അന്നും ചോറിനോടൊപ്പം പുളിങ്കറി തന്നെ. എത്ര തവണ ഞാന്‍ അമ്മയോട് കയര്‍ത്തിരിക്കുന്നു.
രാവിലെ വിദ്യാലയത്തില്‍ എത്തിപ്പെടാനുള്ള വെപ്രാളത്തില്‍ മിക്കവാറും പ്രാതല്‍ നാമമാത്രമായാണ് കഴിക്കാറുള്ളത്. എങ്ങനെയെങ്കിലും തിന്നുവെന്ന് വരുത്തി തീര്‍ത്ത്, ഒരോട്ടമാണ് ബസ്സ്റ്റോപ്പിലേക്ക്. എട്ട് മണിയുടെ ബസ് പിടിക്കുകയാണ് അന്ന് ജീവിതത്തില്‍ ഏറ്റവും പ്രധാനം. കൂട്ടുക്കാരാണല്ലോ ഒരു കൌമാരക്കാരന്‍റെ ദൌര്‍ബല്ല്യം. അവരുമൊത്ത ബസ് യാത്ര, അതിലുപരി ഒരു സന്തോഷം അന്നില്ലായിരുന്നു.
ഉച്ചയൂണിനുള്ള പൊതിച്ചോര്‍, അത് കാണുന്നതെ ഈര്‍ഷ്യ ആയിരുന്നു. പലവിധവര്‍ണത്തിലുള്ള ചോറ്റുംപാത്രങ്ങളില്‍, ഇറ്റാലിയനും, പെര്‍ഷിയനും പോലുള്ള വിഭവങ്ങള്‍ കൊണ്ടുവന്നിരുന്ന കൂട്ടുകാര്‍ക്ക് മുന്‍പില്‍, പൊതിച്ചോര്‍ തുറന്ന് ചോറും, ദിവസേനയെന്നവണ്ണം മൊട്ടക്കൂസ് തോരനും കഴിക്കുക, തികച്ചും അരോചകമായിരുന്നു അത്. വീട്ടില്ലുള്ള കോഴി കനിഞ്ഞുനല്കിയിരുന്ന മുട്ടയായിരുന്നു ചിലപ്പോഴെങ്കിലും ഒരു മുട്ട ഓംലെറ്റായോ കൊത്തിപ്പൊരിയായോ എന്‍റെ ദുരഭിമാനത്തെ രക്ഷിച്ചിരുന്നത്.
ഒരു മണിക്കൂര്‍ നീണ്ട ഉച്ചയൂണിനുള്ള ഇടവേളയില്‍ സുമാര്‍ മുക്കാല്‍ മണിക്കൂറെങ്കിലും ക്രിക്കറ്റ് കളിയായിരുന്നു. അതുകൊണ്ടുതന്നെ, കൊണ്ടുപോയിരുന്ന പൊതിച്ചോറില്‍ സിംഹഭാഗവും ആസ്വദിച്ചിരുന്നത് ചവറ്റുകൊട്ടയുടെമേല്‍ അനിഷ്യേധ ആധിപത്യം സ്ഥാപിചിരുന്ന ബ്രൌണിപട്ടിയുമായിരുന്നു. എങ്ങനെയെങ്കിലും കളിതുടങ്ങാനായിരുന്നു മിക്കവരുടെയും താത്പര്യം. പ്രായത്തിന്‍റെ ഊര്‍ജസ്വലതയില്‍ വിശപ്പും ദാഹവും ഒരു പ്രശ്നമേ അല്ലായിരുന്നു.
വിയര്‍ത്തൊലിച്ച് ക്ലാസ്സുകളില്‍ നാലുമണിവരെ കഴിച്ചുക്കൂട്ടിയിട്ടും, ഒടുങ്ങാത്ത ശുഷ്കാന്തിയായിരുന്നു കൂട്ടമണിക്ക് ശേഷമുള്ള വീട്ടിലേക്കുള്ള ഓട്ടത്തിന്. അരമണിക്കൂര്‍ നീളമുള്ള ബസ് യാത്ര മാത്രമായിരുന്നു ചിലപ്പോഴെങ്കിലും ഒരുറക്കം സമ്മാനിച്ചിരുന്നത്. അടുത്തിരിക്കുന്നവന്‍റെ മേല്‍ ഏത്തായി ഒലിപ്പിക്കുന്നവന്‍ എന്ന ദുഷ്പേര് നല്‍കാനല്ലാതെ ആ ഉറക്കം ഒന്നിനും ഉപകരിച്ചിരുന്നില്ല. ബസ് ഇറങ്ങി പോയിരുന്ന രണ്ടു ശുഷ്കിച്ചുണങ്ങിയ പിള്ളേര്‍ക്ക്, പരിചയക്കാരനും, സന്മനസ്സുളവനുമായിരുന്ന പച്ചക്കറികാരന്‍ സായവ് ആണ് ആദ്യം നേന്ത്രപ്പഴം നല്കി വിശപ്പടക്കാന്‍ സഹായിച്ചത്. പിന്നീട് വീട്ടുകാര്‍ മാസത്തുകയായി പറഞ്ഞുറപ്പിച്ചതനുസ്സരിച്ച് അത് ഒരു പതിവായി.
വൈകുന്നേരങ്ങളില്‍, വര്‍ഷക്കാലത്തുള്ള നീന്തലും, വേനല്‍കാലത്തുള്ള ഫുട്ബോളും, ഇവരണ്ടുമാണ് സ്കൂളിലെ കൂട്ടമണിക്ക് ശേഷമുള്ള ഓട്ടത്തിന് ആക്കം കൂട്ടിയത്. രണ്ടായാലും, തിരിച്ച് വന്നതിനുശേഷം ഹോംവര്‍ക്ക് തീര്‍ക്കുക എന്നത് എന്നും ഒരു ഭഗീരതപ്രയത്നം തന്നെയായിരുന്നു. ഉറക്കദേവത ഏറ്റവും ശക്തിയായി തഴുകുന്ന നിമിഷങ്ങള്‍. എന്നാല്‍ ഉറക്കദേവതയെ തുരത്തിയോടിക്കുന്ന സാക്ഷാല്‍ ഭദ്രകാളിയായി അമ്മ അവതരിക്കുന്ന നിമിഷങ്ങളും ആയിരുന്നു അത്.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞുള്ള സമാധാനകരാര്‍ പോലെയായിരുന്നു അത്താഴം. അമ്മ വിളംബുന്നത് എന്തോ, അത് മിണ്ടാതിരുന്നു കഴിക്കുക. യുദ്ധാനന്തരം അമേരിക്ക എന്തു പറയുന്നോ, അതനുസരിക്കുന്ന ജപ്പാനെ പോലെ ഞങ്ങള്‍ രണ്ടുപേരും വിളംബിയതെല്ലാം തന്നെ തിന്നുതീര്‍ത്തിരുന്നു. മിക്കദിവസങ്ങളിലും തന്നെയുണ്ടായിരുന്ന ചോറും പുളിങ്കറിയും അമൃത് പോലെ കഴിച്ചുതീര്‍ത്തിരുന്ന ഞങ്ങളെ കണ്ട് ദേവന്മാര്‍ വരെ അസൂയപ്പെട്ടിടുണ്ടാവണം.
കോലാഹലങ്ങള്‍ ഒന്നും തന്നെയുണ്ടാക്കാതെ ഉറങ്ങുക എന്നതായായിരുന്നു സമാധാനകരാറിന്റെ അടുത്ത നിബന്ധന. അതൊരിക്കല്‍ മാത്രമേ ഞങ്ങള്‍ ഭംഗിച്ചിട്ടുള്ളൂ. 1983 ലോകക്രിക്കറ്റ് കലാശകളിയില്‍ വിന്ടീസിന്‍റെ അവസാന വിക്കെറ്റ് ലാക്കാക്കി കുതിക്കുന്ന മൊഹീന്ദര് അമര്‍നാഥ്. ഉറങ്ങികൊണ്ട് ഓടിവരുന്ന ബൌളര്‍ എന്ന് എതിരാളികള്‍ കളിയാക്കിയിരുന്ന അമര്‍നാഥ്, മൈക്കല്‍ ഹോള്‍ഡിങ്ങ് എന്ന വിഖ്യാത കളിക്കാരന്‍റെ വിക്കെറ്റ് എറിഞ്ഞു വീഴ്ത്തിയപ്പോള്‍, ആര്‍ത്ത് വിളിച്ചത് നൂറ് കോടി ജനങ്ങളാണ്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അത് കേട്ടയുടന്‍ ആര്‍ത്തട്ടഹസിച്ച ഞങ്ങള്‍ ജേഷ്ടാനുജന്‍മാരെ കാത്തിരുന്നത് പക്ഷേ ഒരു കൂട്ടം ശകാരവര്‍ഷങ്ങളാണ്. കൂട്ടുകുടുംബത്തിന്‍റെ ആ കൊച്ച് സ്പര്‍ദ്ധയില്‍ നിന്ന് അമ്മയ്ക്കും അന്ന് ഞങ്ങളെ രക്ഷിക്കാനായില്ല.
കാലം കടന്ന് പോവുകയും, പറവകള്‍ കൂട് വിട്ട്പോകും പോലെ ഞങ്ങള്‍ ഹോസ്റ്റല്‍ മുറികളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഹോസ്റ്റല്‍ മെസ്സുകളില്‍ പത്തുപേര്‍ക്കുള്ള സാംബാര്‍ ഒരറ്റത്തുള്ള ഇലയില്‍ മാത്രം ഒഴിച്ചാല്‍ മതിയായിരുന്നു. കാരണം, ബാക്കി ഒമ്പതുപേര്‍ക്ക് അത് ഓരോ ഇലയില്‍ കൂടിയും ഒലിച്ചെത്തുമായിരുന്നു. ഇതൊരു തമാശ മാത്രമായിരുന്നെങ്കിലും, ഹോസ്റ്റല്‍ ജീവിതത്തിലെ പരിതാപകരമായ ഭക്ഷണവ്യവസ്ഥ ഇതില്‍പരം തുറന്നുകാട്ടുവാന്‍ വേറൊന്നിനും സാധിക്കുമായിരുന്നില്ല.
പണം അധികമുള്ള വിദ്യാര്‍ഥികള്‍ അടുത്തുപുറത്തുള്ള ഭക്ഷണശാലകളെ അഭയം പ്രാപിച്ചപ്പോള്‍, പാവപ്പെട്ടവര്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആഴ്ചയിലൊരിക്കല്‍ പോകാംവണ്ണം വീടുകള്‍ അടുത്തുള്ളവര്‍ ശനിയും ഞായറും നോക്കി വീടുകളിലേക്ക് കുതിച്ചു. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഇല്ലാത്തവരില്ലായിരുന്നു ഞാന്‍ ഉള്‍പ്പെട്ടത്. ജീവിതത്തില്‍ ആദ്യമായി അമ്മ വിളംബിയിരുന്ന ചോറും പുളിങ്കറിയും കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയ നിമിഷങ്ങള്‍.
പിന്നീട് പരീക്ഷക്ക് മുന്പ് ലഭിക്കാറുള്ള അവധികളിലും, വിദ്യാഭ്യാസം കഴിഞ്ഞുള്ള ജോലിയില്ലാനാളുകളിലും, ഈ ചോറും പുളിങ്കറിയും സ്വമേധയാ അമൃത് പോലെ സേവിച്ചിരുന്നു.
കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. നാട്ടില്‍ നിന്നും അകലെയുള്ള ജോലിയും, അധികം വൈകാതെയുള്ള കുഞ്ഞുങ്ങളും പ്രാരാബ്ദങ്ങളും നാട്ടിലേക്കുള്ള വരവ് വര്‍ഷത്തില്‍ ഒന്നാക്കി ചുരുക്കി. അതുകൊണ്ടു തന്നെ പുളിങ്കറിയുടെയും സ്വാദ് ഇരട്ടിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞുനാളില്‍ യാത്രയിലും മറ്റും തന്നെ ഇറുക്കി പിടിച്ചിരുന്ന ബലിഷ്ടമായ ആ കൈകള്‍ ശോഷിച്ചുകൊണ്ടിരിക്കുന്നു. ഓരോ തവണ നാട്ടില്‍ വരുമ്പോഴും, പുളിങ്കറി വിളമ്പി തന്നിരുന്ന ആ കരങ്ങള്‍ കൂടുതല്‍ ശുഷ്കിച്ച് കൊണ്ടിരുന്നു. എന്നിരുന്നാലും, മക്കളും കൊച്ചുമക്കളും വിരുന്ന് വരുന്ന ആ സുന്ദരമൂഹൂര്‍ത്തങ്ങള്‍ നഷ്ടമാക്കാതിരിക്കാന്‍ ആവണം, ഒരു വേവലാതിയുമില്ലാതെ അമ്മ പുളിങ്കറി ഉണ്ടാക്കികൊണ്ടിരിന്നു.
ഇത് എന്‍റെ അമ്മയുടെ മാത്രം കഥയല്ല. നിങ്ങളുടെ അമ്മയുടെ കഥ കൂടിയാണ്. പുളിങ്കറിക്ക് പകരം അവിയലോ, ചിക്കന്‍ ബിരിയാണിയോ, മട്ടന്‍ കറിയോ എന്തുമാവാം. ചിലര്‍ക്ക് ഇന്നുമത് ആസ്വദിക്കാനുള്ള ഭാഗ്യം ദൈവം കൊടുത്തിരിക്കുന്നു. മറ്റ് ചിലര്‍ക്ക് അത് പകരം വെക്കാനില്ലാത്ത നഷ്ടബോധമായി, മനസ്സില്‍ ഒരു നീറ്റലായി തുടരുന്നു.
പതിനഞ്ച് വയസ്സുള്ള എന്‍റെ മകന് ഇന്നവന്‍റെ അമ്മ ഉണ്ടാക്കി കൊടുക്കുന്ന വിഭവങ്ങള്‍ വേണ്ട. പകരം ഫാസ്റ്റ് ഫുഡ് മതി. ഞാന്‍ അവനോട് ഈ പുളിങ്കറി കഥ പറഞ്ഞു നോക്കി. അവന്‍ അത് കേള്‍ക്കാത്തപോലെയിരുന്നു. അവനെ എങ്ങനെ ശാസിക്കും ഞാന്‍?
മുപ്പത് വര്‍ഷം മുമ്പ് എന്‍റെ അച്ഛന്‍ എന്നോടൊരു ‘അവല്‍ നനച്ചതിന്‍റെ’ കഥ പറയുമായിരുന്നു. അച്ഛന്‍റെ അമ്മ അന്ന് തന്നയിച്ചിരുന്ന അവല്‍ കൊണ്ടുപോകാതെ സ്കൂളിന് പിന്നിലുള്ള പലഹാരകടയിലെ അട തിന്നിരുന്ന കഥ. അട തിന്ന് ഒരു ദിവസം അതിസാരം പിടിച്ച് ആശുപത്രിയില്‍ പോകേണ്ടി വന്ന കഥ. എന്തു ഫലം ? അന്നും, ഞാന്‍ രാവിലെ കോളേജ് കാന്റീനിലെ പഴം റോസ്റ്റ് തിന്നാനോടി.
This is not a story, it is moments of memory, writer need to increase the anxiety in the reader and we as readers expect something special in the end, keep a surprise always
LikeLiked by 1 person