കള്ളനും എഞ്ചിനീയറും

രാവിലെ അഞ്ചുമണിക്കുള്ള കൂട്ടമണി മുഴങ്ങി. വിയ്യൂര്‍ ജയിലാണ് ആ പ്രദേശത്തുക്കാരെ വിളിച്ചുണര്‍ത്തുന്നത്. കുറച്ചടുത്തുള്ള അയ്യപ്പക്ഷേത്രം എന്നും അരമണിക്കൂര്‍ പിന്നിലായിരുന്നു. അഞ്ചരയോടെ പ്രഭാതപൂജകള്‍ തുടങ്ങുന്നതിനോട് അനുബന്ധിച്ചുള്ള ദീപാരാധനയുടെ മണിമുഴക്കങ്ങള്‍ കേള്‍ക്കുമ്പോഴേക്ക് ജയിലിലെ അന്തേവാസികള്‍ പ്രാതലിനുള്ള നീണ്ട വരിയില്‍ സ്ഥലം പിടിക്കുന്ന തിരക്കിലാവും.
മണികണ്ഠന്‍ അന്നും ശരിക്കുറങ്ങിയില്ല. എല്ലാരാത്രികളും പോലെ തന്നെ അന്നും , തന്‍റെ ശരീരത്തെ താഴോട്ട് വലിക്കുന്ന മൂട്ടകളും മുകളിലേക്ക് വലിക്കുന്ന കൊതുകുകളും തമ്മിലുള്ള വടംവലി മല്‍സരമാണ് കാണുവാന്‍ കഴിഞ്ഞത്. തടവുകാരന്‍റെ ഉറക്കത്തെയും ഉറക്കമില്ലായ്മയെയും കുറിച്ചൊക്കെ ആരോട് പരാതി പറയാന്‍ ?
ആറുമണിയോടെ പണിക്കിറങ്ങണം, അതാണ് ജയിലറുടെ നിയമം. പള്ളിമൂല ജങ്ക്ഷനിലെ കപ്പേളയില്‍ നിന്നും കുന്തിരിക്കതിന്റെ സുഗന്ധം കാറ്റിലൂടെ ഓടിയെത്തി. “ ഇന്നാര്‍ക്കാണാവോ പരീക്ഷ ? എന്‍ജിനിയറിങ് കോളേജുക്കാര്‍ക്ക് തന്നെയാവും” – മണികണ്ഠന്‍ ഉറപ്പിച്ചു. ജയില്‍ റോഡിന് തൊട്ട് എതിര്‍വശമാണ് കേരളത്തിലെ വിഖ്യാതവും പുരാതനവുമായ എന്‍ജിനിയറിങ് കോളേജ്. വളരെയടുത്തു തന്നെ പ്രശസ്തവനിതാകോളേജായ വിമലയും. കന്യാസ്ത്രീകളുടെ സ്ഥാപനമായ വിമലയില്‍ പള്ളിയുണ്ട്, അതുകൊണ്ട് തന്നെ അവിടത്തെ കുട്ടികള്‍ക്ക് പള്ളിമൂലയില്‍ വന്ന് കുന്തിരിക്കം കത്തിക്കേണ്ടിവരാറില്ല.
വിരോധാഭാസമായി തോന്നാമെങ്കിലും, വഴിയുടെ ഒരുവശത്ത് എഞ്ചിനീയര്‍മാരും മറ്റെവശത്ത് കള്ളന്മാരും. അതിനിടയിലൂടെ നിരനിരയായി നടന്നു നീങ്ങുന്ന തരുണീമണികളും. എന്നും രാവിലെയുള്ള കാഴ്ചയാണിത്. “എടാ കള്ളാ” കൈക്കോട്ട് നീട്ടി വരമ്പുകള്‍ കീറുന്ന മണികണ്ഠനെ ആ വിളി അന്നും അലസോരപ്പെടുത്തി. അതുകേട്ടിട്ടാവണം, തന്നെനോക്കി ഒരുകൂട്ടം പെങ്കുട്ടികള്‍ അമര്‍ത്തിച്ചിരിക്കുന്ന ശബ്ദം. പളുങ്കുപാത്രം വീണുടയും പോലുള്ള അവറ്റകളുടെ ചിരി കേള്‍ക്കാന്‍ എന്തായാലും രസമായിരുന്നു. “സമൂഹം എഴുതിതള്ളിയ തന്നെപ്പോലുള്ളവര്‍ക്ക് എന്ത് അഭിമാനക്ഷതം?” , പരിഹാസം വകവയ്ക്കാതെ മണികണ്ഠന്‍ പണി തുടര്‍ന്നു.
രാമദാസന്‍ അന്ന് നേരത്തെ എഴുന്നേറ്റു. കുമിഞ്ഞു കൂടുന്ന സപ്ലികളും ക്രിട്ടികളും. മെസ്സ് ഫീ അടക്കാന്‍ അമ്മയുടെ വിധവ പെന്‍ഷന്‍ മതിയാവുന്നില്ല. ആദ്യ രണ്ടു സെമെസ്റ്ററുകള്‍ ഉഴപ്പിയത്തിന്‍റെ പരിണത ഫലങ്ങളാണ് രണ്ടാം തവണ എഴുതേണ്ടിവരുന്ന സപ്പ്ളികളും, മൂന്നാമതോ അതിലധികമോ തവണ എഴുതേണ്ടി വരുന്ന ക്രിട്ടികളും. എങ്ങനെ പഠിത്തം മുഴുമ്മിക്കും എന്ന ചിന്ത സ്വതവേ വിഷാദരോഗിയായ അവനെ കൂടുതല്‍ അലട്ടികൊണ്ടിരുന്നു.
വിഷാദരോഗികള്‍ ദുഖം മറക്കാന്‍ ചെയ്യുന്ന ഒരു ക്രൂരവിനോദമാണ് ഭുള്ളിയിങ്ങ്. എളുപ്പം വഴങ്ങി തരുന്ന അബലരായവരെ ആണ് ഇക്കൂട്ടര്‍ നോട്ടമിടുക. അതല്ലെങ്കില്‍, തന്നെ തിരിച്ച് ആക്രമിക്കാന്‍ തക്കദൂരത്തില്ലല്ലാത്ത ഹതഭാഗ്യരെ ആയിരിക്കും ഇവര്‍ കരുക്കളാക്കുക. തന്‍റെ ഇരകള്‍ അനുഭവിക്കുന്ന വേദന നേരില്‍ കണ്ട് സായൂജ്യം അടയുന്നവര്‍. തന്‍റെ വേദന മറക്കുവാന്‍ മറ്റുള്ളവരെ കുത്തിനോവിക്കുന്നവര്‍.
നിരത്തില്‍ കൂടി പോകുന്ന പെങ്കുട്ടികളെ ആണ് അവന്‍ ആദ്യം അസഭ്യം പറഞ്ഞിരുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മേല്‍നിരയില്‍ നിന്നും ചില കൂട്ടുക്കാര്‍ക്കൊപ്പം നിന്നുകൊണ്ടു വര്‍ഷിച്ചിരുന്ന നികൃഷ്ടപദങ്ങള്‍. ഭുള്ളിയിങ്ങ് ഒരു മദ്യാസക്തി പോലെയാണ്. രണ്ട് ലാര്‍ജ്ജ് കഴിച്ചിരുന്നവന് പിന്നീട് അത് മതിയാവാതെ മൂന്ന് കഴിക്കേണ്ടിവരുന്ന അവസ്ഥ. പെങ്കുട്ടികള്‍ക്ക് അത് ഏശുന്നില്ല എന്ന് വന്നപ്പോള്‍ അവന്‍ അതിനപ്പുറം വയലില്‍ ജോലിചെയ്തിരുന്ന തടവുക്കാര്‍ക്ക് എതിരെ തിരിഞ്ഞു.
ഷൊര്‍ണ്ണൂര്‍ നിന്നും പാലക്കാടേക്ക് നിത്യേനയെന്നോണം ട്രെയിനില്‍ കയറിയതാണ് മണികണ്ഠന്‍. ഒരു സ്വകാര്യ ബാങ്കില്‍ കരാര്‍ ഉദ്യോഗസ്ഥനായിരുന്ന അയാള്‍ അന്ന് കയറിയത് ജനറല്‍ കംപ്പാര്‍ട്ട്മെന്‍റില്‍ ആയിരുന്നു. സാധാരണ കേറാറുള്ള സീസണ്‍ ടിക്കെറ്റുക്കാരുടെ കംപാര്‍ട്ട്മെന്‍റ് അന്ന് കടന്നു പോയിരുന്നു. നേരം വൈകിവന്ന അയാള്‍ അവസാന കോച്ചില്‍ ചാടിക്കേറുകയായിരുന്നു.
വിജനമായ കോച്ചില്‍, വിരലില്‍ എണ്ണാന്‍ ഉള്ള ആളുകള്‍ മാത്രം. മേടമാസത്തിലെ പാലക്കാടന്‍ ചൂട് രാത്രിയായിട്ടും ശമിച്ചിട്ടില്ലായിരുന്നു. കാറ്റുകൊള്ളുവാന്‍ അയാള്‍ വാതില്‍ക്കല്‍ വന്നു നിന്നു. അകലെ സഹ്യന്‍റെ തലയെടുപ്പ്, മേഘാവൃതമായിരുന്ന ആ പൌര്‍ണമി രാവില്‍ ഒരു നിഴല്‍ പോലെ മിന്നിമറഞ്ഞിരുന്നു.
ടോയിലെറ്റിനുള്ളില്‍ ചെറിയൊരു പിടിവലിശബ്ദം അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ട്രയിനിന്‍റെ കടകട ബഹളത്തിനിടയില്‍ വളരെ നേര്‍ത്ത രീതിയിലാണ് അത് കേട്ടിരുന്നത്. എന്തോ പന്തികേട് തോന്നിയ അയാള്‍ രണ്ട് മൂന്നു തവണ വാതില്‍ക്കല്‍ ഇടിച്ചു നോക്കി. ഉള്ളില്‍ നിന്നും, ആര്‍ക്കോ ശ്വാസം മുട്ടുന്നതുപോലുള്ള ഒരു അമര്‍ച്ച കേട്ടു. പിന്നീടൊന്നും ആലോചിക്കാതെ അയാള്‍ സകല ശക്തിയുമായി വാതില്‍ ചവിട്ടി തുറന്നു.
ഒരു യുവതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന ഒരാള്‍. കാഴ്ചയില്‍ ഒരു തനി ഹിന്ദിക്കാരന്‍. യുവതിയുടെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. നൊടിയിടയില്‍ ഹിന്ദിക്കാരന്‍ കത്തി പുറത്തെടുത്തു, പിന്നെ ബീഹാറി ചുവയുള്ള ഹിന്ദിയില്‍ പറഞ്ഞു “ ബാഗ് ജാ സാലെ, നഹി ത്തോ ഡോനോം കോ ഉടാ ദൂങ്ക”. മാറിപോടാ, അല്ലെങ്കില്‍ രണ്ടിനെയും ഞാന്‍ കഴുത്തറുത്ത് കൊല്ലും, എന്നാണ് ഹിന്ദിക്കാരന്‍ ഉദ്ദേശിച്ചത്.
ഭീഷണി കാര്യമാക്കാതെ ധൈര്യപ്പൂര്‍വം മുന്നോട്ടാഞ്ഞു മണികണ്ഠന്‍. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. അതിദാരുണമായിത്തന്നെ ഹിന്ദിക്കാരന്‍ അവളുടെ കഴുത്തറത്തു. ഞെട്ടിത്തെറിച്ച മണികണ്ഠനെ ഉന്തിമാറ്റി, അയാള്‍ ഓടുന്ന വണ്ടിയില്‍ നിന്നും ഇരുട്ടിലേക്ക് എടുത്ത് ചാടി. ബഹളം കേട്ട്, അവിടേക്ക് വന്ന മറ്റു യാത്രക്കാര്‍ കണ്ടത്, ദേഹമാസകലം രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മണികണ്ഠനേയും, ഉപേക്ഷിച്ച നിലയിലുള്ള ഒരു കത്തിയെയും, ജീവനറ്റ നിലയിലുള്ള ഒരു സ്ത്രീ ശരീരത്തെയുമാണ്. അപ്പോഴേക്കും ആരൊക്കെയോ വണ്ടി നിറുത്തിപ്പിച്ചിരുന്നു.
യഥാര്‍ത്ഥ ഘാതകന്‍ വണ്ടിയില്‍ നിന്നും ചാടി പോയതാണെന്ന വാദം സ്വാഭാവികമായി തന്നെ ആരും കാര്യമായെടുത്തില്ല. അങ്ങനെ, ചെയ്യാത്ത അപരാധത്തിന് അയാള്‍ ജീവപര്യന്തം തടവിലായി.
കൊല്ലവര്‍ഷം 1997, തീയ്യതി ആഗസ്റ്റ് 15 – രാജ്യം സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിക്കുന്നു. പത്തുവര്‍ഷം തികച്ച മര്യാദക്കാരായ തടവുകാര്‍ക്ക് ശിക്ഷയിളവ് പരിഗണിച്ച കൂട്ടത്തില്‍ മണികണ്ഠനും നറുക്കു വീണു. നറുക്കു വീണതൊന്നുമല്ല, മണികണ്ഠന്‍ കുറ്റക്കാരനല്ല എന്ന് വീക്ഷണബുദ്ധിയുള്ള ജയിലര്‍ക്ക് ഉത്തമബോദ്ധ്യം വന്നതുകൊണ്ടാണ് അയാള്‍ മുമ്പേ തന്നെ ഈയൊരു ശുപാര്‍ശ അധികാരികള്‍ക്ക് നല്കിയത്. അവസരം ലഭിച്ചപ്പോള്‍ അധികാരികള്‍ സമ്മതം മൂളിയെന്നു മാത്രം.
രാമദാസന്റെ ലീലാവിലാസങ്ങള്‍ നാള്‍ക്കുനാള്‍ കൂടികൊണ്ടിരുന്നു. പള്ളിമൂല കവലയിലുള്ള മില്‍മ ബൂത്തായിരുന്നു പുതിയ അരങ്ങ്. കുറച്ചു തെറിച്ച കൂട്ടുകാരും ഒരല്‍പ്പം കഞ്ചാവും അവന് ഒരു പുത്തന്‍ ധൈര്യം പകര്‍ന്നു. വിമല വിട്ടു തകൃതിയായി വിയ്യൂര്‍ ജങ്ക്ഷനിലേക്ക് നടന്നു പോകുന്ന കുട്ടികള്‍. സ്ഥിരം ശല്ല്യം ചെയ്യുന്നവരെ ഒഴിവാക്കാനായിട്ടാവണം കവലയില്‍ എത്തുമ്പോള്‍ നടത്തത്തിന്റെ വേഗത അവര്‍ കൂട്ടുന്നത്.
“കുടിക്കാന്‍ കുറച്ചു പാല് തരാമോ?”, വ്യംഗ്യാര്‍ത്ഥം വച്ചുള്ള ആ പദപ്രയോഗം കേട്ട് കൂട്ടത്തില്‍ ചങ്കൂറ്റമുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിനി തന്‍റെ കുട അവന്റെ മേലേക്ക് വലിച്ചെറിഞ്ഞു. ലഹരിയുടെ ശക്തിയില്‍ പെട്ടെന്ന് ക്ഷുഭിതനായ അവന്‍, തിളയ്ക്കുന്ന ചായച്ചെമ്പില്‍ നിന്നും ഒരു കപ്പ് മുക്കി അവളുടെ മേല്‍ എറിയാന്‍ തുടങ്ങുകയായിരുന്നു.
കൈക്കോട്ട് പിടിച്ച് തഴമ്പിച്ച, ബലിഷ്ടമായ കൈകള്‍ തുരുത്തുരയെന്ന് അവന്‍റെ ചെകിട്ടത് നടുക്കുന്ന ശബ്ദത്തോടെ പതിച്ചു. അടിയുടെ ശബ്ദം കേട്ട് പരിസരത്തുള്ള ആളുകള്‍ നടുങ്ങി. പെട്ടെന്നുള്ള ഈ ആക്രമണത്തില്‍ അവന്‍ ഒന്നടിപ്പതറി. ശക്തനായ എതിരാളിയെ നേരിടാതെ ദുര്‍ബലനായ ഇരയെ ആക്രമിക്കുന്ന അവന്‍റെ ബുള്ളിയിങ്ങ് മാനസികാവസ്ഥ മറ നീക്കി പുറത്തു വന്നു.
ഒരു ഭ്രാന്തനെ പോലെ, കൈയ്യില്‍ കിട്ടിയ സോഡാക്കുപ്പിയുമായി, കുറച്ചകലേക്ക് ഓടി മാറിയിരുന്ന ആ പെങ്കുട്ടിയുടെ നേരെ അവന്‍ കുതിച്ചു. പ്രതീക്ഷിക്കാതെയുള്ള ഈ പ്രതികരണം മണികണ്ഠനെ ഒരു നിമിഷത്തേക്ക് അമ്പരപ്പിച്ചു കളഞ്ഞു. ഓടിയകലാന്‍ ശ്രമിക്കുന്ന ആ വിദ്യാര്‍ഥിനിയുടെ അടുക്കല്‍, തലയില്‍ ഓങ്ങിയടിക്കാന്‍ പരുവത്തിലുള്ള സോഡാകുപ്പിയുമായി അവന്‍ എത്തി കഴിഞ്ഞിരുന്നു. ഏതുനിമിഷവും അത് സംഭവിക്കാം. ആളുകളുടെയും കൂട്ടത്തിലുള്ള മറ്റ് കുട്ടികളുടെയും നിലവിളികളുയര്‍ന്നു.
ആഞ്ഞടിക്കാന്‍ കൈയോങ്ങിയ അവന്‍ പക്ഷെ ഒരു ദീനരോദനത്തോടെ നിലം പതിക്കുകയാണ് ചെയ്തത്. കഴുത്തില്‍ ആഞ്ഞിറങ്ങിയ കത്തിയില്‍ നിന്ന് രക്തം ധാരധാരയായി ഒഴുകിവന്നു. ഞെട്ടിത്തരിച്ചുനിന്ന ആ പെങ്കുട്ടിയുടെ കാല്‍ച്ചുവട്ടില്‍ കിടന്ന് അവന്‍ പിടഞ്ഞുമരിച്ചു.
പത്തുവര്‍ഷത്തെ ജയില്‍ ജീവിതം അവസാനിപ്പിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയ്യതി തന്നെ പുറത്തിറങ്ങിയതായിരുന്നു മണികണ്ഠന്‍. പത്തുവര്‍ഷം കൊണ്ട് സുഹൃത്ത് പോലെയായി തീര്‍ന്നിരുന്ന ഒരു പോലീസുകാരന്‍, അന്നേക്ക് രാത്രി വീട്ടില്‍ തങ്ങിയിട്ട് പിറ്റേന്ന് പോകാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ ആ ക്ഷണം നിരാകരിച്ചതാണ്. പക്ഷെ, നേരം സന്ധ്യയാവാറായിരുന്നു. ജയില്‍വിമോചിതനാവുന്നതിന്റെ കടലാസുപ്രക്രിയകള്‍ അത്രയ്ക്ക് നീണ്ടതാണ്. സന്ധ്യക്ക് പുറപ്പെട്ടാല്‍ പാലക്കാട് എത്തുമ്പോഴേക്കും രാത്രിയാവും. ശേഖരപുരത്തേക്കുള്ള അവസാന ബസ്സും പൊയ്കഴിഞ്ഞിരിക്കും. മനസ്സില്ലാമനസ്സോടെ അയാള്‍ രാത്രി അവിടെതന്നെ തങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഉച്ചയൂണിന് ശേഷം, ആതിഥേയരായ പോലീസുകാരനോടും ഭാര്യയോടും വിടചൊല്ലി കവലവരെ നടന്ന അയാള്‍, നൂറുരൂപക്ക് ചില്ലറ ചോദിക്കുവാന്‍ കയറിയതാണ് ആ മില്‍മ ബൂത്തില്‍.
അധികം വൈകാതെ സംഭവസ്ഥലത്ത് പോലീസെത്തി. തന്നെ കൈയ്യാമം വെക്കുവാന്‍ സുഹൃത്ത് തന്നെ ജീപ്പില്‍ നിന്നിറങ്ങുന്നത് കണ്ട് മണികണ്ഠന്‍ ദൂരേക്ക് നോക്കി. മാനം കറുത്തിരുണ്ടിരുന്നു.

Copyright – V.T.RAKESH
വടശ്ശേരി തൈപറമ്പില്‍ രാകേഷ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s