എവിടേക്ക് പോകുന്നു എന്ന തന്‍റെ ചോദ്യത്തിന് അന്ന് അവന്‍റെ അമ്മ മറുപടി പറഞ്ഞില്ല എന്നു തന്നെയല്ല, അവനെ ഒന്നു കൂടി ഓടി വന്ന് കെട്ടിപ്പുണരുകയാണ് ചെയ്തത്. കുറെ നാളായി അച്ഛനെയും സഹോദരന്മാരെയും കണ്ടിട്ട്. ഏതോ വലിയ യുദ്ധം നടക്കുകയാണെന്നും, അതെല്ലാം ജയിച്ച് അവര്‍ കുറേയേറെ സമ്മാനങ്ങളുമായി ഉടനെ വരുമെന്നും, അവന്‍ ചോദിക്കുമ്പോള്‍ അമ്മ പറയുമായിരുന്നു. അന്നിതാ അമ്മയും പോകാനൊരുങ്ങുകയായിരുന്നു .
അധികം വൈകാതെ, ശുശ്രൂഷിക്കുവാന്‍ അമ്മ ഏല്പിച്ചിരുന്ന ദാസി, കാത്തുനിന്നിരുന്ന ഒരുകൂട്ടം ബ്രാഹ്മണരുടെ അടുക്കലേക്ക് അവനെ ഏല്‍പ്പിച്ചു. അവര്‍ അവനെ വെള്ളയുടുപ്പിച്ച്, കുത്തിയൊഴുകുന്ന യമുനാനദിയുടെ തീരത്തേക്ക് നയിച്ചു. ശിശിരത്തിന്‍റെ തുടക്കമായിരുന്നു, സമയം സൂര്യാസ്തമനത്തിനോടടുക്കുന്നു. ജലസ്പര്‍ശത്തില്‍ ആ ബാലന്‍റെ ശരീരം വിറച്ചു. ഒരുപക്ഷേ കാണാനിരിക്കുന്ന ഭയാനക ദൃശ്യങ്ങള്‍ക്ക് ശരീരം അവനറിയാതെ തന്നെ തയാറെടുക്കുകയായിരുന്നോ ?
ഈറനോടെ അവനെ അവര്‍ നയിച്ചത് ഒരു പട്ടടയുടെ അടുത്തേക്കായിരുന്നു. കുറച്ചധികം ആളുകള്‍ അവിടെ തടിച്ചു കൂടിയിരുന്നു. എല്ലാം പരിചയമില്ലാത്ത ആളുകള്‍. അങ്ങ് ദൂരെ ഒരു വെള്ളയുടുത്ത സ്ത്രീ നിര്‍നിമേഷയായി ഇരുന്നിരുന്നു. അവര്‍ക്ക് ചുറ്റും മറ്റ് ചില സ്ത്രീകളും വ്യസനസമേധം കൂടിയിരുന്നിരിന്നു. അത് തന്‍റെ അമ്മയായിരുന്നോ? ആ കൊച്ചുമനസ്സില്‍ സംശയം തോന്നാതിരുന്നില്ല.
പട്ടടക്കരുകില്‍ എത്തിയതും അവന്‍ അതിനുള്ളില്‍ വച്ചിരുന്ന ഒത്ത ശരീരവും, അതിലുപരി ചിരപരിചിതമായ ആ സൂര്യചേതസ്സുള്ള ശിരസ്സും ശ്രദ്ധിച്ചു. വൈകുന്നേരങ്ങളില്‍ ഓടി വരുന്ന തന്നെ വാരിയെടുത്ത് ചുംബിച്ചിരുന്ന ആ അച്ഛന്‍ ഈവിധം കിടക്കുന്നത് കണ്ട് അവന്‍റെ മനസ്സൊന്നു പിടഞ്ഞു. വിതുമ്പാനൊരുങ്ങുന്ന അവനെ തൊട്ടാശ്വസ്സിപ്പിക്കുവാന്‍ അടുത്ത് വന്ന ചെറുപ്പക്കാരനായ ബ്രാഹ്മണനെ വയോധികനായ മറ്റൊരു ബ്രാഹ്മണന്‍ തടുക്കുകയും ആംഗ്യഭാഷയില്‍ ശാസിക്കുകയും ചെയ്തു.
പരുങ്ങി നില്‍ക്കുന്ന ആ കുട്ടിയെ കൊണ്ട് പിതാവിന്‍റെ ചിതക്ക് തീകൊളുത്തിപ്പിച്ച് ബ്രാഹ്മണര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു. പ്രദിക്ഷണങ്ങള്‍ വെച്ച് , കുടമുടച്ച് നടന്നകന്ന ആ പിഞ്ചു ബാലന്‍റെ ചെവിട്ടില്‍, ചിതയില്‍ നിന്നുയര്‍ന്നിരുന്ന, ഒരു സ്ത്രീയുടെ ജീവന്‍മരണ പോരാട്ടത്തിന്‍റെ രോദനം അലയടിച്ചു. ചതിയുടെ ചിതയില്‍ എരിഞ്ഞടങ്ങുന്ന തന്‍റെ പുത്രനെയും, ഒരു ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും ദുര്‍ഭാഗ്യകരമായ അനുഭവം തിരിച്ചറിയാനാവാതെ നടന്നകലുന്ന എട്ടും പൊട്ടും തിരിയാത്ത തന്‍റെ പൌത്രനെയും, കാണുവാനുള്ള ധൈര്യമില്ലാതെ, ആദിത്യന്‍ മേഘപാളികളുടെ ഇരുട്ടാകുന്ന കല്ലറയില്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.
ചിതയില്‍ നിന്നുതിര്‍ന്ന ആ അലറിവിളിച്ചുള്ള കരച്ചില്‍ അവന്‍റെ കാതുകളില്‍ ജീവിതകാലം മുഴുവനും അവശേഷിച്ചു. പിറ്റേന്ന് രാവിലെ ദാസിമാരാണ് അവനെ ബലികര്‍മ്മങ്ങള്‍ക്കായി യമുനാതീരത്തേക്ക് കൂട്ടികൊണ്ടുപോയത്. ഒരുവിധം അവര്‍ പറഞ്ഞു തന്നതനുസരിച്ച് അവന്‍ ബലികര്‍മ്മങ്ങള്‍ ചെയ്ത്, അരയൊപ്പം വെള്ളത്തില്ലിറങ്ങി. രണ്ടുകൈവെള്ളയിലുമായി വെള്ളമെടുത്ത്, സൂര്യനെ നോക്കി ജലതര്‍പ്പണം ചെയ്തു. അച്ചന്‍റെ സ്വതസിദ്ധമായ സുസ്മേരവദനം മനസ്സില്‍ ആലോചിച്ചുള്ള ആ ജലതര്‍പ്പണവും, കാണുവാനുള്ള ശേഷിയില്ലാതെ, സൂര്യന്‍ വീണ്ടും മേഘപാളികള്‍ക്കിടയില്‍ അഭയം പ്രാപിച്ചു.
സൂര്യന്‍റെ ഈ ഒളിച്ചുകളിയില്‍ രോഷം പൂണ്ട് മുഖം തിരിച്ച ആ ബാലന്‍ കണ്ടത് തന്നെ പോലെ തന്നെ ബലികര്‍മ്മങ്ങളുടെ ഭാഗമായി ജലതര്‍പ്പണം നടത്തുന്ന മറ്റൊരാളെയാണ്. കാഴ്ചയില്‍ തന്‍റെ താതനെ അനുസ്മരിപ്പിക്കുന്ന മുഖകാന്തിയും ആകാരപുഷ്ടിയും. പക്ഷേ തന്‍റെ പിതാവ് ഒരിക്കല്‍ പോലും ചെയ്തു കാണാത്ത ഒരു കാര്യം ഈ അപരിചിതനെ തികച്ചും വ്യതസ്തനാക്കി. അയാള്‍ കൊച്ചുകുട്ടിയെ പോലെ വിതുമ്പി കരഞ്ഞുകൊണ്ടിരുന്നിരുന്നു. യോദ്ധാക്കള്‍ ഒരിയ്ക്കലും കരയരുത് എന്നാണ് അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇയാള്‍ യോദ്ധാവല്ലെന്ന് പറയുക വയ്യ. അച്ഛനെ പോലെതന്നെ ലക്ഷ്ണമൊത്ത ഇയാള്‍ എങ്ങനെ യോദ്ധാവല്ലാതെ വരും.
ഒടുവില്‍ ധൈര്യം സംഭരിച്ച് അവന്‍ അയാളോട് ചോദിച്ചു, “ അങ്ങ് ആര്‍ക്ക് വേണ്ടിയാണ് ജലതര്‍പ്പണം നടത്തുന്നത്, അതും ഇങ്ങനെ കരഞ്ഞുകൊണ്ട്?”. ആ കുരുന്ന് ചോദ്യത്തിന് മുന്നില്‍ അയാള്‍ വീണ്ടും പൊട്ടി കരഞ്ഞു പോയി. തന്‍റെ ചോദ്യം അയാളെ വേദനിപ്പിച്ചു എന്നറിഞ്ഞ് അവന്‍ മനസ്സില്ലാമനസ്സോടെ തിരിഞ്ഞുകയറി. എന്നാല്‍ പിന്നില്‍ നിന്നവനെ അയാള്‍ കെട്ടിപ്പുണരുകയായിരുന്നു. തന്‍റെ മൂത്തജ്യേഷ്ഠന്‍ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്ന് അയാള്‍ പറഞ്ഞപ്പോള്‍, സ്വന്തം അച്ഛന്‍ മരിച്ചിട്ടും താന്‍ കരഞ്ഞില്ലല്ലോ എന്ന് അവന്‍ അഭിമാനത്തോടെ പറഞ്ഞു. എന്നാല്‍ ജ്യേഷ്ഠന്റ്റെ മരണം തന്‍റെ കൈ കൊണ്ട് സംഭവിച്ചതാണ് തന്നെ കരയിപ്പിക്കുന്നത് എന്ന് കേട്ട് അവന്‍ അയാളോട് സഹതപിച്ചു. സഹതപിച്ചതിന് പുറമെ അവന്‍ അയാളെ തിരിച്ചും ആലിംഗനം ചെയ്യുകയാണുണ്ടായത്.
ആലിഗ്നബദ്ധരായി നില്‍ക്കുന്ന വേളയിലാണ് അയാള്‍ അത് പറഞ്ഞത്. തങ്ങള്‍ രണ്ടുപേരും ഒരേ ആള്‍ക്ക് തന്നെയാണ് ജലതര്‍പ്പണം നടത്തിയത് എന്ന സത്യം. അത് അവന്‍ ഉള്‍കൊള്ളുവാന്‍ ഒരുനിമിഷമെടുത്തു. അതുള്‍ക്കൊണ്ട മാത്രയില്‍ വെറുപ്പോടുകൂടി അവന്‍ അയാളെ തട്ടിമാറ്റി, അവക്ജ്നയോടെ ഒരു നോട്ടം നോക്കിയതിന് ശേഷം, വീട്ടില്ലേക്ക് ഓടിമറഞ്ഞു.
അമ്മയെപ്പോലെ തന്നെ ലാളിച്ചിരുന്ന ദാസിയുടെ അരികിലാണ് അവന്‍ സാന്ത്വനത്തിനായി അഭയം പ്രാപിച്ചത്. അവളുടെ സ്വാന്തനവാക്കുകള്‍ അവനെ ഒട്ടൊക്കെ ശമിപ്പിച്ചു. അത് മനസ്സിലാക്കിയിട്ടെന്നോണം അവളവനെ അതിഥിഗൃഹത്തില്‍ തങ്ങിയിരുന്ന ചിലരുടെ അടുക്കലേക്ക് ആനയിച്ചു.
ഒരമ്മൂമയും, വളരെയധികം ആകര്‍ഷണശക്തിയുള്ളതും സദാ പുഞ്ചിരിത്തൂകുന്ന വദനത്തോടുകൂടിയതുമായ ഒരപരിചിതനുമാണ് അവനെ അവിടെ വരവേറ്റത്. തലയില്‍ മയില്‍പ്പീലി ചൂടിയിരുന്ന ആ അപരിചിതന്‍റെ പുഞ്ചിരി കണ്ട മാത്രയില്‍ അവന്‍റെ എല്ലാ ദുഖവും അലിഞ്ഞ് ഇല്ലാതായി. ആ മുഖകാന്തിയില്‍ ഈ ലോകത്തിലുള്ള എല്ലാ സന്തോഷങ്ങളും നിറഞ്ഞ് തുളുമ്പുന്നത് അവന്‍ ശ്രദ്ധിച്ചു. അദേഹത്തിന്‍റെ പുറകില്‍ നിന്നും അപ്പോഴാണ് ആ അമ്മൂമ്മ അവന്‍റെ അരുകില്‍ വരുകയും ഒരു ജന്മത്തിന്‍റെ മുഴുവനും കടം തീര്‍ക്കും പോലെ ചുംബനങ്ങളും മറ്റ് വാല്‍സല്യങ്ങളും കൊണ്ട് അവനെ വീര്‍പ്പ് മുട്ടിച്ചതും.
അധികം വൈകാതെ അമ്മൂമ്മയായ കുന്തിക്കും, ശ്രീകൃഷ്ണനും, അവരുടെ കൂടെ വന്നിരുന്ന കൃഷ്ണസഹോദരിയും അര്‍ജ്ജുനപത്നിയുമായ സുഭദ്രക്കുമൊപ്പം ആ ഹതഭാഗ്യനായ ബാലന്‍ യാത്രയായി. സ്വന്തം പുത്രനും യുദ്ധത്തില്‍ വീരമൃത്യു വരിച്ചതുമായ അഭിമന്യുവിനെയായിരുന്നു സുഭദ്ര ആ ബാലനില്‍ കണ്ടത്. സഹോദരിക്കും, ചെറിയമ്മയായ കുന്തിക്കും ആ ബാലന്‍ നല്കിയിരുന്ന ആശ്വാസമായിരുന്നു അവനെ അത്രക്ക് പെട്ടെന്ന് വശീകരിച്ചെടുക്കുവാന്‍ ശ്രീകൃഷണനെ പ്രലോഭിപ്പിച്ചത്. ഒന്നും കാണാതെ വാസുദേവന്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലല്ലോ.
തന്‍റെ അച്ചന്‍റെ സഹോദരങ്ങളെന്ന് കുന്തി കാണിച്ച് കൊടുത്ത അഞ്ചുപേരില്‍ ഒരാളെയൊഴിച്ച് എല്ലാവരെയും അവന്‍ സ്നേഹിച്ചു. പക്ഷേ ഒരാളെ മാത്രം കാണുന്ന മാത്രയില്‍ അവന്‍റെ രക്തം തിളക്കുമായിരുന്നു. ദേവകിനന്ദനന്‍റെ അടുത്ത കടമ്പയായിരുന്നു അത്. ഒരമ്മയുടെ സ്നേഹം കൊതിച്ചിരുന്ന വൃഷകേതുവിന് അത് വാരിക്കോരിയാണ് സുഭദ്ര നല്കിയത്. സുഭദ്രയുമായുള്ള ഈ ആത്മബന്ധത്തെ ഉപയോഗിച്ച് തന്നെ പാര്‍ത്ഥസാരഥി വൃഷകേതുവിനെയും അര്‍ജ്ജുനനെയും അടുപ്പിച്ചു. അതുതന്നെയല്ല, വീരരക്തം സിരകളില്‍ ഒഴുകിയിരുന്ന വൃഷകേതുവിന്, തന്നെ ആയോധനവിദ്യ പഠിപ്പിക്കുവാന്‍ വെമ്പുന്ന അര്‍ജ്ജുനനെ അധികകാലം കണ്ടില്ലെന്ന് നടിക്കുവാനും സാധിച്ചില്ല എന്നതാണ് സത്യം.
നഷ്ടപ്പെട്ടുപോയ അഭിമന്യുവിനെ മാത്രമല്ല പാര്‍ത്ഥന്‍ അവനില്‍ കണ്ടത്. തന്‍റെ കൈകൊണ്ട് മരിച്ച ജ്യേഷ്ഠനോടുള്ള പ്രായശ്ചിത്തമായും വിജയന്‍ വൃഷകേതുവിന്‍റെ വിദ്യാഭ്യാസത്തെ കണ്ടു. അതുകൊണ്ടു തന്നെ തനിക്കറിയാവുന്ന എല്ലാ വിദ്യകളും അയാള്‍ അവന് പകര്‍ന്നുകൊടുത്തു. അങ്ങനെ ബ്രഹ്മാസ്ത്രവും, ചക്രവ്യൂഹം അകത്തുനിന്നും പുറത്തുനിന്നും ഭേദികുന്ന വിദ്യയും, എന്നു വേണ്ട ഭൂലോകത്ത് താനാണ് ഏറ്റവും ശ്രേഷ്ഠനായ വില്ലാളി എന്നവന് ഉറപ്പിച്ച് പറയത്തക്കവണം അര്‍ജ്ജുനന്‍ അയാളുടെ ജ്യേഷ്ഠപുത്രനെ സജ്ജമാക്കി.
യുധിഷ്ടരന്‍റെ അശ്വമേധവേളയില്‍ , വൃഷകേതുവിന്‍റെ പരാക്രമങ്ങള്‍ കണ്ട് , അവന്‍ അര്‍ജ്ജുനനെക്കാള്‍ ശ്രേഷ്ഠനായ വില്ലാളിയാണ് എന്നഭിപ്രായം ലോകമൊട്ടും ഉടലെടുക്കുവാന്‍ ഇടയാവുകയുണ്ടായി. പക്ഷേ അശ്വമേധത്തിനായി ഗുരു അര്‍ജ്ജുനനുമായി വടക്കുകിഴക്ക് ദിശയില്‍ പോകുന്ന വേളയില്‍ ആണ് ആ അഭിപ്രായത്തിന് ശോഷം സംഭവിച്ചത്. അര്‍ജ്ജുനന് ചിത്രാങ്കതയില്‍ ജനിച്ച ബബ്രുവാഹനന്‍ എന്ന വില്ലാളിയുമായാണ് ഗുരുവും ശിഷ്യനും ഒരുമിച്ച് ഏറ്റുമുട്ടിയത്. ഭീഷ്മരുടെ സഹോദരങ്ങളായ വസുക്കളും അമ്മയായ ഗംഗാദേവിയും, ബബ്രുവാഹനനിലൂടെ അര്‍ജ്ജുനനെയും വൃഷകേതുവിനെയും വധിച്ചു.
അര്‍ജ്ജുനന്‍റെ മറ്റൊരു ഭാര്യയായ ഉലൂപി നാഗമാണിക്യം ഉപയോഗിച്ച് തന്‍റെ ഭര്‍ത്താവിനെ ജീവിപ്പിച്ചപ്പോള്‍, ഭഗവാന്‍ കൃഷ്ണനാണ് വീണ്ടും ജീവന്‍ നല്‍കി വൃഷകേതുവിനെ രക്ഷിച്ചത്. സഹോദരി സുഭദ്രക്ക് വീണ്ടുമൊരു ഹൃദയഭേദം സംഭവിച്ച് കാണാന്‍ കേശവന്‍ ആഗ്രഹിച്ചിരുന്നില്ല എന്നുവേണം കരുതാന്‍.
ജ്യേഷ്ഠകുന്തിപുത്രനായ കര്‍ണന്‍റെ പുത്രന് ഹസ്തിനപുരമോ ഇന്ദ്രപ്രസ്ഥമോ ലഭിക്കുമെന്ന് പ്രതീക്ഷച്ചവര്‍ക്ക് തെറ്റി. അതിനവകാശിയായത് അഭിമന്യുപുത്രനായ പരീക്ഷിത്താണ്. ദാനവീരന്‍റെ പുത്രന് ലഭിച്ചതോ , അച്ഛന്‍റെ ഉത്തമസുഹൃത്തായ സുയോധനന്‍ നല്കിയ അംഗരാജ്യം മാത്രം.
copyright – V.T.Rakesh
വടശ്ശേരി തൈപറമ്പില്‍ രാകേഷ്
Good 👍
LikeLiked by 1 person