അന്ന് ജൂണ്‍ ഒന്നാം തീയതി. ശനിയാഴ്ച ആയതിനാല്‍ അധ്യയനവര്‍ഷാരംഭമായിരുന്നെങ്കിലും സ്കൂളില്‍ അന്ന് ക്ലാസ്സുകള്‍ ഉണ്ടായിരുന്നില്ല. പകരം പുതിയ പുസ്തകങ്ങള്‍ മേടിക്കുവാനും ടൈംടേബിള്‍ മുതലായവ ചോദിച്ചു മനസ്സിലാക്കുവാനുമുള്ള ദിനമായി അന്നത്തെ ദിവസം ഉപയോഗിക്കുകയായിരുന്നു. സ്വതവേ സ്കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പാണ് അങ്ങനെയുള്ള കാര്യങ്ങള്‍ക്കായി സ്കൂളുകാര്‍ വിളിക്കാറുള്ളത്. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പ് മൂലമുള്ള തിരക്ക് കാരണം അത് നീണ്ടുപോകുകയായിരുന്നു.
തന്‍റെ രണ്ട് അനന്തിരവന്മാരെയും കൂട്ടി അവര്‍ സ്കൂളില്‍ നിന്നും തിരികെ പോരുകയായിരുന്നു. വീട്ടില്‍ നിന്ന് സ്കൂളിലേക്കും, തിരിച്ചും ഉള്ള യാത്ര ഒരു പ്രയാണം തന്നെയായിരുന്നു. രണ്ട് ബസ്സുകള്‍ മാറിക്കേറി വേണം തിരികെ വരുമ്പോള്‍ ജംക്ഷനില്‍ എത്താന്‍. ജംക്ഷനില്‍ നിന്ന് പിന്നേയും രണ്ട് കിലോമീറ്റര്‍ റോഡ് വഴി നടക്കണം വീടെത്താന്‍. എന്നാല്‍ വീട്ടിലേക്ക് ഒരെളുപ്പവഴിയുണ്ട്. ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള നെല്‍പ്പാടങ്ങള്‍ കടന്നുചെന്നാല്‍ നേരെ വീടായി. എന്നാല്‍ കൂട്ടത്തില്‍ ചെറിയവനായ അനന്തിരവന്‍ ജന്‍മകാലം ആ വഴി പോകുവാന്‍ സമ്മതിക്കുകയില്ല. മൂത്തവനാണെങ്കിലോ, എളുപ്പവഴി തന്നെ വേണം താനും.
കൊച്ചുകുട്ടികള്‍ ഉറങ്ങാന്‍ വിസമ്മതിക്കുമ്പോള്‍ അമ്മമാര്‍ പ്രയോഗിക്കുന്ന ഒരു പൊടിവിദ്യയുണ്ട്. ആരോ ഒരു ഭയങ്കര ജീവി വരും, അതിനു മുമ്പ് ഉറങ്ങിക്കോ, ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടാല്‍ അത് പിടിച്ചുതിന്നും. ഒട്ടുമിക്ക കുട്ടികളും അത് കേട്ട് പേടിച്ച് മിണ്ടാതെ കിടന്ന് ഉറക്കത്തെ മാടിവിളിക്കും. അങ്ങനെ ഒരു ഭീകര കഥാപാത്രമായിരുന്നു മാന്തുക്കാന്‍. കാലില്‍ നിറയെ മന്ത് ( മന്ത് ഒരു രോഗമാണെന്നും അതുള്ളവര്‍ക്ക് കുട്ടികളെ പിടിക്കുക പോയിട്ട് സ്വയം എഴുന്നേറ്റ് നില്‍ക്കുക പോലും പ്രയാസമാണെന്ന് പാവം പൈതങ്ങള്‍ക്കുണ്ടോ മനസ്സിലാവുന്നു ) . കയ്യില്‍ ഒരു വലിയ വടി ( പാവം, നടക്കാന്‍ വയ്യാത്തതുകൊണ്ട് ഉപയോഗിച്ചിരുന്ന ഊന്നുവടിയായിരുന്നു അത് ). വായില്‍ നിന്നു നിലക്കാതെ ഉതിരുന്ന വെളുത്ത പുക ( തന്‍റെ നരകതുല്യമായ ജീവിതത്തിന് ഒരാശ്വാസമേകിയിരുന്ന ആ ബീഡികളാണ് അയാളുടെ ജീവിതം ഒരു കല്‍ക്കരി എഞ്ചിനെ പോലെ മുന്നോട്ട് നയിച്ചിരുന്നത് ).
ചെറിയ പയ്യനെ അലട്ടിയിരുന്നതും ഈ ഒരു മാന്തുക്കാന്‍ ആയിരുന്നു. കിഴക്കുള്ള പാടത്തുനിന്നും പുകവിട്ട് തന്നെ പിടിച്ചുതിന്നുവാന്‍ വരുന്ന മാന്തുക്കാന്‍. അയാള്‍ രാത്രി ജീവി മാത്രമല്ലല്ലോ. പകലും അവിടെയൊക്കെ അയാള്‍ കറങ്ങി നടക്കുന്നുണ്ടാവില്ലെ? പില്‍ക്കാലത്ത് വലിയ എഞ്ചിനീയറൊക്കെ ആവേണ്ട ആ ചെറിയ തലച്ചോറില്‍ അത്രയൊക്കെ ബുദ്ധി അന്നുമുണ്ടായിരുന്നു. അനുജന്‍ നെല്‍പാടങ്ങള്‍ കടന്നു വരുവാന്‍ ഭയപ്പെടുന്നത് എന്തിനെന്ന് ജേഷ്ഠന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുപക്ഷെ, വലിയമ്മയോട് പറയില്ലെന്ന് മാത്രം. വലിയമ്മ അവനെ വഴക്കു പറയ്യുന്നതും, നെല്‍പാടങ്ങള്‍ നടന്നു കയറുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് അവന്‍ നെരിപിരി കൊള്ളുന്നതും കാണുവാന്‍ എന്തു രസം. തന്‍റേത് മാത്രമെന്ന് നിനച്ചിരുന്ന മാതൃസ്നേഹം പിന്നീട് ജനിച്ചുവന്ന കിടാവ് പിടിച്ചുവാങ്ങുന്നത് കാണുമ്പോള്‍ ലോകത്തിലെ എല്ലാ മൂത്തകിടാങ്ങള്‍ക്കുമുണ്ടാവുന്ന ഒരമര്‍ഷം. ഇവിടെയും അതുതന്നെയായിരുന്നു പ്രശ്നം. അത് മനസ്സിലാക്കാതെ മൂത്തവരെ മാത്രം ശാസികുന്ന മാതാപിതാക്കള്‍ സിബ്ലിങ് റൈവല്‍റി എന്ന ഒരു മഹാ വിപത്തിലേക്കാണ് പൈതങ്ങളെ തള്ളി വിടുന്നത്.
ജങ്ക്ക്ഷനില്‍ വണ്ടിയിറങ്ങിയതും അവര്‍ പടിഞ്ഞാറോട്ട് നോക്കി. കാര്‍മേഘങ്ങള്‍ ഒരുമാസത്തേക്കുള്ള മഴക്കുള്ള തയ്യാറെടുപ്പുമായെന്ന് തോന്നും വിധം പടിഞ്ഞാറെ ചക്രവാളം മറച്ചിരുന്നു. കാലവര്‍ഷം ഒരിക്കല്‍ കൂടി തീയ്യതി അറിയിച്ചിരിക്കുന്നു. ജൂണ്‍ ഒന്നിന് കാലവര്‍ഷം തുടങ്ങും എന്നത് കേരളത്തിന്‍റെ ഒരു അലിഖിത സത്യമായിരുന്നു. കുട്ടികളെയും കൂട്ടി പെട്ടെന്ന് വീട്ടില്ലെത്തണമെങ്കില്‍ നെല്‍പ്പാടങ്ങള്‍ വഴി തന്നെ പോകണം. വലിയമ്മ തന്‍റെ ഭാഗത്താണെന്ന അഹന്തയോടെ നില്‍ക്കുന്ന ചെറിയവന്‍. മുഖം കറുപ്പിച്ചു നില്‍ക്കുന്ന വലിയവന്‍. മഴ കോളും കൂട്ടി വരുന്നതിന്റെ സൂചന തന്നുകൊണ്ട് പറവകള്‍ വേഗം കൂട് അണയാന്‍ വെമ്പല്‍ കൂട്ടുന്നുണ്ടായിരുന്നു. ദൂരെനിന്നും ‘ഞങ്ങളെ തൊഴുത്തില്‍ കൊണ്ടുകെട്ടു’ എന്നവിധം മുറവിളി കൂട്ടുന്ന പശുക്കളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. “വേഗം വീട്ടിലെത്തിക്കോളൂ ചേച്ചി”, പാല്‍ക്കാരന്‍ വാസു മില്‍മ ബൂത്ത് പൂട്ടി സൈക്കിളില്‍ പാഞ്ഞുപോകും വഴി വിളിച്ചുപറഞ്ഞു.
ചെറിയവനെ ഒക്കത്തുകയറ്റി അവര്‍ പാടശേഖരങ്ങളെ ലാക്കാക്കി ധൃതിയില്‍ നടന്നു. ഒക്കത്തിരുന്ന് അവന്‍ ആവും വിധം അവരെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തു. പതിവുപോലെയുള്ള സാന്ത്വനങ്ങള്‍ക്കും പ്രലോപനങ്ങള്‍ക്കും അവന്‍ അന്ന് കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. വേദനകള്‍ സഹിച്ചുകൊണ്ടുതന്നെ അവര്‍ വേഗത്തില്‍ നടന്നു കൊണ്ടിരുന്നു.
അകലെ ആകാശത്തില്‍ ഇടിവെട്ടലിന്‍റെ ഇരമ്പലുകള്‍ കേട്ടുതുടങ്ങിയിരുന്നു. രണ്ടുമാസത്തെ കൊടുംവേനലില്‍ വറ്റി വരണ്ടിരുന്ന വയലുകള്‍ ആ ഇരമ്പലുകളെ, മഴചാറ്റലിനെ വരവേല്‍ക്കുന്ന വേഴാമ്പലിനെ പോലെ എതിരേറ്റു. കര്‍ണക്കഠോരമായ ഇടിവെട്ടുകള്‍ വയല്‍ശേഖരങ്ങളില്‍ ഒരിറ്റ് ജലത്തിനായി വെമ്പല്‍ കൊള്ളുന്ന തവളകള്‍ക്കും, നീര്‍ക്കോലികള്‍ക്കും മറ്റനേകം ജീവികള്‍ക്കും ശ്രവണസുന്ദരമായി അനുഭവപ്പെട്ടിരിക്കണം.
രാവിലത്തെ പൂജാക്കര്‍മങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ വിജനമായിരുന്നു ശിവക്ഷേത്രം. നാലുവശവും കാടു പിടിച്ചു കിടന്നിരുന്നതിനാല്‍ ക്ഷേത്രം ചിലര്‍ക്ക് ഭയാനകമായി അനുഭവപ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ ചിലര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ ആവാം, പൊടിപ്പും തൊങ്ങലും വച്ചുള്ള പ്രേതകഥകള്‍ പ്രചരിച്ചിരുന്നത്. വെള്ളയുടുത്തുള്ള ഒരു സ്ത്രീ രാത്രികാലങ്ങളില്‍ വഴിയെ പോയിരുന്ന ചിലരോട് മുറുക്കാന്‍ ചുണ്ണാമ്പു ചോദിച്ചിട്ടുണ്ടത്രേ. സൌന്ദര്യം കണ്ട് അടുത്തു ചെല്ലുന്ന ആണുങ്ങളുടെ അടുക്കലേക്ക് വെറ്റിലയുള്ള കൈകള്‍ നീട്ടുമത്രെ. കൈകള്‍ക്ക് രണ്ടു മീറ്ററോളം നീളം കണ്ട് ആളുകള്‍ മോഹാല്‍സ്യപ്പെടുകയും അല്ലാത്തവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നുവത്രെ.
കൊയ്ത്തുകഴിഞ്ഞതു കൊണ്ടാവാം വയലുകള്‍ പൊതുവെ വിജനമായിരുന്നു. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന അട്ടക്കുളത്തില്‍ നിന്നും അവസാനത്തെ അലക്കുകാരിയും തന്‍റെ ഭാണ്ഡവുമായി നടന്നകലുന്നുണ്ടായിരുന്നു. അകലെയുള്ള അറവുശാലക്കടുത്തു നിന്നും നായ്ക്കളുടെ ഓരിയിടല്‍ പതിവിനു വിപരീതമായി കേള്‍ക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തെ ചുറ്റി, അവര്‍ ആ രണ്ടു കിടാങ്ങളുമായി വരമ്പുകള്‍ താണ്ടാന്‍ തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളു.
“കൊച്ചുമോനെ ഞാന്‍ എടുത്തോളാം, ഇങ്ങ് തന്നേക്കു”, അപരിചിതമായ ഒരു സ്ത്രീ ശബ്ദം കേട്ട് അവര്‍ തെല്ലൊരു അമ്പരപ്പോടെ നിന്നു. “ആരായിരിക്കും അത്”, ഒക്കത്തിരിക്കുന്ന കുട്ടി കാരണം പെട്ടെന്ന് തിരിഞ്ഞു നോക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന അവര്‍ ആത്മഗതം പറഞ്ഞു. പ്രായത്തില്‍ കൂടുതല്‍ ഇരുത്തം വന്നിരുന്ന മൂത്തകുട്ടിയുടെ മുഖത്ത് പരന്നിരുന്ന പരിഭ്രമം അവരില്‍ കൂടുതല്‍ ഉത്കണ്ഠ ഉളവാക്കി. വളരെ യത്നിച്ച് മെല്ലെ തിരിഞ്ഞു നോക്കിയ അവര്‍ ചെറുതായി ഒന്നു ഞെട്ടി പോയി.
ഒരു സ്ത്രീക്ക് യോജിക്കാത്ത വിധത്തിലുള്ള ശരീരഘടന. തീക്ഷണമായ ചോരക്കണ്ണുകള്‍. കണ്‍മഷിയിട്ടപ്പോള്‍ കണ്ണുകലങ്ങിയത് പോലെ, വിതുംമ്പാന്‍ കൊതിക്കുന്ന പോലുള്ള ചുണ്ടുകള്‍. തൂവെള്ള സാരിയില്‍ ഒരു കലപോലും കാണാന്‍ ഉണ്ടായിരുന്നില്ല. ശരീരത്തെ ആകമാനം മൂടിയിരുന്ന സാരിക്കുള്ളില്‍ ബ്ലൌസിട്ടിട്ടുണ്ടോ എന്ന് ആര്‍ക്കും സംശയം തോന്നാം. താഴേക്ക് ഊര്‍ന്ന് കിടന്നിരുന്ന വസ്ത്രം കാരണം പാദങ്ങള്‍ ദൃശ്യമായിരുന്നില്ല. തലയില്‍ ചൂടിയിരുന്ന പാരിജാതപ്പൂവിന്റെതാണെന്ന് തോന്നുന്നു, വശ്യമായ ഒരു ഗന്ധം അവിടെ പരന്നിരുന്നു.
സ്വതവേ ധൈര്യം കൈവെടിയാത്ത അവര്‍ക്ക് അപ്പോഴേന്തോ ഒരു പന്തികേട് തോന്നി. “ഇന്നാട്ടില്ലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിന്‍റെ ഭാര്യയാണ് താന്‍, ഇല്ല ഞാന്‍ ഭയപ്പെടുന്ന പ്രശ്നമേയില്ല”, അവര്‍ പോയ ആത്മധൈര്യം വീണ്ടെടുത്തു. “ഇവിടെ ഇതിന് മുമ്പു കണ്ടിട്ടില്ലല്ലോ, നിങ്ങള്‍ ആരാണ്?, പ്രതീക്ഷിക്കാത്ത വിധത്തില്‍ തന്‍റേടം കാണിച്ചുള്ള ആ ചോദ്യം ശ്വേതവസ്ത്രധാരിണിയെ തെല്ലൊന്നു ഞെട്ടിച്ചു. “ഞാന്‍ ഈ അമ്പലത്തിന് കിഴക്കാണ് താമസം”, ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ പറഞ്ഞു. “ഇല്ല, അമ്പലത്തിന് കിഴക്ക് ഇങ്ങനെ ഒരാള്‍ താമസമില്ല”, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആ വാര്‍ഡില്‍ നിന്നു മല്‍സരിച്ചിരുന്ന അവര്‍ക്ക് അത് നിശ്ചയമായിരുന്നു. “സത്യം പറയു, നീയാരാണ്?”, അവര്‍ സ്വരം കടുപ്പിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോള്‍ അവളുടെ പ്രതികരണം.
സുമാര്‍ രണ്ടു മീറ്റര്‍ ദൂരത്തുനിന്നും അവളുടെ കൈകള്‍ നീണ്ടു വന്നു. കുട്ടിയെ റാഞ്ചുകയായിരുന്നു പ്രത്യക്ഷ്മായ ഉദേശ്യം. കുതറി ദൂരേക്ക് മാറിയ അവര്‍ മൂത്തവനെ സഹായത്തിനായി നോക്കി. പക്ഷേ അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ഒരു ചങ്കിടിപ്പോടെ തിരിഞ്ഞ അവരുടെ കൈകളില്‍ നിന്നും കുട്ടിയെ ആ സത്വം റാഞ്ചിയിടുത്തിരുന്നു. വല്ല്യമ്മേ എന്നു വിളിച്ച് കരഞ്ഞിരുന്ന അവനെയും ഏന്തി അവള്‍ ഒരു കാറ്റിനെപ്പോലെ ധൃതഗതിയില്‍ അകന്നുതുടങ്ങിയിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്.
മിന്നല്‍ പോലെ വന്ന ഒരു ജാവ ബൈക്കിന്‍റെ ഇരമ്പലും, അതില്‍ നിന്നും ചാടിയിറങ്ങി ഒരു പുലിയെ പോലെ അയാള്‍ നൊടിയിടയില്‍ത്തന്നെ അവളെ കീഴ്പ്പെടുത്തി. പ്രഥമധൃഷ്ട്യാ തന്നെ ഒരു കളരി വിദഗ്ദ്ധനാണെന്ന് ഉറപ്പിക്കാവുന്ന മെയ്പാടവം. ആറര അടിയില്‍ കൂടുതല്‍ ഉയരവും അതിനൊത്ത ശരീരവും. ഇറച്ചിവെട്ടുകാരന്‍ നാസര്‍ തന്‍റെ വീഴാന്‍ പോകുന്ന ബൈക്കില്‍ നിന്നും ഒരു പൂച്ചകുട്ടിയെ പോലെയാണ് മൂത്തകുട്ടിയെ താഴെയിറക്കി വച്ചത്. അതിനു ശേഷം ഒരു വ്യാഘ്രത്തെ പോലെ തിരിഞ്ഞുള്ള ആക്രമണവും.
കുറച്ചു കഴിഞ്ഞ് അവിടെയെത്തി ചേര്‍ന്ന പോലീസുകാര്‍ക്ക് അതിശയമായിരുന്നു. വിയ്യൂര്‍ ജയിലില്‍ നിന്നും തടവുചാടിയ കുപ്രസിദ്ധ കുറ്റവാളിയായ ശരവണന്‍. ആള്‍മാറാട്ടത്തിന് പേരെടുത്തവന്‍. സ്വര്‍ണക്കടയില്‍ കല്യാണപ്പെണ്ണായി ചെന്ന് സ്വര്‍ണ്ണം തട്ടിയവന്‍. കൈകളില്‍ കൃത്രിമ കൈകള്‍ കെട്ടിവച്ച് പ്രേതമായ് അഭിനയിച്ച്, പേടിച്ച് വീഴുന്നവരില്‍ നിന്നും പണവും മാലയും അപഹരിക്കുന്നവന്‍. പോലീസുകാര്‍ക്ക് നാസര്‍ അന്നൊരു താരമായിരുന്നു. നാട്ടുകാര്‍ക്കും.
അന്ന് മഴ തകൃതിയായിതന്നെ പെയ്തിറങ്ങി. പുതുമഴയുടെ ഗന്ധത്താല്‍ ആ വീടാകെ മുഖരിതമായി. സന്ധ്യക്ക് പുറത്തുവച്ചിരുന്ന പുകവിളക്കിന് ചുറ്റും ഈയാന്‍ പാറ്റകള്‍ ചത്തൊടുങ്ങി. വല്യമ്മയുണ്ടാക്കിയ വിഖ്യാതമായ അവിയലും കൂട്ടി രണ്ട് മക്കളും മൃഷ്ഠാനം അത്താഴം ഉണ്ടു. അമ്മൂമ്മയായ കല്യാണിക്കുട്ടിയമ്മയുടെ കിഷ്കിന്ദാഖാണ്ഡം കേട്ടിട്ടും കുട്ടികള്‍ ഉറങ്ങുന്നില്ല. നാളെ രാവിലെ ക്ഷേത്രത്തില്‍ പോകുവാന്‍ നേരത്തെ എഴുന്നേല്‍ക്കണം. “ദേ, മാന്തുക്കാന്‍ വരാറായി, പെട്ടെന്നുറങ്ങിക്കോളൂ”, കല്യാണിക്കുട്ടിയമ്മ പറഞ്ഞത് കേട്ട് കണ്ണിറുക്കിയടച്ച പേടിതൊണ്ടന്‍ അനുജനെ കണ്ട്, മൂത്തവന്‍ അമ്മൂമ്മയെ നോക്കി പല്ലിളിച്ചു.
copyright V.T. Rakesh
വടശ്ശേരി തൈപറമ്പില്‍ രാകേഷ്