കവല – ഒരു ചെറുകഥ

മുറിക്കുളിലേക്ക് അരിച്ചിറങ്ങുന്ന സൂര്യവെളിച്ചം മുഖത്ത് വീണപ്പോഴാണ് പ്രഭാകരന്‍ ഉറക്കം ഉണര്‍ന്നത്. നൊടിയിടയില്‍   ചാടിയെഴുന്നേറ്റ് അയാള്‍ പ്രഭാതകൃത്യങ്ങള്‍ക്കോടി. സ്വതവേ പൂവങ്കോഴി കൂവുന്നതാണ് പുലരിക്കു മുന്പേ. അന്നെന്തോ അത് കേട്ടില്ല.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള ശീലത്തിന് ഭംഗം വന്നതിലുപരി, പ്രഭാകരനെ ചൊടിപ്പിച്ചത് പാല്‍ക്കാരന്‍ കവല വിട്ടിടുണ്ടാകുമല്ലോ എന്ന വ്യാധിയാണ്. കുറച്ച് ദൂരത്ത് നിന്ന്, കൃത്യമായി പറഞ്ഞാല്‍ സുമാര്‍ മൂന്ന് മൈല്‍ ദൂരയുള്ള തമിഴ് നാട് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്നതാണ് പാല്‍ക്കാരന്‍. കാലങ്ങള്‍ക്ക് മുന്പ് തമിഴ്നാട്ടില്‍ കുടിയേറിയ അനേകം മലയാളികളില്‍ ഒരാള്‍.

പാല്‍ ലഭിക്കാത്തതിനേക്കാളും പ്രഭാകരനെ വിഷമിപ്പിച്ചത് അന്നേക്ക് നഷ്ടമായ നാട്ടുവാര്‍ത്തകളും, പൊടിപ്പും തൊങ്ങലും നിറഞ്ഞ കൊച്ചുവര്‍ത്തമാനങ്ങളും ആണ്. വെളുപ്പാന്‍കാലത്ത് ക്ഷീരകര്‍ഷകനെയും കാത്ത് നില്ക്കാന്‍ ഒരുവിധം എല്ലാവരെയും പ്രചോദിപ്പിക്കുന്നത് ഈ കൊച്ചുവര്‍ത്തമാനങ്ങളാണ്.

കേരളത്തിന്‍റെ മതമൈത്രിയുടെ വിരലടയാളം പോലെയായിരുന്നു ആ കവല. കുന്നിന്‍പുറത്ത് തലയുയര്‍ത്തിപ്പിടിച്ച് നിസ്കാരപ്പള്ളിയും, അതിനു കേവലം ആയിരം അടി മാറിയുള്ള പുരാതനമായ ആദിവാസിക്ഷേത്രവും. രണ്ടുപേര്‍ക്കുമിടയില്‍ സുല്ല് ചൊല്ലാനെന്ന പോലെ ബസ്സ്റ്റോപ്പിനരികിലുള്ള ഒരു ചെറിയ കപ്പേളയും.

ചൈനയുമായുള്ള യുദ്ധകഥകള്‍ വിളംബുന്ന മിലിറ്ററി ബടായിക്കാരന്‍  എന്ന നിലയില്‍, പ്രഭാകരനെ കളിയാക്കുക എന്നത് മറ്റുളവര്‍ക്ക് ഒരു ഹരമായിരുന്നു. ബാണന്‍ എന്നാണ് അവര്‍ അയ്യാള്‍ക്ക് ഇട്ട് കൊടുത്തിരുന്ന അപരനാമം. ഒരു ചൈനീസ് ബറ്റാലിയനെ ഒറ്റയ്ക്ക് തുരത്തിയോടിച്ച കഥ ഒരു ആയിരം തവണയെങ്കിലും നാട്ടുക്കാര്‍ കേട്ടുക്കാണും. അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിക്കരികിലുള്ള സര്‍ദാര്‍ജി ഭൂതത്തിനെ നേരിട്ട് കണ്ടിട്ടുള്ള കഥയാണ് മറ്റൊന്ന്.

ഇതൊക്കെയാണെങ്കിലും ഒരു ദിവസമെങ്കിലും രാവിലെ കാണാതിരുന്നാല്‍ പതിവുക്കാര്‍ക്ക് അതൊരാധിയാണ്. ഒറ്റതടിയായി താമസിക്കുന്ന പ്രഭാകരന്‍ അത്രക്ക് നിരുപദ്രവകാരിയ്യും പരസഹായിയ്യും ആയിരുന്നു. പട്ടാളക്കാര്‍ക്കുള്ള കുപ്പികളും , ഒറ്റമകന്‍ അമേരിക്കയില്‍  നിന്നും കൊണ്ടുകൊടുക്കുന്ന സ്കോച്ചുകളും, എല്ലാം തന്നെ അയാള്‍ അവര്‍ക്ക് വീതിച്ച് കൊടുക്കുമായിരുന്നു.

ഭാര്യ മരിച്ചതിന് ശേഷം മദ്യപാനം നിര്‍ത്തി ദൈവചിന്തകളില്‍ വ്യാപൃതനായ അയാള്‍ക്ക് ആകെയുള്ള ഒരു വിനോദമായിരുന്നു ഈ ഒരുകൂട്ടം ആളുകളുമായുള്ള സംസര്‍ഗം. രാവിലെയുള്ള പാചകവും , കുറച്ചു പച്ചക്കറി കൃഷിയും ഒഴിച്ചാല്‍ ഉമ്മറിത്തിട്ടിരിക്കുന്ന  ചാരുകസേരയില്‍ ഒതുങ്ങികൂടിയ ഒരു ജീവിതം. അതായിരുന്നു അയാള്‍. അനുസരണയുള്ള ഒരു വീട്ടുപട്ടിയ്യെപോലെ കസേരക്കരികെയുള്ള തുപ്പല്‍കൊളാംബിയും, ഒരു കാവല്‍ ഭടനെപ്പോലെ അരികില്‍ ചാരിയുള്ള ഊന്നുവടിയും, ഇതുരണ്ടും അയാളെ കുറിച്ചു ചിന്തിക്കുന്ന ഏതവര്‍ക്കും  ആദ്യം തന്നെ ഓര്‍മ വരുമായിരുന്നു

പ്രഭാതകൃത്യങ്ങള്‍ ധൃതിയില്‍ കഴിച്ച്, അയാള്‍ കോഴികൂടിനരികിലേക്ക് ഓടുകയായിരുന്നു. തന്റെ ഇഷ്ടവിനോദമായ രാവിലത്തെ സംസര്‍ഗം നഷ്ടമായതിന്റെ ദേഷ്യം പൂവനോട് തീര്‍ക്കുകയായിരുന്നു ഉദ്ദേശം. പക്ഷേ തകര്‍ന്ന് കിടക്കുന്ന കോഴികൂടിന്റ്റെ കാഴ്ചയാണ് അയാളെ എതിരേറ്റത്. കോഴികളൊന്നിനെയും കാണുന്നുമുണ്ടായില്ല.

കുറുക്കന്‍ ശല്യം നല്ലപോലെയുള്ള സ്ഥലമായിരുന്നു അത്. ഒരഞ്ഞൂറ് വാരയകലെ നിബിഡമായ റിസേര്‍വ് വനത്തിന്റെ അതിരുകള്‍ കാണാം. ആനകള്‍ കടന്നുവരാതെ വനപാലകര്‍ ഒരുക്കിയ വിദ്യുച്ഛക്തി വമിക്കുന്ന കമ്പിവേലിയും അതിനപ്പുറം ആനകളെ തടുത്തുനിര്‍ത്തുവാനുള്ള ആനകയവും.

അടിച്ചുതളിക്കാരി സരസുവാണ് ആദ്യം അത് പറഞ്ഞത് . കുറച്ചുമാറി പള്ളി സെമിത്തേരികരികില്‍ അയല്‍പക്കത്തെ റഹീമിന്റെ പശു ചത്തു കിടക്കുന്നു. പാതി തിന്ന രീതിയില്‍ ആയിരുന്നു ജഡം. ഒറ്റനോട്ടത്തില്‍ അറിയാം ബലിഷ്ടമായ പല്ലുകള്‍ ആഴത്തില്ലിറങ്ങിയ കഴുത്ത് കണ്ടാല്‍. കൊന്നത് മാറ്റരുമല്ല, കഴിഞ്ഞയാഴ്ച തമിഴ്നാട്ടില്‍ ഒരു മനുഷ്യനെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയ കടുവയാണ് ഇതും ചെയ്തത്.

അന്ന് കവലയില്‍ മുഴുവനും ഇത് തന്നെയായിരുന്നു ചൂടുള്ള ചര്ച്ച. ചായകടക്കാരന്‍ സെയ്തുവിന് അന്ന് പിടിപ്പിന് കച്ചവടമായിരുന്നു. സുഗിയനും, ബോണ്ടയും, ദില്‍കുഷും എന്നുവേണ്ട എല്ലാ പലഹാരങ്ങളും അലമാരിയില്‍ നിന്നു അപ്രത്യക്ഷമായി. എല്ലാ ദിവസവും പുലിയെറങ്ങട്ടെ എന്നു സെയ്തു  പ്രാര്‍ഥിച്ചു  കാണും.

ഹര്‍ത്താലും, ഓണവും, ബക്രീദും, കൃസ്ത്മസും എല്ലാം തന്നെ മദ്യപിച്ച് ആഘോഷിക്കുന്ന മലയാളി, ഇതും ആഘോഷമാക്കി മാറ്റി. ആഘോഷങ്ങള്‍ക്കു ആക്കം കൂടാനെന്ന വണ്ണം അന്ന് വൈകീട്ട് തന്നെ പിറ്റേന്നക്കുള്ള ഹര്‍ത്താല്‍ ആഹ്വാനവും വന്നു. ആവശ്യത്തിനുള്ള മദ്യം സ്വരൂപിക്കാനുള്ള നെട്ടോട്ടമാണ് പിന്നീട് കണ്ടത്.

പശുവിനെ നഷ്ടപ്പെട്ട മലയാളിയും , മനുഷ്യനെ നഷ്ടപ്പെട്ട തമിഴനും ഒരേപോലെ തന്നെ പുലിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചു. രണ്ട് സംസ്ഥാനസര്‍ക്കാരുകളും അവരുടെ വനപാലകരും പുലിക്ക് വേണ്ടിയുള്ള യക്‍നം തുടങ്ങി. അന്വേഷണം ഓരോ ദിവസം പിന്നിടിന്തോറും ജനങ്ങള്‍ പരിഭ്രാന്തരും ഒപ്പം അക്ഷമരും ആയി തുടങ്ങി. ജനകീയ പ്രക്ഷോഭങ്ങള്‍ വനപാലകര്‍ക്കും നിയമപാലകര്‍ക്കും ഒരു തലവേദനയായി തീര്‍ന്നു.

കവലയില്‍ ജൌളികട നടത്തുന്ന തോമാച്ചന്റ്റെ പ്രധാനവിനോദമാണ് നാട്ടിലെ അനാശാസ്യങ്ങളുടെ കണക്ക് വെക്കുക. അക്കൂട്ടത്തില്‍ ഗള്‍ഫുകാരുടെ ഭാര്യമാരുടെ നിത്യസന്ദര്‍ശകരും, പ്രധാനപണക്കാരുടെ വെപ്പാട്ടിമാരും , യുവകമിതാക്കളും എല്ലാം ഉള്‍പ്പെടും. ഇതെല്ലാം കേള്‍ക്കാന്‍ വരുന്ന ആളുകള്‍ക്ക് സൂത്രത്തില്‍ ജൌളി ഇനങ്ങള്‍ വില്‍ക്കുക എന്നത് തോമാച്ചന്റെ ഒരു കരവിരുത് തന്നെയായിരുന്നു. തന്റെ കഥകളിലെ ത്രസിപ്പിക്കുന്ന ഭാഗങ്ങള്‍ ഒരു അപസര്‍പ്പകകഥയിലെ അന്ത്യരംഗം  പോലെ കാത്തുസൂക്ഷിച്ച് , അത് കേള്‍ക്കണമെങ്കില്‍ തുണി മേടിക്കുക എന്ന തരത്തില്‍ കൊണ്ടെത്തിച്ച് തോമാച്ചന്‍ ധാരാളം പണം കൊയ്തു.

കോഴികളെ മക്കളെപ്പോലെ സ്നേഹിച്ചിരുന്ന പ്രഭാകരന്‍ അവയുടെ വിയോചനത്തില്‍ വിറളി പൂണ്ട് , ഊന്ന് വടി വെലിച്ചെറിഞ്ഞു, തന്റെ ചട്ടുകാല്‍ നീട്ടിവെലിച്ച് വീട്ടിലേക്ക് നടന്നു. പണ്ടെങ്ങോ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി കാക്കുമ്പോള്‍, ഗൂര്‍ഖ നാഷണല്‍ ലിബറെഷന്‍ ഫ്രണ്‍ന്‍റ്  എന്ന സംഘടനക്കാരെന്ന് പറയുന്നു, അവര്‍ നിക്ഷേപിച്ചിരുന്ന ലാന്ഡ് മൈനില്‍ തട്ടിയ സൈന്യത്തിന്റെ വാഹനം പൊട്ടിച്ചിതറുകയും അതിനുള്ളില്‍ ഉണ്ടായിരുന്ന ഒരു ഡസനിലധികം പട്ടാളക്കാര്‍ തല്‍ക്ഷ്ണം മരിക്കുകയും ചെയ്തു. കേവലം രണ്ടുപേര്‍ മാത്രമാണു പരിക്കുകളോടെയായാലും രക്ഷപ്പെട്ടത്. വലതുകാലിന്റെ പത്തി അടര്‍ന്ന് പോയെങ്കിലും പ്രഭാകരന്‍ ജീവനോടെ രക്ഷപ്പെടുകയുണ്ടായത്. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ അന്ന് മുതല്‍ പെന്‍ഷനനില്‍ പ്രവേശിച്ചതാണ്. അന്നയാള്‍ക്ക് ഒരു നാല്പതു വയസ്സു കാണും.

ഭാര്യയും മകനുമായി അന്ന് നാട്ടില്‍ എത്തി പതിച്ചു കിട്ടിയ ഭൂമിയില്‍ കൃഷി തുടങ്ങിയതാണ്. വയനാടിന്റെ സുന്ദരഭൂമിയില്‍ കാപ്പിയും, ഏലവും, കുരുമുളകും പട്ടാളക്കാരന്‍റെയും  ഭാര്യയുടെയും ചൊല്‍പ്പടിക്ക് നിന്നു. നന്നായി പഠിക്കുന്ന മകന്‍ സോഫ്റ്റ്വെയര്‍ പഠിച്ചു അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ , ഭിന്നശേഷിക്കാരന്‍ ആയതിന് ശേഷം അയാള്‍ ആദ്യമായി സന്തോഷിച്ചു. പക്ഷേ അത് അധികം നീണ്ടുനിന്നില്ല.

കാപ്പി പറിക്കുന്നതിന്നിടയില്‍ സര്‍പ്പദ്ധ്വംസനമേറ്റു ഭാര്യ ദേവകി അധികം താമസിയാതെ യാത്രയായി. അമേരിക്കയുടെ സുഖലോലുപതയില്‍ മുഴുകി കഴിഞ്ഞിരുന്ന മകന്‍ മരണക്രിയകള്‍ കഴിഞ്ഞു യാത്രയായി . അച്ഛന്‍ കൂടെ പോരുന്നോ എന്നു അവന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ പരിഷ്കാരിയായ ഭാര്യയുടെ ഒറ്റ നോട്ടത്തിന് മുന്‍പ്പില്‍ അവന്‍ ചൂളിപോയി.

ഒരു സട കുഴഞ്ഞ സിംഹത്തിന്റേത് പോലെ പട്ടാളക്കാരന്റെ ശിഷ്ട ജീവിതം പിന്നേയും ബാക്കിയായി. രാവിലെയുള്ള ജനസംസര്‍ഗവും , വലിച്ചു നീട്ടിയ പത്രവായനയും, ക്ഷേത്രപ്രവര്‍ത്തനങ്ങളും, പിന്നെ കോഴികളുമായിരുന്നു ആ സാധു ജീവിതത്തില്‍ അവശേഷിച്ചിരുന്നത്. മാസത്തിലൊരിക്കല്‍  പെന്‍ഷന്‍ കൊണ്ടുവരുന്ന പൊസ്ട്മാനെയും, ആഴ്ചയിലൊരിക്കല്‍ വരുന്ന മകന്റെ ഫോണ്‍വിളിയെയും കാത്തു കിടക്കുന്ന ജീവിതം. പണ്ടുണ്ടായിരുന്ന കൃഷിയും കൃഷിയിടങ്ങളുമൊക്കെ വെറും സ്മരണകളായി തീര്‍ന്നിരുന്നു. പേരിന് കുറച്ചു പച്ചകൃഷി ബാക്കി വെച്ച് എല്ലാം തന്നെ അയാള്‍ വിറ്റിരുന്നു.

ദിവസവും മുറികള്‍ വൃത്തിയാക്കുവാന്‍ വരുന്ന സരസുവും, വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന മകനുമൊഴിച്ചാല്‍ ആരും തന്നെ ആ വീടിന്റെ എല്ലാ മുറികളും കാണാറില്ല. മുറ്റത്തിട്ടിരിക്കുന്ന ചാരുകസേരയും , അകത്തുള്ള കട്ടിലും, അടുക്കളയും മാത്രമായിരുന്നു അയാളുടെ വിഹാരകേന്ദ്രങ്ങള്‍.

നാല് ദിവസമായിട്ടും അയാളെ കാണാത്തതിനാല്‍ പാല്‍ക്കാരനാണ് ആദ്യം സംശയം ഉന്നയിച്ചത്. മകന്‍ വന്നിട്ട് എവിടെയെങ്കിലും പോയതാണോ എന്നായിരുന്നു അയാളുടെ സംശയം. മുറ്റത്തു മൂന്നു നാലു ദിവസമായിട്ടുള്ള പത്രങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു. അപ്പോഴാണ് സരസു ചുമ കൂടിയതിനാല്‍ കിടപ്പിലാണെന്നും, അതായിരിക്കാം പത്രങ്ങള്‍ പുറത്തു കിടക്കുന്നത് എന്ന അഭിപ്രായം പച്ചക്കറിക്കാരന്‍ ദാമു പറഞ്ഞത്. “”എന്നാല്‍ പിന്നെ പ്രഭാകരന്‍ എവിടെ പോയി?, മകന്‍  വന്നിട്ടുണ്ടെങ്കില്‍  അറിഞ്ഞേനെ നമ്മള്‍”, എല്ലാ വര്‍ഷവും സ്കോച്ച് കുപ്പി ഏറ്റുവാങ്ങുന്ന വൈദ്യുതി ലൈന്‍ മാന്‍ ആണ് അത് പറഞ്ഞത്. അടുത്ത് നില്‍ക്കുന്ന തെങ്ങ് കയറ്റകാരന്‍ വാസുവിനെ കൂടി ഉദേശിച്ചതാണ് അയാള്‍. വാസു തല കുലുക്കുകയും ചെയ്തു.

നീട്ടിയുള്ള വിളിക്കള്‍ക്കു ഉത്തരം കിട്ടാതെ വന്നപ്പോള്‍ നൊടിയിടയില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ആളെ വരുത്തി. ആള്‍ക്കൂട്ടം കണ്ടു നില്‍ക്കെ വാതില്‍ വെട്ടിപ്പൊളിച്ച പോലീസിന്റെയും ആളുകളുടെയും മൂക്കുകള്‍ പൊത്തിക്കുന്ന ദുര്‍ഗന്ധമാണ് വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വമിച്ചത്.  ഒപ്പം നാടിനെ നടുക്കുന്ന ഒരു ഗര്‍ജ്ജനവും.

 

Copyright – V T Rakesh

26/03/2020

 

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s