളരെ കൂടുതല്‍ ആയിരുന്നു. ചില തിരക്കുള്ള ദിവസങ്ങളില്‍ അത് പതിവാണ്. ആവശ്യത്തിന് ആളുകള്‍ പാചകക്കാരായും, വെയ്റ്റര്‍മാരായും, റൂംബോയ്കളായും ലഭ്യമാവാനുള്ള വിദ്യ. “അന്നും എന്തെങ്കിലും വലിയ കല്യാണമോ, വി ഐ പി പാര്‍ട്ടിയോ, അല്ലെങ്കില്‍ ഏതെങ്കിലും സമ്മേളനമോ ആയിരിക്കും”, അയാള്‍ വിചാരിച്ചു. രാവണനെ കുറിച്ചുള്ള ചിന്തകള്‍ മാറ്റിവച്ച് അയാള്‍ തിടുക്കത്തില്‍ ഹോട്ടലിലേക്ക് യാത്രയായി.
ആഡംബരതയുടെ മൂര്‍ത്തിമത്തായ രൂപമായിരുന്നു ആ ഹോട്ടല്‍. ഇരുപത്നിലകളുള്ള പറുദീസ. ജോധ്പൂരിന്റെ ആകാശസീമകളില്‍ മറ്റൊരു കോട്ട പോലെ, അടുത്തുള്ള കെട്ടിടങ്ങളെയെല്ലാം തന്നെ നിഷ്പ്രഭമാക്കി കൊണ്ട് ആ ഹോട്ടല്‍ തലയുയര്‍ത്തി നിന്നു. അവിടെ കേറിച്ചെല്ലുന്ന സാധാരണക്കാരന് അപകര്‍ഷണാബോധം തോന്നിയില്ലെങ്കിലെ അതിശയിക്കാനുള്ളു.
തുടക്കത്തില്‍ പണത്തിന്റെ ഈ മാസ്മരികത അയാളെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. എന്നാല്‍ കാലക്രമേണ ഇത് വെറും പൊയ്മുഖങ്ങളാണെന്നും യഥാര്‍ത്ഥ ജീവിതസൌഖ്യം സാധാരണക്കാരിലാണെന്നുമുള്ള സത്യം അയാള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ അന്ന് ലോകത്തിലെക്കേറ്റവും വലിയ ലിക്വിഡ് സോപ്പ് നിര്‍മാണകമ്പനിയുടെ കോടികള്‍ ചിലവാക്കിയുള്ള സെയില്‍സ് കോണ്‍ഫറണ്‍സ് സംബന്ധമായ ആഡംബരപാര്‍ട്ടി കണ്ടപ്പോള്‍ അയാള്‍ക്ക് തെല്ലും അദ്ഭുദം തോന്നിയില്ല. കുളം എത്ര കൊക്കിനെ കണ്ടിരിക്കുന്നു, അയാള്‍ ആ മലയാളം ചൊല്ല് ഓര്‍ത്തുപോയി കാണും.
പാട്ടും, കൂത്തും, മദ്യവും, മദിരാക്ഷിയും എല്ലാം തന്നെയുണ്ടായിരുന്ന ആഘോഷങ്ങള്‍ പാതി രാത്രി കഴിഞ്ഞും തുടര്‍ന്നു. ജോലി തീര്‍ത്തു വീട്ടില്‍ പോകുവാന്‍ കാത്തിരുന്ന ജീവനക്കാര്‍ അക്ഷമരായി തുടങ്ങി. തുടക്കം മുതല്‍ ആതിഥേയരെ പോലെ തിളങ്ങിനിന്നിരുന്ന ഒരു മാംഗോളിയന്‍ വംശജനും മറ്റൊരു അറേബ്യന്‍ വംശജനും പാതിരാത്രിക്ക് മുന്‍പുതന്നെ തിരിച്ചു റൂമിലേക്ക് തിടുക്കത്തില്‍ പോകുന്നത് അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. പാര്‍ട്ടി കഴിയുന്നതിന് മുന്‍പുതന്നെ ആതിഥേയര്‍ തിരോധാനം ചെയ്യുന്നത് അസ്വാഭാവികം തന്നെയായിരുന്നു.
സ്ഥിരക്കാരായ റൂംബോയ്കള്‍ എല്ലാം തന്നെ പാര്‍ട്ടി സല്‍ക്കാരത്തില്‍ വ്യാപൃതരായിരുന്നു. അവിടെയാകുമ്പോള്‍ അവര്‍ക്ക് രൊക്കമായി വലിയൊരു സംഖ്യ ടിപ്പ് ആയി ലഭിക്കും. മുറികളില്‍ താമസിക്കുന്നവര്‍ സായിപ്പന്‍മാര്‍ ആണെങ്കില്‍ മാത്രമേ നല്ല ടിപ്പ് കൊടുക്കാറുള്ളു. ഏഷ്യക്കാര്‍ ടിപ്പ് കൊടുക്കുന്നതില്‍ പൊതുവെ ലുബ്ദ് കാണിക്കുന്നവരാണെന്നാണ് റൂംബോയ്കളുടെ ഭാഷ്യം.
നാല് കുപ്പി റൈസ് ബിയര്‍, രണ്ടു പ്ലെയ്റ്റ് പാമ്പിറച്ചി, ഒരു ലിറ്റര്‍ തണുപ്പിച്ച ഒട്ടകപ്പാല്‍, ചിക്കന്‍ ബാര്‍ബിക്യൂ, പിന്നെ കുറെ സിഗരറ്റ് പാക്കറ്റും. റൂം സര്‍വീസ് ഓര്‍ഡെറെടുത്ത അയാള്‍ക്ക് വിഭവങ്ങള്‍ കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. “ഇവരൊക്കെ മനുഷ്യര്‍ തന്നെയാണോ?”, അയാള്‍ ഒരു നിമിഷം ചിന്തിച്ചു പോയി.
അങ്ങനെ പതിവായി ആളുകള്‍ ആവശ്യപ്പെടുന്ന ഭക്ഷണവിഭവങ്ങള്‍ അല്ലാത്തതുക്കൊണ്ട്, ഷെഫുകള്‍ കൂടുതല്‍ സമയം അത് പാകം ചെയ്യുവാന്‍ എടുത്തിരുന്നു. അതിനിടയില്‍ രണ്ടോ മൂന്നോ തവണ അവര്‍ മാറി മാറി റൂം സര്‍വീസ് നമ്പറില്‍ വിളിക്കുകയും ഭക്ഷണം വൈകുന്നതില്‍ ചീത്ത വിളിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് അയാള്‍ ഭക്ഷണവും ബിയറുമായി അവരുടെ മുറിയിലേക്ക് പോയത്.
മുറിയിലെത്തിയ അയാള്‍ അവിടെ മൂന്നാമതൊരാളെ കൂടി അപ്രതീക്ഷിതമായി കണ്ട് ഒന്ന് പതറിപ്പോയി. ഒരു സായിപ്പ്, ചുരുട്ട് പുകച്ചുക്കൊണ്ട് ലാപ്ടോപ്പില്‍ എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. റൂംബോയെ കണ്ടപ്പാടെ, അറബി, ഇന്ത്യക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന വിധത്തില്‍ ഇംഗ്ലിഷില്‍ എന്തൊക്കെയോ പുലമ്പി. ഭക്ഷണം വൈകിയെത്തിയതിന്റെ അമര്‍ഷമായിരിക്കുമെന്ന് കരുതി അയാള്‍ അത് കാര്യമായെടുത്തില്ല. ബിയര്‍ ഒഴിച്ചുകൊടുത്ത്, ഭക്ഷണം വിളമ്പിയ ശേഷം അയാള്‍ ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വോഡ്കകുപ്പി നുകഞ്ഞുകൊണ്ടിരുന്ന സായിപ്പ് റഷ്യന്‍ ഭാഷയില്‍ മാംഗോളിയന്‍ വംശജനോട് അത് പറഞ്ഞത്.
വര്‍ക്കല ബീച്ചില്‍ റഷ്യക്കാരുമായി ദിവസേന ഇടപഴകിയിരുന്ന പഴയ ബാര്‍ ജീവനക്കാരന് ആ ഭാഷ നല്ല വശമായിരുന്നു. “ഈയൊരു വൈറസ് ലോകത്തെ കീഴ്മേല്‍ മറിക്കും. സോപ്പ് കമ്പനിയുടെ വില്പന കുത്തനെയായിരിക്കും വര്‍ദ്ധിക്കുന്നത്. അവര്‍ നമുക്ക് ഇത് വികസിപ്പിക്കാന്‍ തന്നിരുന്ന എഴുപതു മില്യണ്‍ ഡോളറിന് പകരം അവര്‍ക്ക് ലഭിക്കുവാന്‍ പോകുന്നത് അതിന്‍റെ ആയിരം ഇരട്ടിയാണ്”. സായിപ്പ്, അറച്ചു നില്‍ക്കുന്ന അയാളെ കണ്ട് സംസാരം നിറുത്തി. ടിപ്പ് പ്രതീക്ഷിച്ചു നില്‍ക്കുകയാണെന്ന് കരുതി, നാണമില്ലാത്ത ഇന്ത്യക്കാര്‍ എന്ന് ഇംഗ്ലിഷില്‍ പറഞ്ഞ്, അറബി ഒരഞ്ഞൂറിന്റെ നോട്ട് അയാളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. ഒരു വളിഞ്ഞ ചിരിയോടെ അയാള്‍ ആ നോട്ടെടുത്ത് പുറത്തേക്ക് നടന്നു.
സമയം രാത്രി സുമാര്‍ രണ്ട് മണിയോടടുത്തിരുന്നു. പാര്‍ട്ടിയും പരിവാരവും എല്ലാം തീര്‍ന്ന് ഹോട്ടലും പരിസരവും നിദ്രയിലാണ്ടിരുന്നു. കഴിഞ്ഞു പോയ ദീപാവലി ആഘോഷങ്ങളുടെ ബാക്കിയായി നഗരമെങ്ങും ഇലക്ട്രിക് ബള്‍ബുകളുടെ ഒരുവന്‍ സന്നാഹമായിരുന്നു. രാത്രിയായിരുന്നിട്ടും ജോധ്പൂര്‍ നഗരം പലതരം വെളിച്ചത്തില്‍ തിളങ്ങി നിന്നു.
ആ സമയം, ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഹാരിസണ്‍ മൂര്‍ തന്‍റെ കീഴുദ്യോഗസ്ഥനും മലയാളിയുമായ ജേക്കബ് കുര്യന്‍ കൊണ്ടുവന്ന കപ്പയും മീന്‍ക്കറിയും ആസ്വദിക്കുകയായിരുന്നു. കേരളത്തില്‍ ഒരിക്കല്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ്, മൂറിന് കേരള വിഭവങ്ങളോട് കൊതി തോന്നി തുടങ്ങിയത്. അതിനു ശേഷം സുഹൃത്ത് കൂടിയായ കുര്യനോട് ചോദിച്ച് കേരള വിഭവങ്ങള്‍ ഉണ്ടാക്കിക്കും. രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്‍റര്‍പോളിന്റെ തലവനാണ് ആ ബ്രിട്ടീഷുകാരന്‍ എന്ന് ആ കപ്പ കഴിക്കുന്നവനെ കണ്ടാല്‍ ലവലേശം തോന്നുകയില്ല. ഫ്രാന്‍സിന്‍റെ ലിയോണ്‍ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത്, ഇന്‍റര്‍പോള്‍ ആസ്ഥാനത്തിന്റെ ഇരുപതാം നിലയില്‍ തന്‍റെ മേലുദ്യോഗസ്ഥന് മീന്‍കറി വെച്ചു വിളമ്പുന്നവന്‍ ഇന്ത്യന്‍ പ്രസിഡെന്‍റിന്റെ മെഡല്‍ ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഇന്‍റര്‍പോളിന്‍റെ ഏഷ്യന്‍ വിഭാഗത്തിന്‍റെ തലവനും ആയിരുന്നു.
ആ സമയത്ത് ഇന്ത്യയില്‍ നിന്നൊരു ഫോണ്‍കോള്‍ കുര്യന്‍ പ്രതീക്ഷച്ചതേയില്ല. അല്ലെങ്കില്‍ തന്നെ, ബോസ്സിനെ തൃപ്തിപ്പെടുത്തുവാന്‍ ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ തന്നെ ശല്യപ്പെടുത്തുന്ന ഫോണ്‍കോളുകള്‍ ആരാണ് ഇഷ്ടപ്പെടുക? എന്നാല്‍ ആ ഫോണ്‍ കോള്‍ അങ്ങനെയായിരുന്നില്ല.
കുര്യന്‍റെ വിശ്വസ്തനും, ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയിലെ സീനിയര്‍ ഇന്‍സ്പെക്ടറുമായ ശിവന്‍കുട്ടിയുടേതായിരുന്നു ആ ഫോണ്‍ കോള്‍. ഇന്‍റര്‍പോളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ സഹായഹസ്തമായിരുന്നു ശിവന്‍കുട്ടി. കുര്യന്‍റെ മുഖത്തെ അങ്കലാപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു, മുഖലക്ഷണം നൊടിയിടയില്‍ വായിച്ചറിയാന്‍ കഴിവുള്ള മൂര്‍, ഫോണ്‍ എടുക്കുവാന്‍ ആംഗ്യം കാണിച്ചത്.
സോപ്പ് കുമിളകളാല്‍ നശിച്ചുപോകുന്ന ഒരു രോഗാണുവിനെ കൃത്രിമമായി ശൃഷ്ഠിച്ചെടുക്കുവാന്‍ സോപ്പ് നിര്‍മിക്കുന്ന ഒരു കമ്പനി ഏഴ് കോടി ഡോളര്‍ മുടക്കിയിട്ടുണ്ടെന്ന് ഇന്‍റര്‍പോളിന് വളരെ മുമ്പുതന്നെ വിവരം ലഭിച്ചിരുന്നു. ആ രോഗാണു നിമിത്തം ലോകത്താകെ പെട്ടെന്ന് ഭയപ്പാട് ഉണ്ടാക്കിയെടുക്കുവാന്‍ സ്വാഭാവികമായും അവര്‍ തിരഞ്ഞെടുത്തത്, ലോകത്തേറ്റവും ജനസാന്ദ്രതയുള്ള ഭാരതത്തെ ആയിരുന്നു. ജോധ്പൂരില്‍ കോണ്‍ഫെറെന്‍സ് നടത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഈ കമ്പനിയെ ഇന്‍റര്‍പോള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
ശിവന്‍ക്കുട്ടിയില്‍ നിന്നും അറിഞ്ഞ വാര്‍ത്തകള്‍ പക്ഷെ, മൂറിനെയും കുര്യനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടയില്‍ ശിവന്‍കുട്ടി ആ മുറിയിലുള്ള തീന്‍മേശക്ക് താഴെ തന്‍റെ ചൂയിങ് ഗം ഒട്ടിച്ചു വച്ചിരുന്നു. അതിനുള്ളില്‍ അത്യാധുനിക ശ്രവണശേഷിയുള്ള മൈക്രോ ഫോണ്‍ ആണുണ്ടായിരുന്നത്.
ഒട്ടകപ്പാല്‍ കുടിച്ചിരുന്ന അറബി അന്താരാഷ്ട്രതലത്തില്‍ ആയുധ കച്ചവടം നടത്തുന്നവന്‍ ആയിരുന്നു. രോഗാണു മൂലം പൊറുതി മുട്ടാന്‍ പോകുന്ന പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിന് ആയുധം എത്തിച്ചുക്കൊടുക്കുക എന്നതായിരുന്നു അയാളുടെ ദൌത്യം. അതിന് അയാള്‍ക്ക് ലഭിക്കാന്‍ പോകുന്നതോ, കോടിക്കണക്കിനു ഡോളറും. എന്നാല്‍ ഇതില്‍ സോപ്പ് കമ്പനിക്ക് എന്ത് ലാഭം എന്ന ചോദ്യത്തിന് മൂറിനോ കുര്യനോ ഉത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനുത്തരം ശിവന്‍കുട്ടിയുടെ അടുക്കല്‍ ഉണ്ടായിരുന്നു താനും.
പാശ്ചാത്യരാജ്യങ്ങളില്‍ അനാസ്ഥ സൃഷ്ടിച്ച്, അവിടെയുള്ള തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച്, അവിടെ തങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു സായിപ്പിന്‍റെയും മംഗോളിയന്‍റെയും ഉദേശ്യം എന്നത് വ്യക്തമായിരുന്നു. ശിവന്‍കുട്ടി വിവരിച്ചതനുസരിച്ച്, അവര്‍ അത് ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും വളരെ വ്യക്തമായിരുന്നു. കേവലം ഒരു സോപ്പ് കമ്പനിക്ക് ഏഴ് കോടി ഡോളര്‍ എങ്ങനെ ഇത്ര ലാഘവത്തോടെ ചിലവാക്കാന്‍ കഴിയുന്നു എന്ന മൂറിന്‍റെ ശങ്കക്കും അങ്ങനെ ശമനമുണ്ടായി.
“ഈ വിപത്തിനെ എങ്ങനെ തടുക്കും?”, മൂര്‍ ചിന്താകുലനായി. എന്തോ ഓര്‍ത്തെടുത്തതു പോലെ, ഉടന്‍ ഫോണ്‍ കൈയ്യിലെടുത്ത് അദ്ദേഹം ഒരു നമ്പര്‍ വിളിച്ചു. ‘വാഷിംഗ്ടന്‍ ഡി സി ഹോട്ട് ലൈന്‍’, അദേഹത്തിന്‍റെ ഫോണിന്‍റെ സ്ക്രീനില്‍ അത് മിന്നി മറയുന്നത് കുര്യന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുര്യന്‍റെ ഫോണില്‍, സ്പീക്കറില്‍ ശിവന്‍കുട്ടി ലൈനില്‍ തന്നെയുണ്ടെന്ന് ഓര്‍മ്മിച്ച മൂര്‍, അയാളോട് ഇംഗ്ലിഷില്‍ ചോദിച്ചു “ ഡു ദേ ഹാവ് എ നെയിം ഫോര്‍ ദാറ്റ് വൈറസ് ?”.
ശിവന്‍കുട്ടി ഒന്നു പകച്ചു. “ എന്തു പറയും? , അറിയില്ലെന്ന് പറഞ്ഞാല്‍ കുറിച്ചിലാവില്ലെ?” അയാള്‍ തലപ്പുകഞ്ഞു ആലോചിച്ചു. രാവിലത്തെ രാവണന്‍റെ ചിന്തകള്‍ മുഴുവനും അയാളെ വിട്ടകന്നിരുന്നില്ല. അയാള്‍ ഉടനെ ഫോണില്‍ തട്ടിവിട്ടു, “രാവണാസുരന്‍”. നല്ല മലയാളച്ചുവയില്‍ സംസാരിക്കുന്ന ശിവന്‍കുട്ടിയുടെ വാക്കുകളുണ്ടോ ബ്രിട്ടീഷുക്കാരന് തിരിയുന്നു.
അപ്പോഴേക്കും ഹോട്ട് ലൈനില്‍ സംസാരം തുടങ്ങികഴിഞ്ഞ മൂര്‍, അറ്റ്ലാന്‍റിക് സമുദ്രത്തിനപ്പുറം അദ്ദേഹത്തിന്റെ ഓരോ വാക്കും സശ്രദ്ധം ശ്രവിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തിയോട് പറഞ്ഞു “ ദെ കോള്‍ ദാറ്റ് വൈറസ് എ നെയിം. കൊറോണാസുരന്‍”. ആ വിശിഷ്ട വ്യക്തി കേട്ടതോ, “കൊറോണ വൈറസ്”.